ഒരു കഥ ഒറിജിനല്‍ കഥ
പണ്ടു പണ്ട്, 26/11 നും രണ്ടു ദിവസം മുമ്പ് ഒരുച്ചയ്ക്ക്, കൊച്ചി വിമാനത്താവളത്തിലെ പോലീസിനും പട്ടാളത്തിനും ഒരുമണിക്കൂറോളം ചെറുതായിട്ടൊരു പണി കിട്ടി. പണികൊടുത്തതാകട്ടെ, കണ്ടാല്‍ അത്ര അപകടകാരിയാണെന്ന് തോന്നിക്കാത്ത ഒരു മെഷീനും. ചരിത്രം 26/11കളുടേത് മാത്രമല്ല ഇത്തരം ചില ചെറിയ 24/11കളുടേത് കൂടിയാണ് എന്നതുകൊണ്ട് ആ കഥ ഇവിടെ എഴുതപ്പെടുകയാണ്. നാലുമണിക്കാണു വിമാനം. ഡിപ്പാര്‍ചര്‍ സമയം 16:10. അങ്കമാലിക്ക് എപ്പോഴും വണ്ടിയില്ലാത്തതുകൊണ്ട് രാവിലെത്തന്നെ പരശുറാം എക്സ്പ്രസ്സിനു കയറിയ ഞാന്‍ രണ്ടേകാലായപ്പോഴേയ്ക്ക് വിമാനത്താവളത്തിലെത്തി. കഥ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകൂടി ബാക്കിയുണ്ട്. രണ്ടു വീടുകളില്‍ നിന്നായി കുറേ തേങ്ങയും വാഴയ്ക്കയും (ഏത്തപ്പഴം / നേന്ത്രപ്പഴം എന്നും പറയും. കേന്ദ്രപ്പഴം എന്ന് ഒനിമ ഹല്‍ദാര്‍) വെളിച്ചെണ്ണയും ഒക്കെ കുത്തിനിറച്ച സാമാന്യം ഭാരമുള്ളൊരു ബിഗ് ഷോപ്പറുണ്ടായിരുന്നു തീവണ്ടിയില്‍ കേറുന്ന സമയത്ത് എന്‍റെ കയ്യില്‍. പോരാത്തതിന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന്‍ രാജീവിന്‍റെ വക മത്തി പൊരിച്ചതും കേറി. അങ്കമാലിയില്‍ നിന്ന്‍ എന്തെങ്കിലും ചില്ലറസാധനങ്ങള്‍ കൂടി കേറാനുള്ളൊരു വിദൂരസാധ്യതയുണ്ടായി...