ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

അയ്യപ്പനും ജോണ്‍സണും : രണ്ട്‌ നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച"ആദ്യം ഞാന്‍ സി അയ്യപ്പന്‍റെ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അതെനിക്കൊരു പുതിയ ഭാഷയായിരുന്നു, ചിന്തയുടെയും ഭാവനയുടെയും പുതിയൊരു ലോകം. എനിക്ക് എന്റെയുള്ളിലുള്ള എം ടിയേയും മുകുന്ദനെയും (എന്‍ എസ്) മാധവനെയും ആനന്ദിനെയും വി കെ എന്നിനെയുമൊക്കെ ആദ്യം കൊല്ലണം, അയ്യപ്പന്‍റെ കഥകള്‍ മനസ്സിലാവാന്‍. അദ്ദേഹം നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും എന്നെനിക്കുറപ്പാണ്.. അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ.. RIP." [എന്റെ സുഹൃത്ത് രഞ്ജിത്ത്, ഫെയ്സ്ബുക്കില്‍.]

ടെലിവിഷന്‍ ചാനലുകള്‍ ദളിത്‌ സാഹിത്യകാരന്‍ സി അയ്യപ്പന്‍ അന്തരിച്ചു എന്നുപറഞ്ഞ് അദ്ദേഹത്തെ ഒതുക്കി. പത്രങ്ങളാകട്ടെ ഉള്‍പ്പേജിലെ ഒറ്റക്കോളം വാര്‍ത്തയിലും. അങ്ങനെ ഒതുങ്ങേണ്ടിയിരുന്ന ഒരാളല്ല ശ്രീ സി അയ്യപ്പന്‍. ശ്രീ അജയ് ശേഖര്‍ പറയുന്നതുപോലെ, എഴുതിയ കഥകള്‍ എണ്ണത്തില്‍ കുറവാകാമെങ്കിലും കഥയുടെ ശില്പവിദ്യയില്‍ അദ്ദേഹത്തിന്റെ കരവിരുത് മലയാളത്തിലെ എന്നല്ല ഏതൊരു ഭാഷയിലെയും മികച്ച കഥയെഴുത്തുകാരോട് കിടപിടിയ്ക്കുന്നതാണ്.

(Ajay Sekher continues in his e-mail : "..His opening of the new radical idiom and a new expression that rendered visible the micro operations of caste and gender in our society in the contemporary world are extremely valuable and unprecedented in the domain of the short story in our language. It is also an instance to expose the hidden erasures operating in our public sphere and media spaces..")

'ഞണ്ടുകള്‍' ഗുവാഹട്ടിയിലേയ്ക്ക് കൂട്ടുകാര്‍ വഴി തന്നയച്ച, അങ്ങനെ എനിക്ക് സി അയ്യപ്പനെ പരിചയപ്പെടുത്തിയ (അന്ന് ഞാന്‍ കണ്ടിട്ടുപോലുമില്ലാത്ത) കെ പി റഷീദിന്‌ നന്ദി -- അല്ലെങ്കില്‍ ഒരുപക്ഷേ ഞാനും ഇപ്പൊ ചോദിച്ചേനെ ആരാ ഈ സി അയ്യപ്പന്‍ എന്ന്.

 *   *   *

എന്നാല്‍ ശ്രീ ജോണ്‍സണ്‍ അങ്ങനെയുള്ള ഒരാളായിരുന്നില്ല. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം സിനിമാപ്പാട്ട് കേട്ടിട്ടുള്ളവര്‍ക്കൊക്കെ ജോണ്‍സണെ അറിയാം. പത്രക്കാര്‍ക്കും ടി വിക്കാര്‍ക്കും എഫ് എം റേഡിയോക്കാര്‍ക്കും ഒക്കെ അറിയാം.

ഡിഗ്രി ചെയ്തിരുന്ന കാലത്ത് (1993-1997) മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് എനിക്കുണ്ടായിരുന്ന ഒറ്റയുത്തരം ജോണ്‍സണ്‍ എന്നാണ്. ഔസേപ്പച്ചന്‍, മോഹന്‍ സിതാര, രവീന്ദ്രന്‍, ബോംബെ രവി ഒക്കെ അതിന്റെ താഴെയാണ് നിന്നത്. ആ പ്രായത്തില്‍ ജോണ്‍സണ്‍ സ്റ്റൈല്‍ പാട്ടുകളാണ് കൂടുതല്‍ പ്രിയം എന്നതുകൊണ്ടായിരിക്കാം. ജോണ്‍സണ്‍ 1988-1993 കാലത്ത് കുറെയധികം നല്ല പാട്ടുകള്‍ ചെയ്തു എന്നതുകൊണ്ടായിരിക്കാം. വല്ലാതെ ക്ലാസിക്കല്‍ ആയ സംഗീതം ആസ്വദിക്കാന്‍ അധികം കഴിവില്ലാത്തതുകൊണ്ടും ആയിരിക്കാം.

1996-ല്‍, ആദ്യമായി ഒരു വാക്ക്മാന്‍ സ്വന്തമായി വാങ്ങിയപ്പോള്‍, ഞാന്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ പതിനാല്‌ ഓഡിയോ കാസറ്റുകളിലായി റെക്കോഡ് ചെയ്തപ്പോള്‍ അതില്‍ രണ്ട്‌ കാസറ്റ്‌ മുഴുവന്‍ ജോണ്‍സന്റെ പാട്ടുകളായിരുന്നു. ഒന്ന് അല്പം ശോകച്ഛായയുള്ള പാട്ടുകള്‍, മറ്റേത് കുറച്ചുകൂടി pleasant mood-ലുള്ള പാട്ടുകള്‍. മുഴുവനായി ഒരു മ്യൂസിക് ഡയറക്ടര്‍ ചെയ്ത പാട്ടുകള്‍ക്ക് മാത്രമായി dedicate ചെയ്ത വേറൊരു കാസറ്റും ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

എന്റെ ഏറ്റവും പ്രിയപ്പെട്ട ചില പാട്ടുകള്‍ താഴെ.

സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ.. (ഇതു ഞങ്ങളുടെ കഥ)
മോഹം കൊണ്ടുഞാന്‍.. ദൂരെയേതോ.. (ശേഷം കാഴ്ചയില്‍)
എന്റെ മണ്‍വീണയില്‍.. (നേരം പുലരുമ്പോള്‍)
അറിയാതെ.. അറിയാതെ.. (ഒരു കഥ ഒരു നുണക്കഥ)
ആടിവാ കാറ്റേ.. പാടിവാ കാറ്റേ.. (കൂടെവിടെ)
നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ.. (ഇസബെല്ല)
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.. (ഒരു മിന്നാമിനുങ്ങിന്റെ..)
മായപ്പൊന്മാനേ നിന്നെത്തേടീ ഞാന്‍.. (തലയണമന്ത്രം)
പുല്‍ക്കൊടി തന്‍ ചുണ്ടത്തു പെയ്തൊരു.. (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍)
തങ്കത്തോണി.. തെന്‍മലയോരം കണ്ടേ.. (മഴവില്‍ക്കാവടി)
മൈനാകപ്പൊന്‍മുടിയില്‍ പൊന്നുരുകിത്തൂവിപ്പോയ്.. (മഴവില്‍ക്കാവടി)
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം.. (പൊന്‍മുട്ടയിടുന്ന താറാവ് )
രാജഹംസമേ.. (ചമയം)
അന്തിക്കടപ്പുറത്തോരോലക്കുടയെടുത്ത്.. (ചമയം)
മഞ്ചാടിമണികൊണ്ട്‌ മാണിക്യക്കുടം നിറഞ്ഞൂ.. (ആധാരം)
മൌനത്തിന്‍.. ഇടനാഴിയില്‍ ഒരു ജാലകം.. (മാളൂട്ടി)
ശ്രീരാമനാമം ജപസാരസാഗരം.. (നാരായം)
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.. (ഞാന്‍ ഗന്ധര്‍വ്വന്‍)
പാലപ്പൂവേ.. നിന്‍ തിരുമംഗല്യത്താലി തരൂ.. (ഞാന്‍ ഗന്ധര്‍വ്വന്‍)
ഊഞ്ഞാലുറങ്ങി, ഹിന്ദോളരാഗം മയങ്ങി.. (കുടുംബസമേതം)
തേരോട്ടം.. ആനന്ദത്തേരോട്ടം.. (സ്നേഹസാഗരം)
പീലിക്കണ്ണെഴുതി.. (സ്നേഹസാഗരം)

ഇതില്‍ 'നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ..' മിക്ക ജോണ്‍സണ്‍ ഓര്‍മ്മകളിലും കണ്ടില്ല.

  *    *    *

വെള്ളിയാഴ്ച രാവിലെ എനിക്കും ബേനയ്ക്കും ഒരു മകന്‍ ജനിച്ചു. മരിച്ചുപോയവരെയോര്‍ത്ത് ദു:ഖിക്കുകയല്ല വരാന്‍ പോകുന്നവര്‍ക്കുവേണ്ടി കാതോര്‍ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.

[ജോണ്‍സണ്‍ ഫോട്ടോ: മാധ്യമം]

ബുധനാഴ്‌ച, ജൂൺ 22, 2011

ഗുരുവായൂര്‍ മാഹാത്മ്യം

(തസ്നിയുടെ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്)

അഞ്ചാറു വര്‍ഷം മുമ്പ്. സമയം പട്ടാപ്പകല്‍ : ഉച്ചയ്ക്ക് രണ്ടുമണി-മൂന്നുമണി. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഞാനും എന്റെ കൂട്ടുകാരിയും ബസ്സ് കാത്ത് ഇരിക്കുന്നു. കൂട്ടുകാരി കാണത്തക്ക വിധത്തില്‍ ഗര്‍ഭിണിയും ആണ്. കുറേപ്പേര്‍ 'ഒരുമാതിരി' നോട്ടം നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാര്യമാക്കിയില്ല. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ എന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൊണ്ടുപോയി.  
 
എന്താണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം, എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോവുന്നത് എന്നൊക്കെയുള്ള 'പതിവ് ചോദ്യങ്ങള്‍' ചോദിച്ചു അവിടത്തെ 'വലിയ' പോലീസുകാരന്‍. എന്റെ സുഹൃത്താണ് കൂടെയുള്ളത് എന്ന് പറഞ്ഞു, എറണാകുളത്തുനിന്നു വരുന്നതാണെന്നും വളാഞ്ചേരിയില്‍ എന്റെ വീട്ടിലേയ്ക്ക് പോവുകയാണ് എന്നും. എന്നോട് ചോദിച്ച ചോദ്യമൊക്കെ കൂട്ടുകാരിയോടും മാറ്റിനിര്‍ത്തി ചോദിച്ചു. (അവള്‍ക്ക് ഗുരുവായൂര്‍ വച്ചുതന്നെ ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ അനുഭവമായിരുന്നു!) 
 
പിന്നെ അയാള്‍ പറഞ്ഞു കുറച്ചുനേരമായി 'നാട്ടുകാര്‍' പരാതിപ്പെടുന്നു എന്ന്. എന്തിനാണ് പരാതി എന്ന് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ ആരെയും ശല്യപ്പെടുത്തിയിരുന്നില്ല, 'പരസ്യമായ പ്രേമപ്രകടനമോ' 'ശരീരപ്രദര്‍ശന'മോ ഒന്നും നടത്തിയിരുന്നുമില്ല. 'എന്നാലും നിങ്ങള്‍ ഇവിടെ ഇങ്ങനെ അധികനേരം ഇരിക്കരുത്' എന്നായി പോലീസ്. എന്റെ അച്ഛന്‍റെ നമ്പരും ചോദിച്ചു. അച്ഛനെ വിളിച്ച് അച്ഛന്‍റെ കയ്യില്‍നിന്നു നന്നായി കേട്ട് കഴിഞ്ഞപ്പോഴാണ് പോലീസുകാര്‍ക്ക് സമാധാനമായത്. (അയാളുടെ പണി കളയും എന്ന പോലെയൊക്കെ അച്ഛന്‍ ആളെ പേടിപ്പിച്ചു എന്ന് തോന്നുന്നു.)
 
പിന്നെ അയാള്‍ക്ക്‌ കുറച്ച്‌ സദാചാരം ക്ലാസ് എടുത്തുകൊടുത്ത് ഞങ്ങള്‍ അടുത്ത ബസ് കേറി വീട്ടില്‍ പോയി. കേരളത്തില്‍ നിറയെ ഇങ്ങനെയുള്ള നാട്ടുകാരും പോലീസുകാരും ഒക്കെ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ബോംബെയിലൊക്കെ പോയി ജീവിക്കേണ്ടിവരുന്നത്‌ എന്നും പറഞ്ഞു. (ഇപ്പോള്‍ ഞാന്‍ ഒരു വര്‍ഷമായി കേരളത്തിലാണ് ജീവിക്കുന്നത് -- അതൊരു കഷ്ടപ്പാട് തന്നെയാണ്!)

   *    *    *

[രഞ്ജിനി കൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ എഴുതി:
"ഞാന്‍
വിവാഹിതയോ അവിവാഹിതയോ വിവാഹമോചിതയോ ആകട്ടെ..
പാല്‍വാങ്ങാന്‍ പോകുന്നതോ പണിക്കു പോകുന്നതോ ആകട്ടെ
പെണ്ണ് കാണാന്‍ പോകുന്നതോ ഒളിച്ചോടി പോകുന്നതോ ആകട്ടെ
ഒറ്റയ്ക്കോ കൂട്ടമായോ കൂട്ടുകാരോടോപ്പമോ ആകട്ടെ
ബസ്സിലോ ട്രെയിനിലോ ഓട്ടോയിലോ സയ്ക്കിളിലോ ആകട്ടെ
രാത്രിയോ പകലോ സന്ധ്യയോ ഉച്ചയോ ആകട്ടെ
കേരളമോ ബാംഗ്ലൂരോ ബോംബെയോ ഡെല്‍ഹിയോ ആകട്ടെ
സ്വതന്ത്രവും നിര്‍ഭയവും ആയിരിക്കുന്നത് എന്റെ അവകാശമാണ്"]

ചൊവ്വാഴ്ച, മേയ് 31, 2011

വിളയാട്ട്യേരി ഇമ്പിച്ചിക്കോയ

"..സ്വന്തക്കാരും ബന്ധക്കാരും വെറുപ്പോടെ മാറിനിന്നപ്പോള്‍ ടി ബി രോഗികളെ തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ സ്വന്തം ചെലവില്‍ കോഴിക്കോട്ടെ ആശുപത്രികളില്‍ എത്തിച്ചത് മുതല്‍ക്കാണ് ഇമ്പിച്ചിക്കോയയുടെ സാമൂഹ്യപ്രതിബദ്ധതയാര്‍ന്ന ജീവിതം ജനം മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇമ്പിച്ചിക്കോയയുടെ  ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നു.  ക്ഷേമ പെന്‍ഷനുകളും സഹായങ്ങളും എത്തിക്കാന്‍ സര്‍ക്കാര്‍ ഓഫീസിന്റെ പടി കയറിയും ആശുപത്രികളില്‍ രോഗികള്‍ക്ക് സാന്ത്വനമേകിയും അദ്ദേഹം മറ്റുള്ളവര്‍ക്കുവേണ്ടി മാത്രം ജീവിച്ചു. ജീവിതത്തിലെ സ്വകാര്യ ആവശ്യങ്ങള്‍ പലതും ഇക്കാരണത്താല്‍ മാത്രം ഇമ്പിച്ചിക്കോയയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.."

"..സേവനപ്രവര്‍ത്തനം എന്താണെന്ന് നാട്ടുകാര്‍ക്ക് ജീവിതം കൊണ്ട് കാണിച്ചുകൊടുത്ത ഇമ്പിച്ചിക്കോയയ്ക്ക് പലപ്പോഴും നല്ല വാക്കുപോലും അംഗീകാരമായി ലഭിച്ചിരുന്നില്ല. നവാബ് രാജേന്ദ്രന്‍ ഫൌണ്ടേഷന്റെ പ്രഥമപുരസ്കാരവും മറ്റു പ്രാദേശിക അംഗീകാരങ്ങളും ഇതിനിടയില്‍ ഇദ്ദേഹത്തെ തേടിയെത്തിയെന്നു മാത്രം.

ജീവിതത്തില്‍ സ്വകാര്യസ്വത്ത്‌ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും മക്കള്‍ക്ക്‌ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞിരുന്നു.." (മലയാള മനോരമയില്‍ വന്ന കുറിപ്പില്‍ നിന്ന്).

ഇദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. അദ്ദേഹത്തിന്‍റെ നല്ല പ്രവൃത്തികള്‍ തുടര്‍ന്നു കൊണ്ടുപോവേണ്ടത് എന്റെയും ബേനസീറിന്റെയും നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തവും.

ചൊവ്വാഴ്ച, മേയ് 03, 2011

കൊലപാതകങ്ങള്‍

ഇന്ദുവിന്റെ മരണത്തെപ്പറ്റി പത്രങ്ങളിലും ടി വി യിലും കണ്ട വാര്‍ത്തകള്‍ പലതും പലരുടെയും ഭാവനാസൃഷ്ടികള്‍ ആയിരുന്നു. അതിലൊരു വാര്‍ത്തയെപ്പറ്റി ഒരു കുറിപ്പ് ഞാന്‍ കൌണ്ടര്‍മീഡിയയില്‍ എഴുതി. ഒരാണും പെണ്ണും എന്ന് കേള്‍ക്കുമ്പോഴേക്കും ചിലര്‍ക്ക് തീരെ സഹിക്കാനാവാത്ത ചില അസുഖങ്ങള്‍ വന്നുപെടും. അത്തരം അസുഖങ്ങളെപ്പറ്റി ബെര്‍ളിയും എഴുതി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി റിട്ടയര്‍ ചെയ്ത ഡോക്ടര്‍ പി വി രാമചന്ദ്രന്‍ (അദ്ദേഹം ഇപ്പോള്‍ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റ്യുട്ടില്‍ ജോലി ചെയ്യുന്നു) ഈമെയിലില്‍ ഇങ്ങനെ എഴുതി :

"കുറച്ചു ദിവസമായി ഇത്തരം വാര്‍ത്തകള്‍ മത്സരിച്ചു കൊടുക്കുന്ന പത്ര ലേഖകരുടെ മനസികാവസ്ഥയോര്‍ത്തു ലജ്ജ തോന്നുന്നു.. ഇരുപതിനും മുപ്പതിനും ഇടയ്ക്കു പ്രായമുള്ള ഒരു ലേഖകനും ഇത്തരം വാര്‍ത്തകള്‍ എഴുതാന്‍ സാദ്ധ്യത കുറവാണ്.. ആ പ്രായത്തില്‍ ഉള്ള രണ്ടു മക്കള്‍ ഉള്ള ആള്‍ എന്ന നിലക്ക് ഭയം തോന്നുന്നു...
ഒരു അപകടം പറ്റിയാല്‍ സഹയാത്രികന്റെ ജീവിതം കൂടി തകര്‍ത്തേ ഈ ഞരമ്പ് രോഗികള്‍ അടങ്ങൂ..

ഒരാള്‍ മറ്റേയാളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നത് പോലും ഈ പരനാറി (വേറെ വാക്ക് കിട്ടുന്നില്ല) കള്‍ക്ക് സംശയം ഉണ്ടാക്കുന്നു. ഒരു പത്രം എഴുതി... കല്യാണം നിശ്ചയിച്ചിട്ടും ഒരു പുരുഷന്റെ കൂടെ രാത്രിയാത്ര തിരഞ്ഞെടുത്തത് സംശയാസ്പദം ... Tvm നിന്ന് കാലിക്കറ്റ്‌ വരെ ഒരു രാത്രി കൊണ്ട് തീരുന്ന പത്തറുപതു പേര്‍ യാത്ര ചെയ്യുന്ന ഒരു റിസര്‍വേഷന്‍ കോച്ചിലെ യാത്രയെക്കുറിച്ചാണ് ഈ കമന്റ്‌ . പോലീസിലെ ഞരമ്പ് രോഗികള്‍ പത്രലോകത്തെ തങ്ങളുടെ സഹജീവികള്‍ക്ക് യഥാര്‍ത്ഥത്തില്‍ ദിവസേന ഇങ്ങനെ വാര്‍ത്താ ബുള്ളറ്റിന്‍ കൊടുക്കുന്നുണ്ടാവോ അതോ ആരെക്കുറിച്ചും എന്തും എഴുതിപ്പിടിപ്പിക്കാനു
ള്ള സ്വന്തം പരമാധികാരം ഉപയോഗിച്ച് ചെയ്യുന്നതോ?"


ഇന്ദു സുഭാഷിനെ പ്രണയിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല, അയാള്‍ കറുത്ത് കുറുകിയിരിക്കുന്ന ഒരാളാണ്, ആളെ കണ്ടാല്‍ എന്‍ ഐ ടി അധ്യാപകനാണ് എന്ന് തോന്നുകയില്ല എന്നൊക്കെ തികച്ചും റേസിസ്റ്റ് ആയ  പരാമര്‍ശങ്ങളും എഴുതിപ്പിടിപ്പിക്കാന്‍ കേരളകൌമുദി ഫ്ലാഷ് പോലുള്ള മഞ്ഞപ്പത്രങ്ങള്‍ മടിച്ചില്ല.
 
എന്നാല്‍ പത്രങ്ങള്‍ എഴുതിയതിനേക്കാള്‍ കൂടുതല്‍ എന്നെ വേദനിപ്പിച്ചത് ഞാന്‍ ബഹുമാനിക്കുന്ന ചിലര്‍ ഈ സംഭവത്തോടനുബന്ധിച്ച് എന്നോട് ചോദിച്ച ചോദ്യങ്ങളാണ്.

പലരും ചോദിച്ചത് അവരുടെ വീട്ടുകാര്‍ എന്തുകൊണ്ടാണ് സുഭാഷിന്റെ കൂടെ യാത്ര ചെയ്യാന്‍ മകളെ സമ്മതിച്ചത് എന്നാണ്. ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതി ആരുടെ കൂടെ യാത്ര ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് വീട്ടുകാരാണ് എന്ന് ഈ മാന്യദേഹങ്ങള്‍ കരുതുന്നു. (എന്നാലും എന്തിനാണ് അവളെ ഇപ്പൊ പിടിച്ച്‌ കെട്ടിക്കാന്‍ പോയത് എന്ന് ഇവരാരും ചോദിക്കുന്നുമില്ല.)

പിന്നെ, ആത്മഹത്യാപ്രേരണ ആണ് കുറ്റം എങ്കില്‍ ഇന്ദുവിന്റെ വീട്ടുകാരെയോ അവളുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന ആളുടെയോ ഒന്നും പിന്നാലെ പോലീസും പത്രവും ഒന്നും പോവാത്തത് എന്തുകൊണ്ടാണ്? പ്രതിശ്രുത വരനുമായുള്ള എസ് എം എസ്, ഫോണ്‍ ബന്ധങ്ങളെപ്പറ്റി, അതിന്റെ സ്വഭാവത്തെപ്പറ്റി ഒന്നും പത്രങ്ങളില്‍ നമ്മള്‍ കാണാത്തത് എന്തുകൊണ്ടാണ്? കാരണം "കുടുംബമഹിമ" തന്നെയാകണം.


"പെണ്ണായാല്‍ പൊന്ന് വേണം, (സ്വന്തം ജാതിയില്‍ നിന്ന് തന്നെയുള്ള) ഭര്‍ത്താവ് വേണം കുടുംബം വേണം, ഇതൊക്കെ എത്രയും പെട്ടെന്ന് ഉണ്ടാക്കിക്കൊടുക്കലാണ് തങ്ങളുടെ ജോലി" എന്ന് വിചാരിക്കുന്ന വീട്ടുകാരാണ്, ആ വിചാരം തന്നെയാണ് നമ്മുടെ കുട്ടികളെ ഇങ്ങനെ കൊലയ്ക്കു കൊടുക്കുകയും പലപ്പോഴും കൊല്ലാതെ കൊല്ലുകയും ചെയ്യുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സുഭാഷിനെപ്പോലെയുള്ളവരെ പിന്നാലെ നടന്ന്‌ വേട്ടയാടുന്നതും. ഈ വാര്‍ത്തയൊക്കെ കണ്ട്‌ സുഭാഷോ സുഭാഷിന്റെ വീട്ടുകാരോ ആത്മഹത്യ ചെയ്‌താല്‍ പത്രക്കാര്‍ക്കോ പോലീസുകാര്‍ക്കോ എതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കാന്‍ വകുപ്പുണ്ടോ?

ബുധനാഴ്‌ച, മാർച്ച് 16, 2011

കേരളത്തിലെ ഗദ്ദാമമാര്‍


..ലോകത്തെവിടെയും ജോലിയ്ക്ക് നില്‍ക്കുന്നവരോടുള്ള മനുഷ്യത്വരഹിതമായ സമീപനത്തെ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രം വരച്ചുകാട്ടുന്നുണ്ട്. അടിമകളെ നമുക്ക് എന്തും ചെയ്യാം, അവര്‍ തങ്ങളുടെ ദയ കൊണ്ട് ജീവിച്ചുപോവുന്നവരാണ്‌ എന്ന മനോഭാവമാണ് അത്തരം പെരുമാറ്റത്തിന് പിന്നില്‍. അറബിനാട്ടില്‍ മാത്രമല്ല ഇതൊന്നും സംഭവിക്കുക എന്ന് വ്യക്തമാക്കിത്തന്നു ആലുവയില്‍ നിന്ന് ഏതാനും ദിവസം മുമ്പ്‌ വന്ന വാര്‍ത്ത.

ആലുവയില്‍ ഒരു അഡ്വക്കെറ്റും ഭാര്യയും അവരുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു എന്ന് പോലീസിനോട് സമ്മതിക്കുന്നു. എന്നുവച്ചാല്‍ അടിക്കുകയും പഴുപ്പിച്ച ഇരുമ്പും സിഗരറ്റും ഒക്കെ വെച്ച് പൊള്ളിക്കുകയും തിളച്ച വെള്ളം ഒഴിക്കുകയും.. സിനിമയില്‍ കണ്ടതൊന്നും ഇതിനു മുന്നില്‍ ഒന്നുമല്ല. ആ കുട്ടിയെ പട്ടിക്കൂട്ടില്‍ ഇടാറുള്ളത് നാട്ടുകാര്‍ കാണാറുണ്ടായിരുന്നു എന്നും വാര്‍ത്തകളില്‍ കണ്ടു. പെണ്‍കുട്ടി മരിച്ച ശേഷമാണ് നമ്മള്‍ ഇതെല്ലാം അറിയുന്നത്. അവളുടെ പേര് ധനലക്ഷ്മി. തമിഴ് നാട്ടുകാരിയാണ്.

സൌമ്യയും ഗോവിന്ദചാമിയും വാര്‍ത്തയായ പോലെ ഇത് വലിയ വാര്‍ത്തയായില്ല. ഗോപീകൃഷ്ണന്റെയോ സുജിത്തിന്റെയോ യേശുദാസന്റെയോ കാര്‍ട്ടൂണോ ടി വി ചര്‍ച്ചകളോ ഒന്നും കണ്ടില്ല. മരിച്ചത് തമിഴ് കുട്ടി, പ്രതികള്‍ മലയാളികള്‍, വേണ്ടത്ര വില്ലന്‍ ലുക്ക് ഇല്ലാത്ത ആള്‍ക്കാര്‍, കഥയില്‍ ഒരു ബലാല്‍സംഗം പോലുമില്ല.. ഇതിനു വേണ്ടത്ര ന്യൂസ് വാല്യൂ ഇല്ല എന്നുവേണം വിചാരിക്കാന്‍. (ഒരു ബെര്‍ളിത്തരം പോലും കണ്ടില്ല എന്ന് എന്റെ ഒരു സുഹൃത്ത് ഗൂഗിള്‍ ബസ്സില്‍).

അതിന്‌ ശേഷം ഒരു മാര്‍ച്ച് എട്ടും വന്നുപോയി. കേരളത്തിലെങ്ങും “സൌമ്യാഞ്ജലി”കള്‍ നടന്നു. സൌമ്യയെപ്പറ്റി മലയാളത്തിലെ ആനുകാലികങ്ങള്‍ പലതും കവര്‍ സ്റ്റോറികള്‍ ചെയ്തു. സ്ത്രീസംഘടനകള്‍ നാടകം അവതരിപ്പിച്ചു. നല്ലത്. എന്നാല്‍ ധനലക്ഷ്മിയെപ്പറ്റി അപ്പോഴും ആരും മിണ്ടിയില്ല.

...

ലക്ഷക്കണക്കിന്‌ ആളുകള്‍ കേരളത്തില്‍ വീടുകളില്‍ ജോലിക്ക് നില്‍ക്കുന്നുണ്ട്. ഇവരുടെയൊക്കെ ജീവിതം വീട്ടുകാരുടെ ദയവില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നത് ഒട്ടും ആശാവഹമായ സ്ഥിതിവിശേഷമല്ല. മിക്കവര്‍ക്കും മിനിമം വേതനം കിട്ടുന്നില്ല. എട്ടു മണിക്കൂര്‍ ജോലി എന്ന നിയമം ഇവിടെ ബാധകമല്ല. പലര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം അവധി പോലും കിട്ടുന്നില്ല. ഇത്തരം അടിസ്ഥാനപരമായ തൊഴില്‍ നീതിയ്ക്കുവേണ്ടിപ്പോലും സംസാരിക്കാന്‍ അവര്‍ക്ക് മിക്കവര്‍ക്കും ഭയമാണ്. എന്തുകൊണ്ടെന്നാല്‍ സൌദിയില്‍ വീട്ടുജോലിക്ക് നില്‍ക്കുന്ന അശ്വതിയെക്കാള്‍ ഏറെ മെച്ചമൊന്നുമല്ല അവരുടെ അവസ്ഥ. ദൂരെ സ്വന്തം ഗ്രാമത്തിലുള്ള വീട്ടുകാര്‍ക്ക് കഞ്ഞികുടിക്കാന്‍ ഇവര്‍ എന്തെങ്കിലുമൊക്കെ അയച്ചുകൊടുത്തിട്ടു വേണം. അല്ലെങ്കില്‍ കേരളത്തില്‍ തന്നെയുള്ള സ്വന്തം കുടുംബം പുലരുന്നത് ഇങ്ങനെ കിട്ടുന്ന നക്കാപിച്ചയില്‍ നിന്ന് എന്തെങ്കിലും കരുതിവച്ചിട്ടാണ്. അതുകൊണ്ടുതന്നെ ഗദ്ദാമ ഉന്നയിക്കുന്നത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവരുടെ മാത്രം പ്രശ്നങ്ങളല്ല — അറബിനാട്ടില്‍ നടക്കുന്ന കാര്യങ്ങളായി മാത്രം അതൊക്കെ കാണുന്നത് നമ്മളെ ഒരുതരത്തില്‍ സന്തോഷിപ്പിക്കുന്നുണ്ടാവാം എങ്കിലും.


[മുഴുവന്‍ പോസ്റ്റ്‌ കൌണ്ടര്‍മീഡിയയില്‍ : കേരളത്തിലെ ഗദ്ദാമമാര്‍]

ശനിയാഴ്‌ച, ജനുവരി 15, 2011

കാണേണ്ട പടം : അച്ഛന്‍

അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ കണ്ടു, ഇന്ന് (ജനുവരി 14) വൈകുന്നേരം കോഴിക്കോട് ശ്രീയില്‍ നിന്ന്.

സിനിമ കഴിഞ്ഞപ്പോള്‍ കാണികള്‍ക്കിടയില്‍ നിന്നൊരാള്‍ എഴുന്നേറ്റുവന്ന്‌ പറഞ്ഞു: "ഞാനാണ് ഈ സിനിമയുടെ സംവിധായകന്‍. ഈ സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ രണ്ടുപേരോടുകൂടി  ഈ സിനിമ നാളെ കാണാന്‍ പറയണം. നാളെ ഹോള്‍ഡ്‌ ഓവറാണ് എന്ന് പറയുന്നു. അപ്പോള്‍ നാളെ കൂടിയേ ഇത് കാണാന്‍ പറ്റൂ.."അദ്ദേഹത്തിന്‍റെ കൂടെ പടത്തിന്‍റെ നിര്‍മ്മാതാവ് ലൂസിയാമ്മയും  ഉണ്ടായിരുന്നു. ഒന്നുരണ്ടു സുഹൃത്തുക്കളും. അവരെല്ലാവരും -- അലി അക്ബര്‍ വിശേഷിച്ചും -- വളരെയധികം മാനസികസംഘര്‍ഷം അനുഭവിക്കുന്നതായി തോന്നി. അദ്ദേഹം പിന്നെയും കാണികളോട് യാചിച്ചുകൊണ്ടിരുന്നു. ഭാര്യ കൂടിയായ ലൂസിയാമ്മ അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പുറത്തിറങ്ങിയ ഞങ്ങള്‍ കൈരളിയില്‍ നിന്ന് ട്രാഫിക്‌ കണ്ടു വരുന്നവരുടെ പ്രളയത്തില്‍ മുങ്ങിപ്പോയി.

ഇതെനിക്ക് ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു. അച്ഛന്‍ റിലീസ് ചെയ്യാന്‍ കുറച്ച്‌ പ്രശ്നങ്ങളൊക്കെ ഉണ്ടായി എന്ന് കേട്ടിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. നെറ്റില്‍ കുറച്ചൊരു തപ്പ് തപ്പിയതില്‍ നിന്ന് കുറച്ചുകൂടി വിവരങ്ങള്‍ കിട്ടി:

"തിലകനെ നായകനാക്കി അലി അക്ബര്‍ സംവിധാനം ചെയ്ത അച്ഛന്‍ എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ ലഭിച്ചു. തിയേറ്ററുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാവ് മരണം വരെ ഉപവാസം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വഴങ്ങുകയായിരുന്നു.. ഒരാഴ്ചയാണ് പ്രദര്‍ശനസമയമായി അനുവദിച്ചിട്ടുള്ളത്.."(തിലകന്‍റെ അച്ഛന് ഒരാഴ്ചത്തെ സമയം മാത്രം)

"..ആറുമാസം മുമ്പുതന്നെ കെഎഫ്ഡിസിയുടെ എല്ലാതീയറ്ററുകളും ബുക്ക് ചെയ്ത തനിക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മൂന്ന് തീയറ്ററുകള്‍ മാത്രമാണെന്നും അലി അക്ബര്‍ വെളിപ്പെടുത്തി.."(തിലകനെതിരെ ഗൂഡാലോചന: അലി അക്ബര്‍‍)"..കേരളത്തില്‍ സിനിമാ മേഖലയില്‍ ആയിരത്തിലധികം തൊഴിലാളികളുണ്ടെന്നാണ് പറയുന്നത്. അതില്‍ 100 തൊഴിലാളികള്‍ക്കെങ്കിലും ജോലിയുണ്ടോയെന്ന് സംശയമാണ്. തൊള്ളായിരത്തിലധികം പേര്‍ വെറുതെയിരിക്കുകയാണ്. ഞങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാത്തതിനെക്കുറിച്ച് ചോദിക്കാന്‍ പോലും അവര്‍ക്ക് ഭയമാണ്.."

"..ഇപ്പോള്‍തന്നെ നോക്കു, തമിഴും തെലുങ്കും ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്നു പറയുന്നതെന്തിനാണ്? എന്തിനാണ് ഇവര്‍ അന്യഭാഷാ ചിത്രങ്ങളെ ഭയപ്പെടുന്നത്? അവരുടെ പടം ഓടില്ല എന്ന ഭയംകൊണ്ടല്ലേ അത്.."

"..സെറ്റില്‍ ജഗതിയെ ആശാരി എന്നു വിളിച്ച് കളിയാക്കുന്നത് ഞാന്‍ എന്റെ ചെവികൊണ്ട് തന്നെ എത്രയോ തവണ കേട്ടിട്ടുണ്ട്. തിലകനും അത് അനുഭവിച്ചിട്ടുണ്ട്. ഇതൊന്നും നിഷേധിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഇതൊക്കെ ഉള്ള കാര്യങ്ങളാണ്. നേരത്തെയുണ്ടായിരുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ആ ഗ്രൂപ്പിന്റെ അപ്രമാദിത്യം കാണാം.

സിനിമയുടെ ചരിത്രം പരിശോധിച്ചാല്‍ വളരെ രസകരമായ കാര്യങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും വലിയ ഹിറ്റായിട്ടുള്ള സിനിമകളിലൊന്ന് ജഗതിയും മോഹന്‍ലാലും അഭിനയിച്ച പ്രിയദര്‍ശന്റെ കിലുക്കമാണ്. കിലുക്കത്തിന്റെ വിജയത്തില്‍ ജഗതിക്ക് കാര്യമായ പങ്കുണ്ടെന്ന് പറഞ്ഞതോടെയാണ് ജഗതിയെ മാറ്റി നിര്‍ത്താന്‍ തുടങ്ങിയത്. നരസിംഹം എന്ന സിനിമ വരെ ജഗതിയില്ലായിരുന്നു. മുഴുവനായി മാറ്റി നിര്‍ത്തി.."

"..വിനയന്റെ പടത്തില്‍ അഭിനയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് തിലകന് വിലക്കേര്‍പ്പെടുത്തിയത്. അമ്മയാണ് വിലക്കിയത്.."

"..തിലകന്‍ ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഹാര്‍ട്ട് സ്‌ട്രോക്കൊക്കെ വന്ന് ശസ്ത്രക്രിയ നടന്ന ആളാണ്. അത്തരമാളുകള്‍ക്ക് ക്ഷോഭം കൂടുതലായിരിക്കും..

..ഭയങ്കരമായി സംഘര്‍ഷം നിറഞ്ഞ ഒരു മനുഷ്യനാണ് തിലകന്‍. ഇപ്പോഴദ്ദേഹത്തിന് കാര്യമായ വരുമാനവുമില്ലാതായി. അദ്ദേഹത്തിന്‍റെ വീട്ടില്‍ ചെന്ന് നോക്കിയാലറിയാം. ഇനി എവിടുന്നാണ് ജീവിക്കാനുള്ള പണമെന്നത് ഒരു വലിയ ചോദ്യമാണ്. സീരിയലുകളില്‍ അഭിനയിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അതും മുടക്കി. എല്ലാ വഴികളും മുട്ടുമ്പോള്‍ പിന്നെ മനുഷ്യസഹജമായ പ്രതികരണം ഉണ്ടാവും. അതു മാത്രമേ തിലകനും ചെയ്തിട്ടുള്ളൂ.."

(അലി അക്ബര്‍ സംസാരിക്കുന്നു, Dool ന്യൂസ്‌).

ഈ അഭിമുഖത്തില്‍ പറയുന്നത് മുഴുവന്‍ സമനില നഷ്ടപ്പെട്ട ഒരു സംവിധായകന്‍റെ ജല്‍പ്പനങ്ങളാണെന്ന് വിശ്വസിക്കുക പ്രയാസം. മുഖമുദ്ര, ജൂനിയര്‍ മാന്‍ഡ്രേക്ക് ഒക്കെ നമ്മള്‍ ആസ്വദിച്ചതാണ്. ആ തരത്തിലുള്ള ഒരു എന്‍റര്‍ടെയിനര്‍ അല്ലെങ്കിലും  ആരും കാണേണ്ടതില്ല/കാണില്ല എന്ന് പറഞ്ഞ്‌ റിലീസ് ചെയ്യാതിരിക്കേണ്ട ഒരു പടമല്ല തന്നെ ഇത്.

അതുകൊണ്ടുതന്നെ അച്ഛന്‍ കാണേണ്ട പടമാണ്‌.

(പടം കളിക്കുന്നത് കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ശ്രീ തിയേറ്ററുകളില്‍).

   *    *    *

PS : ആശയപരമായി എനിക്കീ സിനിമയോട് വിയോജിപ്പുണ്ട്, എന്‍റെ കൂടെ പടം കണ്ട എന്‍റെ ഭാര്യ ബേനയ്ക്കും. വൃദ്ധസദനം എന്നാല്‍ എന്തോ ജയിലാണെന്നും വിദേശത്തോ ദൂരനഗരങ്ങളിലോ പോയി ജോലി ചെയ്യുന്നവര്‍ അച്ഛനമ്മമാരോട് ചെയ്യുന്നത് കൊടും പാതകമാണെന്നും ഉള്ള (പല മലയാളികളുടെയും മനസ്സില്‍ ആഴത്തില്‍ വേരോട്ടമുളള) സങ്കല്‍പ്പമാണ് ഈ സിനിമയുടെയും കാതല്‍.  മലയാളത്തില്‍ പദ്മരാജന്‍ തിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയില്‍ തുടങ്ങിവച്ചതും  പിന്നീട് കരുണം (മാടമ്പ് കുഞ്ഞിക്കുട്ടന്‍ / ജയരാജ്) അടക്കം പല പടങ്ങളിലും കൂടി ആണിയടിച്ചുറപ്പിച്ചതുമാണ് ഈ ആശയം. സന്തോഷമായി വൃദ്ധസദനത്തില്‍ കഴിയുന്നവരെ ഏതെങ്കിലുമൊക്കെ മലയാളം സിനിമയില്‍ കണ്ടിട്ട് മരിച്ചാല്‍ മതി എനിക്ക്. (അമ്മക്കിളിക്കൂട് ഏതാണ്ടീ വിധത്തില്‍ ഒരു ശ്രമം നടത്തിയത് ശ്ലാഘനീയമാണ്.)

[ഇമേജ് : അലി അക്ബര്‍ -- Dool ന്യൂസ്‌]