ശനിയാഴ്‌ച, ജനുവരി 15, 2011

കാണേണ്ട പടം : അച്ഛന്‍

അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ കണ്ടു, ഇന്ന് (ജനുവരി 14) വൈകുന്നേരം കോഴിക്കോട് ശ്രീയില്‍ നിന്ന്.

സിനിമ കഴിഞ്ഞപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നൊരാള്‍ എഴുന്നേറ്റുവന്ന്‌ പറഞ്ഞു: "ഞാനാണ് ഈ സിനിമയുടെ സംവിധായകന്‍. ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ രണ്ടുപേരോടുകൂടി  ഈ സിനിമ നാളെ കാണാന്‍ പറയണം. നാളെ ഹോള്‍ഡ്‌ ഓവറാണ് എന്ന് പറയുന്നു. അപ്പോള്‍ നാളെ കൂടിയേ ഇത് കാണാന്‍ പറ്റൂ.."അദ്ദേഹത്തിന്‍റെ കൂടെ പടത്തിന്‍റെ നിര്‍മ്മാതാവ് ലൂസിയാമ്മയും  ഉണ്ടായിരുന്നു. ഒന്നുരണ്ടു സുഹൃത്തുക്കളും. അവരെല്ലാവരും -- അലി അക്ബര്‍ വിശേഷിച്ചും -- വളരെയധികം മാനസികസംഘര്‍ഷം അനുഭവിക്കുന്നതായി തോന്നി. അദ്ദേഹം പിന്നെയും കാണികളോട് യാചിച്ചുകൊണ്ടിരുന്നു. ഭാര്യ കൂടിയായ ലൂസിയാമ്മ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പുറത്തിറങ്ങിയ ഞങ്ങള്‍ കൈരളിയില്‍ നിന്ന് ട്രാഫിക്‌ കണ്ടു വരുന്നവരുടെ പ്രളയത്തില്‍ മുങ്ങിപ്പോയി.

ഇതെനിക്ക് ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു. അച്ഛന്‍ റിലീസ് ചെയ്യാന്‍ കുറച്ച്‌ പ്രശ്നങ്ങളൊക്കെ ഉണ്ടായി എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. നെറ്റില്‍ കുറച്ചൊരു തപ്പ് തപ്പിയതില്‍ നിന്ന് കുറച്ചുകൂടി വിവരങ്ങള്‍ കിട്ടി:

"തിലകനെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ ലഭിച്ചു. തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാവ് മരണം വരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു.. ഒരാഴ്ചയാണ് പ്രദര്‍ശനസമയമായി അനുവദിച്ചിട്ടുള്ളത്.."(തിലകന്‍റെ അച്ഛന് ഒരാഴ്ചത്തെ സമയം മാത്രം)

"..ആറുമാസം മുമ്പുതന്നെ കെഎഫ്ഡിസിയുടെ എല്ലാതീയറ്ററുകളും ബുക്ക് ചെയ്ത തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മൂന്ന് തീയറ്ററുകള്‍ മാത്രമാണെന്നും അലി അക്ബര്‍ വെളിപ്പെടുത്തി.."(തിലകനെതിരെ ഗൂഡാലോചന: അലി അക്ബര്‍‍)"..കേരളത്തില്‍ സിനിമാ മേഖലയില്‍ ആയിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അതില്‍ 100 തൊഴിലാളികള്‍ക്കെങ്കിലും ജോലിയുണ്ടോയെന്ന് സംശയമാണ്. തൊള്ളായിരത്തിലധികം പേര്‍ വെറുതെയിരിക്കുകയാണ്. ഞങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിനെക്കുറിച്ച് ചോദിക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്.."

"..ഇപ്പോള്‍തന്നെ നോക്കു, തമിഴും തെലുങ്കും ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്നു പറയുന്നതെന്തിനാണ്? എന്തിനാണ് ഇവര്‍ അന്യഭാഷാ ചിത്രങ്ങളെ ഭയപ്പെടുന്നത്? അവരുടെ പടം ഓടില്ല എന്ന ഭയംകൊണ്ടല്ലേ അത്.."

"..സെറ്റില്‍ ജഗതിയെ ആശാരി എന്നു വിളിച്ച് കളിയാക്കുന്നത് ഞാന്‍ എന്റെ ചെവികൊണ്ട് തന്നെ എത്രയോ തവണ കേട്ടിട്ടുണ്ട്. തിലകനും അത് അനുഭവിച്ചിട്ടുണ്ട്. ഇതൊന്നും നിഷേധിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇതൊക്കെ ഉള്ള കാര്യങ്ങളാണ്. നേരത്തെയുണ്ടായിരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ആ ഗ്രൂപ്പിന്റെ അപ്രമാദിത്യം കാണാം.

സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ വളരെ രസകരമായ കാര്യങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും വലിയ ഹിറ്റായിട്ടുള്ള സിനിമകളിലൊന്ന് ജഗതിയും മോഹന്‍ലാലും അഭിനയിച്ച പ്രിയദര്‍ശന്റെ കിലുക്കമാണ്. കിലുക്കത്തിന്റെ വിജയത്തില്‍ ജഗതിക്ക് കാര്യമായ പങ്കുണ്ടെന്ന് പറഞ്ഞതോടെയാണ് ജഗതിയെ മാറ്റി നിര്‍ത്താന്‍ തുടങ്ങിയത്. നരസിംഹം എന്ന സിനിമ വരെ ജഗതിയില്ലായിരുന്നു. മുഴുവനായി മാറ്റി നിര്‍ത്തി.."

"..വിനയന്റെ പടത്തില്‍ അഭിനയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് തിലകന് വിലക്കേര്‍പ്പെടുത്തിയത്. അമ്മയാണ് വിലക്കിയത്.."

"..തിലകന്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഹാര്‍ട്ട് സ്‌ട്രോക്കൊക്കെ വന്ന് ശസ്ത്രക്രിയ നടന്ന ആളാണ്. അത്തരമാളുകള്‍ക്ക് ക്ഷോഭം കൂടുതലായിരിക്കും..

..ഭയങ്കരമായി സംഘര്‍ഷം നിറഞ്ഞ ഒരു മനുഷ്യനാണ് തിലകന്‍. ഇപ്പോഴദ്ദേഹത്തിന് കാര്യമായ വരുമാനവുമില്ലാതായി. അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് നോക്കിയാലറിയാം. ഇനി എവിടുന്നാണ് ജീവിക്കാനുള്ള പണമെന്നത് ഒരു വലിയ ചോദ്യമാണ്. സീരിയലുകളില്‍ അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അതും മുടക്കി. എല്ലാ വഴികളും മുട്ടുമ്പോള്‍ പിന്നെ മനുഷ്യസഹജമായ പ്രതികരണം ഉണ്ടാവും. അതു മാത്രമേ തിലകനും ചെയ്തിട്ടുള്ളൂ.."

(അലി അക്ബര്‍ സംസാരിക്കുന്നു, Dool ന്യൂസ്‌).

ഈ അഭിമുഖത്തില്‍ പറയുന്നത് മുഴുവന്‍ സമനില നഷ്ടപ്പെട്ട ഒരു സംവിധായകന്‍റെ ജല്‍പ്പനങ്ങളാണെന്ന് വിശ്വസിക്കുക പ്രയാസം. മുഖമുദ്ര, ജൂനിയര്‍ മാന്‍ഡ്രേക്ക് ഒക്കെ നമ്മള്‍ ആസ്വദിച്ചതാണ്. ആ തരത്തിലുള്ള ഒരു എന്‍റര്‍ടെയിനര്‍ അല്ലെങ്കിലും  ആരും കാണേണ്ടതില്ല/കാണില്ല എന്ന് പറഞ്ഞ്‌ റിലീസ് ചെയ്യാതിരിക്കേണ്ട ഒരു പടമല്ല തന്നെ ഇത്.

അതുകൊണ്ടുതന്നെ അച്ഛന്‍ കാണേണ്ട പടമാണ്‌.

(പടം കളിക്കുന്നത് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ശ്രീ തിയേറ്ററുകളില്‍).

   *    *    *

PS : ആശയപരമായി എനിക്കീ സിനിമയോട് വിയോജിപ്പുണ്ട്, എന്‍റെ കൂടെ പടം കണ്ട എന്‍റെ ഭാര്യ ബേനയ്ക്കും. വൃദ്ധസദനം എന്നാല്‍ എന്തോ ജയിലാണെന്നും വിദേശത്തോ ദൂരനഗരങ്ങളിലോ പോയി ജോലി ചെയ്യുന്നവര്‍ അച്ഛനമ്മമാരോട് ചെയ്യുന്നത് കൊടും പാതകമാണെന്നും ഉള്ള (പല മലയാളികളുടെയും മനസ്സില്‍ ആഴത്തില്‍ വേരോട്ടമുളള) സങ്കല്‍പ്പമാണ് ഈ സിനിമയുടെയും കാതല്‍.  മലയാളത്തില്‍ പദ്മരാജന്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയില്‍ തുടങ്ങിവച്ചതും  പിന്നീട് കരുണം (മാടമ്പ് കുഞ്ഞിക്കുട്ടന്‍ / ജയരാജ്) അടക്കം പല പടങ്ങളിലും കൂടി ആണിയടിച്ചുറപ്പിച്ചതുമാണ് ഈ ആശയം. സന്തോഷമായി വൃദ്ധസദനത്തില്‍ കഴിയുന്നവരെ ഏതെങ്കിലുമൊക്കെ മലയാളം സിനിമയില്‍ കണ്ടിട്ട് മരിച്ചാല്‍ മതി എനിക്ക്. (അമ്മക്കിളിക്കൂട് ഏതാണ്ടീ വിധത്തില്‍ ഒരു ശ്രമം നടത്തിയത് ശ്ലാഘനീയമാണ്.)

[ഇമേജ് : അലി അക്ബര്‍ -- Dool ന്യൂസ്‌]

10 അഭിപ്രായങ്ങൾ:

Sudeep പറഞ്ഞു...

കിരണ്‍ : "മാഷേ നന്ദി ഈ പരിചയപ്പെടുത്തലിന്..അച്ഛന്റെ കൂടുതൽ വിവരങ്ങൾ തരാമോ ? നമ്മുടെ ഡാറ്റാബേസിൽ ഉൾക്കൊള്ളിക്കാം.."

ഹരീ : "അലി അക്ബറിന്റെ തൊട്ടു മുന്‍പുള്ള ചിത്രം 'സീനിയര്‍ മാന്‍ഡ്രേക്ക്' കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല"

സുദീപ് : "I avoided Senior Mandrake."

ശ്രീജിത്ത് ഡി : "സുദീപ്, നന്നായി, ഇത്തരമൊരു പോസ്റ്റ്‌ ഇട്ടതിനു. സിനിമ നല്ലതോ മോശമോ എന്തോ ആയിക്കോട്ടെ, റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല, വിലക്കുന്നു, തുടങ്ങിയിട്ടുള്ള കാടത്തങ്ങള്‍ക്ക് എതിരെ ഏതെങ്കിലും ഒക്കെ ചെയ്യേണ്ടതാണ്."


പ്രദീപ്‌ ബാലകൃഷ്ണന്‍ : "നരസിംഹം പടത്തില്‍ ജഗതി അഭിനയിച്ചിട്ടുണ്ടല്ലോ..! നരസിംഹം എന്ന സിനിമ വരെ ജഗതിയില്ലായിരുന്നു Not clear.."

പ്രദീപ്‌ ബാലകൃഷ്ണന്‍ : ""ഞാനാണ് ഈ സിനിമയുടെ സംവിധായകന്‍. ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ രണ്ടുപേരോടുകൂടി ഈ സിനിമ നാളെ കാണാന്‍ പറയണം. നാളെ ഹോള്‍ഡ്‌ ഓവറാണ് എന്ന് പറയുന്നു. അപ്പോള്‍ നാളെ കൂടിയേ ഇത് കാണാന്‍ പറ്റൂ..
:("

ശ്രീജിത്ത് ഡി : "ഒരു സുഹൃത്തു പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യമുണ്ട്‌. സംവിധായകന്‍ പവിത്രനെ കുറിച്ചായതുകൊണ്ട്‌ സത്യമാണോ പ്രചരിക്കപ്പെട്ടിട്ടുള്ള ആയിരം കഥകളിലൊന്നാണോ എന്നറിയില്ല. ഉപ്പ്‌ എന്ന ചിത്രത്തിന്‌ ശേഷം മലയാളം ഫിലിം ഇന്‍ഡസ്‌ട്രിക്കും പ്രേക്ഷകര്‍ക്കും പവിത്രന്‍ എന്ന്‌ കേള്‍ക്കുന്നതേ ചതുര്‍ഥി. ആ കാലത്ത്‌ പവിത്രന്റെ പഴയശിഷ്യന്‍ മമ്മൂട്ടിയും മറ്റ്‌ സൂഹൃത്തുക്കളും സഹായിക്കാന്‍ പുറപ്പടുന്നു. അങ്ങനെയാണ്‌ `ഉത്തരം' എന്ന ചിത്രത്തിന്റെ ജനനം. പോസ്റ്ററുകളിലെല്ലാം മമ്മൂട്ടിയുടെ സിനിമ, എം.ടിയുടെ സ്‌ക്രിപ്‌റ്റ്‌, വൈശാലി ഫെയിം സുപര്‍ണ എന്നൊക്കയേയുള്ളൂ, പവിത്രത്തിന്റെ പേര്‌ അപ്രസക്തം. സിനിമയിറങ്ങുന്ന ദിവസം ഒരു മമ്മൂട്ടി, സുകുമാരന്‍ സിനിമയുടെ ഇന്‍ഷ്യല്‍ ഉണ്ട്‌. അത്‌ കണ്ട്‌ മുറുക്കി ചുവപ്പിച്ച്‌ പവിത്രന്‍ എറണാകുളം ഷേണായീസ്‌ തീയേറ്ററിന്റെ പുറത്ത്‌ നില്‍ക്കുന്നു. അപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ പോസ്റ്റര്‍ സാകൂതം നോക്കി നില്‍ക്കുകയാണ്‌. താഴെ ചെറുതായി എഴുതിയിരിക്കുന്ന സംവിധായകന്റെ പേര്‌ ഈ ചെറുപ്പക്കാരന്‍ സൂക്ഷിച്ചുവായിക്കാന്‍ ശ്രമിക്കുമ്പോള്‍ പവിത്രന്‍ പുറത്തുചെന്ന്‌ ചെറുതായി ഒരു തള്ളല്‍ കൊടുത്തിട്ട്‌ പറഞ്ഞത്രേ!: 'എന്തിനാടാ സംവിധായകന്റെ പേരൊക്കെ വായിക്കുന്നത്‌, മമ്മൂട്ടിയുടെ സിനിമയല്ലേ, അതുപോയി കണ്ടാപ്പോരേ'- എന്ന്‌"

ആസിഫ് അബ്ദുല്‍ ഖാദര്‍ : "whatever initial pull it had, the movie was a boxoffice debacle..."

പ്രിയ ജി : "ഈ സിനിമയുടെ പ്രദര്ശനത്തെ കുറിച്ചെന്തെങ്കിലും അപ്ഡേറ്റ്സ് അറിയുമോ?"

സുദീപ് : "പ്രദീപ്‌, നരസിംഹം വരെ മാറ്റിനിര്‍ത്തി എന്ന് പറയുന്നത് നരസിംഹത്തില്‍ അഭിനയിച്ചു എന്നതുകൊണ്ടാണ്.

Sreejith, thanks for the Utharam story :)"

Sudeep പറഞ്ഞു...

കിരണ്‍, Wikipedia Link. Directed and edited by Ali Akbar, Music: Aleena Ali Akbar. Screenplay : S R Raveendran (based on a drama by himself).

പ്രദീപ്‌, അലി അക്ബര്‍ നല്‍കിയ ഇന്റര്‍വ്യൂവിന്‍റെ പൂര്‍ണ്ണരൂപം ഇവിടെ: http://www.doolnews.com/malayalam-film-director-ali-akbars-interview.html

Ambi പറഞ്ഞു...

ഗൂഗിള്‍ കണ്ടന്റ് വാണിങ്ങ് തരുന്നുണ്ടല്ലോ? ആരാണ് എന്തിനാണ് ഈ ബ്ലോഗ് ഫ്ലാഗ് ചെയ്തത്?

Sudeep പറഞ്ഞു...

അറിയില്ല - ഞാനല്ല :-)

Sudeep പറഞ്ഞു...

Cris writes on Yentha: Ali has every reason to worry about theatres not running his film. He has put a lot into it.

Sudeep പറഞ്ഞു...

The initial comments were from Google Buzz. More comments from Buzz below.

ആസിഫ് അബ്ദുല്‍ ഖാദര്‍ : "എനിക്ക് ശ്രീ അലി അക്ബര്‍ പറഞ്ഞതില്‍ പലകാര്യങ്ങളോടും വിയോജിപ്പുണ്ട്, പ്രധാനമായും വിനയനെക്കുറിച്ചു, വെറും ഒരു കുളിസീന്‍ + മസാല ഫോര്‍മുല പടം പിടുതക്കാരനായ വിനയനെ സംവിധായകനായി അന്ഗീകരിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്.. അയാളുടെ ഇത് വരെ പുറത്തു വന്നതില്‍ ഈ പറഞ്ഞ ഫോര്‍മുല ഇല്ലാത്ത ഒരു പടം പോലും ഇല്ല, പിന്നെ സ്ഥിരമായി കൊറേ അംഗവൈകല്യമുള്ളവേരെയും (വൈകല്യങ്ങളിലെ സിമ്പതി മുതലെടുക്കാന്‍, രാക്ഷസരാജാവിലെയും പാട്ട് ഉദാഹരണം) കേട്ട് കാഴച്ചയായി നിര്‍ത്തും. വാസന്തിയും ലക്ഷ്മിയും... എന്ന ചിത്രത്തിലെ വൈകല്യമുള്ള കഥാപാത്രത്തിന്റെ പ്രാധാന്യം ഒട്ടും വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്... എല്ലാവരെയും വെല്ലു വിളിച്ചുകൊണ്ടു അയാള്‍ എടുത്ത അവസാനം (യക്ഷിയും "വിനയനും") എടുത്ത പടം സത്യത്തില്‍ പടം കാനാനിരുന്നവരോടുള്ള വെല്ലു വിളിയോ അല്ലെങ്കില്‍ അവര്‍ക്കുള്ള ശിക്ഷയോ ആയിപ്പോയി.. യക്ഷിയുടെയും വിനയന്റെയും ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ കാണികള്‍ തിയ്യേറ്റര്‍ വിട്ടോടി രക്ഷപ്പെടുകയായിരുന്നു, അതിനും കുറ്റം പാവം superകള്‍ക്കും producerകും ആയിരുന്നു, എന്നിട്ടും പടം ഹിറ്റന്നും producer കള്ളം പറയുന്നു എന്നുമായിരുന്നു ചൊല്ല്.."

സുദീപ് : "ആസിഫ്, അലി അക്ബര്‍ ആ ഇന്റര്‍വ്യൂ -വില്‍ വിനയനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഇതാണ്: "വിനയന്റെ ഭാഗത്ത് ചിലപ്പോള്‍ തെറ്റുകളുണ്ടാവാം. പറഞ്ഞ കാര്യങ്ങളിലും ചെയ്ത കാര്യങ്ങളിലും പ്രശ്‌നങ്ങളുണ്ടാവാം. അതിലേക്കൊന്നും തല്‍ക്കാലം ഞാന്‍ പോവുന്നില്ല. വിനയന്‍ ഒറ്റക്ക് കളിക്കാന്‍ തുടങ്ങിയിരുന്നു എന്ന കാര്യം സത്യമാണ്. വിനയനൊരു സൂപ്പര്‍ സ്റ്റാറിനെയും വെച്ചായിരുന്നില്ല പടങ്ങളെടുത്തിരുന്നത്. സൂപ്പര്‍ സ്റ്റാറുകളെ വെച്ചും പടങ്ങളെടുത്തിരുന്നു. വിനയന്റെ പടത്തില്‍ മമ്മുട്ടിയൊക്കെ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും സംഘടനയിലും വിനയന്‍ ശ്രദ്ധകേന്ദ്രീകരിച്ചപ്പോള്‍ അത് പൊളിക്കുക എന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ പരിപാടി."

ഇതില്‍ എവിടെയെങ്കിലും വിനയന്‍ ഗംഭീരസംവിധായകന്‍ ആണെന്നോ അയാളുടെ സിനിമകള്‍ മസാലയല്ലെന്നോ പറഞ്ഞിട്ടുണ്ടോ? എനിക്കും വിനയന്റെ സിനിമകള്‍ ഇഷ്ടമല്ല. "ആകാശഗംഗ", "വാസന്തിയും.." എന്നീ രണ്ടു സിനിമകളല്ലാതെ ഒന്നും (ടി വിയില്‍പ്പോലും) കണ്ടിട്ടുമില്ല. അങ്ങേരുടെ പടം ഇഷ്ടമില്ലാത്തവര്‍ കാണണ്ട. അല്ലാതെ അയാള്‍ പിടിച്ച പടം റിലീസ്‌ ചെയ്യാന്‍ പറ്റില്ല, അയാളുടെ പടത്തില്‍ അഭിനയിച്ചയാള്‍ സിനിമയിലെന്നല്ല സീരിയലില്‍ പോലും അഭിനയിക്കാന്‍ പാടില്ല എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ ഞാനും വിനയന്റെ പക്ഷം പിടിച്ചുപോവും."

ശ്രീജിത്ത് ഡി : "ഞാനും സുദീപിനെ പിന്തുണയ്ക്കുന്നു. വിനയന്‍ സിനിമകളെ അക്ഷരാര്‍ഥത്തില്‍ വെറുക്കുന്ന ആളാണ്‌ ഞാന്‍. സിനിമാ പ്രവര്‍ത്തകരെ ചേരി തിരിച്ചു അടിപ്പിക്കാനുള്ള തറ പണികളുമായി ആദ്യമെത്തിയ അയാളെ വ്യക്തിപരമായും എനിക്കിഷ്ടമില്ല. പക്ഷെ, വിനയന്റെ സിനിമ റിലീസ് ചെയ്യുന്നത് തടയുക. അതില്‍ അഭിനയിക്കുന്നവരെ വിലക്കുക, സാങ്കേതിക പ്രവര്‍ത്തകരെ മറ്റു സിനിമകളില്‍ ജോലി ചെയ്യാന്‍ സമ്മതിക്കാതിരിക്കുക, തുടങ്ങിയ ഏര്‍പ്പാടുകള്‍ സംഘടനാ സംവിധാനങ്ങളെ തന്നെ കളിയാക്കുന്നതാണ്. പിന്നെ ആളുകള്‍ കാണുക, തീയേറ്ററില്‍ നിന്നിറങ്ങി ഓടുക എന്നതൊക്കെ ചില സമയത്ത് സാഹചര്യങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്നതാണ്. നേരത്തെ, പറഞ്ഞ പോലെ ഉത്തരം, ഒരു പക്ഷെ അക്കാലത്ത് തീയേറ്ററുകള്‍+ കാണികള്‍ നിഷേധിച്ച ചിത്രമാണ്. പക്ഷെ ഏതാണ്ടിരുപതു വര്‍ഷത്തിനു ഇപ്പുറവും അത് കണ്ടിരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല."

കിരണ്‍ : "സുദീപ് & ശ്രീജിത്ത് ++"

സുദീപ് : "പ്രിയ, മൂന്ന്‌ തിയേറ്ററിലും 4 ഷോ വീതം പ്രദര്‍ശനം തുടരുന്നു എന്നാണ് അറിഞ്ഞത്. ഞായറാഴ്ച മാറിയില്ല എന്നത് നല്ല വാര്‍ത്ത തന്നെ. തിരുവനന്തപുരത്ത്‌ 4 സുഹൃത്തുക്കള്‍ പടം കാണാന്‍ 10 ടിക്കറ്റ് എടുത്തു :-)"

Sudeep പറഞ്ഞു...

Biju Mohan over e-mail: "സിനിമ കാണുക എന്ന പ്രേക്ഷകന്റെ അവകാശത്തിന്റെ കൂടി violation ആണ് അമ്മയുടെ ഈ ഗുണ്ടായിസം. ഒരു തരം മാഫിയ പോലെ ആണ് ഇന്ന് നമ്മുടെ ഫിലിം industry."

Sudeep പറഞ്ഞു...

From Madhyamam : 'അച്ഛന്' തിയറ്ററില്ലെങ്കില്‍ കല്യാണമണ്ഡപത്തില്‍ പ്രദര്‍ശിപ്പിക്കും

Vazhipokkan പറഞ്ഞു...

abhiprayam onnu : Ammayude etharathilulla oru sameepanam prolsahippikkapedan padillathathanu..Thilakan mashine polulla oru nalla abhinethavine vilakkan avakasamullavar malayala cinemayil eni arumilla.!adheham enna vyakthiye thettu kandal vimarsikkam, pakshe adhehathinte kazhivine amgeekarichu kondavanam.

abhiprayam randu : Indirect aayi mathaparamayi oru samoohathe kuttappeduthunna pravanatha amgeekarikkavunnathalla.."thurannezhuthu" vivadangalude chuvadu pidichavaruthu. Malayala Cinemayude adhapathanathinu karanam Nair samudayamanennu polum paranjavarundu..cinema snehikalaya enne polulla pavangal eppozhum John Abrahamineyum,Vaikom Muhammad Basheerineyum, Ouseppachaneyu enthinu Dasettane jeevithathinte bhagamakki abhimanichu nadakkunnavaranu...dayavu cheythu ee varga pravanathaye eniyenkilum prolsahippikkaruthu...oralo randalo avarude arivillayma kondu enthenkilum pravarthichathinte bhalamayi oru samhoohathe kroosikkunnathu mosamanu..

യൂസുഫ്പ പറഞ്ഞു...

മലയാള സിനിമാ വൃന്ദം പാരകളാൽ തീർത്ത തടവറയിലാണ്‌.