ശനിയാഴ്‌ച, ജനുവരി 15, 2011

കാണേണ്ട പടം : അച്ഛന്‍

അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ കണ്ടു, ഇന്ന് (ജനുവരി 14) വൈകുന്നേരം കോഴിക്കോട് ശ്രീയില്‍ നിന്ന്.

സിനിമ കഴിഞ്ഞപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നൊരാള്‍ എഴുന്നേറ്റുവന്ന്‌ പറഞ്ഞു: "ഞാനാണ് ഈ സിനിമയുടെ സംവിധായകന്‍. ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ രണ്ടുപേരോടുകൂടി  ഈ സിനിമ നാളെ കാണാന്‍ പറയണം. നാളെ ഹോള്‍ഡ്‌ ഓവറാണ് എന്ന് പറയുന്നു. അപ്പോള്‍ നാളെ കൂടിയേ ഇത് കാണാന്‍ പറ്റൂ.."അദ്ദേഹത്തിന്‍റെ കൂടെ പടത്തിന്‍റെ നിര്‍മ്മാതാവ് ലൂസിയാമ്മയും  ഉണ്ടായിരുന്നു. ഒന്നുരണ്ടു സുഹൃത്തുക്കളും. അവരെല്ലാവരും -- അലി അക്ബര്‍ വിശേഷിച്ചും -- വളരെയധികം മാനസികസംഘര്‍ഷം അനുഭവിക്കുന്നതായി തോന്നി. അദ്ദേഹം പിന്നെയും കാണികളോട് യാചിച്ചുകൊണ്ടിരുന്നു. ഭാര്യ കൂടിയായ ലൂസിയാമ്മ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പുറത്തിറങ്ങിയ ഞങ്ങള്‍ കൈരളിയില്‍ നിന്ന് ട്രാഫിക്‌ കണ്ടു വരുന്നവരുടെ പ്രളയത്തില്‍ മുങ്ങിപ്പോയി.

ഇതെനിക്ക് ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു. അച്ഛന്‍ റിലീസ് ചെയ്യാന്‍ കുറച്ച്‌ പ്രശ്നങ്ങളൊക്കെ ഉണ്ടായി എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. നെറ്റില്‍ കുറച്ചൊരു തപ്പ് തപ്പിയതില്‍ നിന്ന് കുറച്ചുകൂടി വിവരങ്ങള്‍ കിട്ടി:

"തിലകനെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ ലഭിച്ചു. തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാവ് മരണം വരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു.. ഒരാഴ്ചയാണ് പ്രദര്‍ശനസമയമായി അനുവദിച്ചിട്ടുള്ളത്.."(തിലകന്‍റെ അച്ഛന് ഒരാഴ്ചത്തെ സമയം മാത്രം)

"..ആറുമാസം മുമ്പുതന്നെ കെഎഫ്ഡിസിയുടെ എല്ലാതീയറ്ററുകളും ബുക്ക് ചെയ്ത തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മൂന്ന് തീയറ്ററുകള്‍ മാത്രമാണെന്നും അലി അക്ബര്‍ വെളിപ്പെടുത്തി.."(തിലകനെതിരെ ഗൂഡാലോചന: അലി അക്ബര്‍‍)"..കേരളത്തില്‍ സിനിമാ മേഖലയില്‍ ആയിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അതില്‍ 100 തൊഴിലാളികള്‍ക്കെങ്കിലും ജോലിയുണ്ടോയെന്ന് സംശയമാണ്. തൊള്ളായിരത്തിലധികം പേര്‍ വെറുതെയിരിക്കുകയാണ്. ഞങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിനെക്കുറിച്ച് ചോദിക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്.."

"..ഇപ്പോള്‍തന്നെ നോക്കു, തമിഴും തെലുങ്കും ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്നു പറയുന്നതെന്തിനാണ്? എന്തിനാണ് ഇവര്‍ അന്യഭാഷാ ചിത്രങ്ങളെ ഭയപ്പെടുന്നത്? അവരുടെ പടം ഓടില്ല എന്ന ഭയംകൊണ്ടല്ലേ അത്.."

"..സെറ്റില്‍ ജഗതിയെ ആശാരി എന്നു വിളിച്ച് കളിയാക്കുന്നത് ഞാന്‍ എന്റെ ചെവികൊണ്ട് തന്നെ എത്രയോ തവണ കേട്ടിട്ടുണ്ട്. തിലകനും അത് അനുഭവിച്ചിട്ടുണ്ട്. ഇതൊന്നും നിഷേധിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇതൊക്കെ ഉള്ള കാര്യങ്ങളാണ്. നേരത്തെയുണ്ടായിരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ആ ഗ്രൂപ്പിന്റെ അപ്രമാദിത്യം കാണാം.

സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ വളരെ രസകരമായ കാര്യങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും വലിയ ഹിറ്റായിട്ടുള്ള സിനിമകളിലൊന്ന് ജഗതിയും മോഹന്‍ലാലും അഭിനയിച്ച പ്രിയദര്‍ശന്റെ കിലുക്കമാണ്. കിലുക്കത്തിന്റെ വിജയത്തില്‍ ജഗതിക്ക് കാര്യമായ പങ്കുണ്ടെന്ന് പറഞ്ഞതോടെയാണ് ജഗതിയെ മാറ്റി നിര്‍ത്താന്‍ തുടങ്ങിയത്. നരസിംഹം എന്ന സിനിമ വരെ ജഗതിയില്ലായിരുന്നു. മുഴുവനായി മാറ്റി നിര്‍ത്തി.."

"..വിനയന്റെ പടത്തില്‍ അഭിനയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് തിലകന് വിലക്കേര്‍പ്പെടുത്തിയത്. അമ്മയാണ് വിലക്കിയത്.."

"..തിലകന്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഹാര്‍ട്ട് സ്‌ട്രോക്കൊക്കെ വന്ന് ശസ്ത്രക്രിയ നടന്ന ആളാണ്. അത്തരമാളുകള്‍ക്ക് ക്ഷോഭം കൂടുതലായിരിക്കും..

..ഭയങ്കരമായി സംഘര്‍ഷം നിറഞ്ഞ ഒരു മനുഷ്യനാണ് തിലകന്‍. ഇപ്പോഴദ്ദേഹത്തിന് കാര്യമായ വരുമാനവുമില്ലാതായി. അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് നോക്കിയാലറിയാം. ഇനി എവിടുന്നാണ് ജീവിക്കാനുള്ള പണമെന്നത് ഒരു വലിയ ചോദ്യമാണ്. സീരിയലുകളില്‍ അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അതും മുടക്കി. എല്ലാ വഴികളും മുട്ടുമ്പോള്‍ പിന്നെ മനുഷ്യസഹജമായ പ്രതികരണം ഉണ്ടാവും. അതു മാത്രമേ തിലകനും ചെയ്തിട്ടുള്ളൂ.."

(അലി അക്ബര്‍ സംസാരിക്കുന്നു, Dool ന്യൂസ്‌).

ഈ അഭിമുഖത്തില്‍ പറയുന്നത് മുഴുവന്‍ സമനില നഷ്ടപ്പെട്ട ഒരു സംവിധായകന്‍റെ ജല്‍പ്പനങ്ങളാണെന്ന് വിശ്വസിക്കുക പ്രയാസം. മുഖമുദ്ര, ജൂനിയര്‍ മാന്‍ഡ്രേക്ക് ഒക്കെ നമ്മള്‍ ആസ്വദിച്ചതാണ്. ആ തരത്തിലുള്ള ഒരു എന്‍റര്‍ടെയിനര്‍ അല്ലെങ്കിലും  ആരും കാണേണ്ടതില്ല/കാണില്ല എന്ന് പറഞ്ഞ്‌ റിലീസ് ചെയ്യാതിരിക്കേണ്ട ഒരു പടമല്ല തന്നെ ഇത്.

അതുകൊണ്ടുതന്നെ അച്ഛന്‍ കാണേണ്ട പടമാണ്‌.

(പടം കളിക്കുന്നത് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ശ്രീ തിയേറ്ററുകളില്‍).

   *    *    *

PS : ആശയപരമായി എനിക്കീ സിനിമയോട് വിയോജിപ്പുണ്ട്, എന്‍റെ കൂടെ പടം കണ്ട എന്‍റെ ഭാര്യ ബേനയ്ക്കും. വൃദ്ധസദനം എന്നാല്‍ എന്തോ ജയിലാണെന്നും വിദേശത്തോ ദൂരനഗരങ്ങളിലോ പോയി ജോലി ചെയ്യുന്നവര്‍ അച്ഛനമ്മമാരോട് ചെയ്യുന്നത് കൊടും പാതകമാണെന്നും ഉള്ള (പല മലയാളികളുടെയും മനസ്സില്‍ ആഴത്തില്‍ വേരോട്ടമുളള) സങ്കല്‍പ്പമാണ് ഈ സിനിമയുടെയും കാതല്‍.  മലയാളത്തില്‍ പദ്മരാജന്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയില്‍ തുടങ്ങിവച്ചതും  പിന്നീട് കരുണം (മാടമ്പ് കുഞ്ഞിക്കുട്ടന്‍ / ജയരാജ്) അടക്കം പല പടങ്ങളിലും കൂടി ആണിയടിച്ചുറപ്പിച്ചതുമാണ് ഈ ആശയം. സന്തോഷമായി വൃദ്ധസദനത്തില്‍ കഴിയുന്നവരെ ഏതെങ്കിലുമൊക്കെ മലയാളം സിനിമയില്‍ കണ്ടിട്ട് മരിച്ചാല്‍ മതി എനിക്ക്. (അമ്മക്കിളിക്കൂട് ഏതാണ്ടീ വിധത്തില്‍ ഒരു ശ്രമം നടത്തിയത് ശ്ലാഘനീയമാണ്.)

[ഇമേജ് : അലി അക്ബര്‍ -- Dool ന്യൂസ്‌]