വ്യാഴാഴ്‌ച, ഒക്‌ടോബർ 22, 2009

ലൌ ജിഹാദിനും കഷണ്ടിക്കും..

പുതിയത് പ്രേമജിഹാദാണ്‌.

മലയാളികളുടെ (ഇന്ത്യക്കാരുടെ തന്നെയും) ഒരു സൗന്ദര്യബോധത്തില്‍ സുന്ദരക്കുട്ടപ്പന്മാരായ ആങ്കുട്ടികള്‍ ഏറെയും മുസല്‍മാന്മാരായിപ്പോയി എന്തുചെയ്യാം. പെണ്‍കുട്ടികള്‍, ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ജാതിമതഭേദമന്യേ ഈ സുന്ദരന്മാരുടെ പുറകെയാണ്. ബാക്കിയുള്ളോര്‍ക്ക് സഹിക്കുമോ? ഭൂരിപക്ഷമാണെന്ന് അഹങ്കരിച്ചു നടക്കുന്ന ഹിന്ദുക്കള്‍ ആണുങ്ങള്‍ക്ക് പ്രത്യേകിച്ചും. അവരെ പറഞ്ഞിട്ട് കാര്യമില്ല.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കേരളത്തില്‍ മാത്രമുള്ള ഒരു പ്രതിഭാസവുമല്ല. ഉത്തര്‍ പ്രദേശിലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കോളേജുകളില്‍ 'ലൌ ജിഹാദ്' നടക്കുന്നു എന്നുപറഞ്ഞ്‌ സംഘപരിവാരങ്ങള്‍ വിറളിപൂണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. കിട്ടിയ ചാന്‍സിലൊക്കെ ഭീഷണി മുഴക്കുകയും അടിക്കാന്‍ പറ്റിയാല്‍ അടിക്കുകയും ഒക്കെ ചെയ്തുകൊണ്ട്. [ബോംബെക്കാരി പരോമിത വോറ ഇതിനെപ്പറ്റി ഒരു പടവും പിടിച്ചിരുന്നു.]

കേരളത്തിലും ഇത് പുതിയ കഥയല്ല. എന്‍റെ 'മോന്റമ്മ'യും ഒരു മുസ്ലിം യുവാവിനെ കുറച്ചുകാലം പ്രേമിച്ചു, ആര്‍ എസ് എസുകാര്‍ അന്നും വെട്ടാന്‍ നടന്നു. കല്യാണവും മതം മാറ്റവും നടക്കുന്നതിനു മുമ്പേ പിരിഞ്ഞു. നമ്മുടെയൊക്കെ പ്രിയപ്പെട്ട മാധവിക്കുട്ടി എന്ന കമലയും പ്രേമിച്ചു, കമലാ സുരയ്യയായി.

അതോക്കെക്കഴിഞ്ഞിട്ട്‌ ഇപ്പൊ ഇവിടത്തെ ജനങ്ങളും ഇടതുപക്ഷവും വലതുപക്ഷവും മാധ്യമങ്ങളുമൊക്കെ പണ്ടത്തെ ആര്‍ എസ് എസ്സിന്റെ പണി പരസ്യമായിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ലൌ ജിഹാദ് തകര്‍ത്ത ജീവിതങ്ങള്‍, അപ്രത്യക്ഷമാവുന്ന 'നമ്മുടെ പെണ്ണുങ്ങള്‍'.. വരുന്നൂ പുതിയ ത്രില്ലര്‍ സീരീസ്‌. ആള്‍ക്കാര്‍ക്ക് ബോറടിക്കരുതല്ലോ.

ഒക്കെപ്പോരാഞ്ഞിട്ട്‌ ദേ കേരള പോലീസിനു 'മനുഷ്യമുഖം' ഉണ്ടാക്കാനിറങ്ങിയ നമ്മുടെ സ്വന്തം ഡി ജി പി കോടതിയില്‍ പറയുന്നു ലൌ ജിഹാദ് നടക്കുന്നതിനു തെളിവില്ല പക്ഷേ മുസ്ലിം ആണ്‍കുട്ടികളുമായി പ്രണയത്തിലാകുന്ന പെണ്‍കുട്ടികളുടെ മതം മാറ്റാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സംശയിക്കാന്‍ കാരണമുണ്ട് എന്നും അതിന് നേരിട്ടോ അല്ലാതെയോ വിദേശത്തുനിന്നു പണം വരുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട് എന്നും. [മാതൃഭൂമി റിപ്പോര്‍ട്ട്.]

ഗള്‍ഫില്‍ നിന്നു വരുന്ന പൈസയായിരിക്കും ഈ 'വിദേശ ഫണ്ട്'. കേരളത്തിന്‍റെ ഇക്കോണമി തന്നെ നിലനില്‍ക്കുന്നത്‌ ഏറെക്കുറെ ഈ വിദേശഫണ്ടിലാണ് എന്ന്‍ ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ അറിയാം. പക്ഷേ അവരും പറയും 'ദോണ്ട് പ്രേമജിഹാദ്, തീവ്രവാദി, ഭീകരന്‍.'

[ഇതിനിടയില്‍ കേട്ട ഒരു രസമുള്ള വാദം കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം -- പ്രത്യേകിച്ചും ഇടതുപക്ഷരാഷ്ട്രീയം -- ഇല്ലാതായതുകൊണ്ടാണ് ഈ ജിഹാദ് നടക്കുന്നതെന്നാണ്. അതൊരുപക്ഷേ ശരിയുമാണ്. കാമ്പസില്‍ രാഷ്ട്രീയം ഇല്ലാതായത് ഒരു പുരോഗമനപരമായ കാര്യമായി ഞാന്‍ കരുതുന്നില്ല പക്ഷേ അതുകൊണ്ടുണ്ടായ നല്ലകാര്യങ്ങളിലൊന്ന് എസ് എഫ്‌ ഐക്കാര്‍ക്കും എ ബി വി പിക്കാര്‍ക്കും കേറി സദാചാരപ്പോലീസ് കളിക്കാന്‍ കിട്ടാത്തതുകൊണ്ട് ഇപ്പൊ മനുഷ്യന് കുറച്ചു സമാധാനമായി പ്രേമിക്കാം എന്നതാണ്.]

തലയില്‍ മുടിയില്ലാത്തത്‌ ഗള്‍ഫ്‌ ഗേറ്റിന്റെ കാലത്ത്‌ അത്ര വലിയ വിഷയമല്ല. സംശയമുള്ളവര്‍ക്ക് മോഹന്‍ലാലിനോട് ചോദിച്ചുനോക്കാം. പക്ഷേ ലൌ ജിഹാദ് വെകിളിക്ക് മരുന്നില്ല.

മുത്തൂറ്റ് പോളും മുത്തൂറ്റ്‌ നാസറും ഒരു വഴിപോക്കനും കുറെ ദളിതരും

മുത്തൂറ്റ്‌ കുടുംബത്തിലെ ഒരു പോളച്ചന്‍ മരിച്ചപ്പോ മലയാളികള്‍ക്ക് കോളായിരുന്നു കുറെ ദിവസത്തേക്ക്‌. പോലീസിന്റെ വക ഒരു കഥ. പോലീസിന്റെ കഥ ശരിയല്ലെന്നും ഞങ്ങളുടെ കഥയാണ് ശരിയെന്നും പത്രങ്ങള്‍.. ആകെ മൊത്തം ഒരു കോട്ടയം പുഷ്പനാഥ് നോവല്‍ വായിക്കുന്ന പോലെയായിരുന്നു വായനക്കാര്‍ ഓരോ ദിവസവും കഥയിലെ വഴിത്തിരിവുകള്‍ക്കായി കാത്തിരുന്നത്.

അതിനെപ്പറ്റി ഒരു കിടിലന്‍ ബ്ലോഗ് പോസ്റ്റും വന്നു: "മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു. സത്യം എന്തോ ആകട്ടെ....... കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാതൃഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.." [ലിങ്ക്]

കുറ്റാന്വേഷണ കഥകളുടെ സീരീസ്‌ ഒന്നടങ്ങിയത് ദളിത്‌ കൊലപാതകി ഇറങ്ങിയപ്പോഴാണ്. ഒരുദിവസം കാലത്ത്‌ പ്രഭാതസവാരിക്കിറങ്ങിയ ഒരു വഴിപോക്കന്‍ കൊല്ലപ്പെട്ടു. പോലീസ്‌ ഇത്തവണയും കഥയിറക്കി. അതുവരെ അധികം പേര്‍ കേട്ടിട്ടില്ലാത്ത ഒരു ദളിത്‌ സംഘടനയാണ് കൊലപാതകത്തിന് പിന്നില്‍. അതിലും നിന്നില്ല അവരെപ്പറ്റി നാലാളറിയാനാണ് അവര്‍ ആ കൊലപാതകം ചെയ്തതത്രേ. ആ സംഘടനയിലെ ഒന്നുരണ്ടു പേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.

അദ്ഭുതമെന്നു പറയട്ടെ ഇത്തവണ പോലീസ്‌ എഴുതിക്കൊടുക്കുന്ന കഥ അപ്പടി അടിച്ച് ജനങ്ങളെ ആസന്നമായ അപകടത്തെപ്പറ്റി ബോധവാന്മാരും ബോധവതികളും ആക്കാനായിരുന്നു പത്രങ്ങള്‍ക്ക് ഉത്സാഹം. മനുഷ്യര്‍ക്ക്‌ മനസ്സമാധാനത്തോടെ ജീവിക്കാന്‍ വയ്യാതയെന്നും 'ദളിതരെ സൂക്ഷിക്കണം' എന്നും തൊട്ട് 'ദിശാബോധമില്ലാത്ത ദളിത്‌ യുവത്വം' നാടിന് എത്ര വലിയ ശാപമാണെന്നും ഇവരെ 'തെറ്റായ വഴികളിലേക്ക് നയിക്കുന്നത് പട്ടിണിയാണോ എന്ന് തുടങ്ങിയ കദനകഥകളും വരെ. ദളിതനായാല്‍ പോലീസ്‌ പൊക്കുമെന്ന സ്ഥിതിയായി. ദളിത്‌ സംഘടനകളോട് ബന്ധമുണ്ടെങ്കില്‍ പറയുകയും വേണ്ട. കോടതിയും പൂര്‍ണ്ണമനസ്സോടെ ഈ ഉത്കണ്ഠ പങ്കുവച്ചുകൊണ്ട് ദളിത്‌ സംഘടനകളുടെ നേതാക്കള്‍ക്ക്‌ മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചു.

മാധ്യമത്തില്‍ അപ്പോള്‍ ഒരു കവര്‍ സ്റ്റോറി വന്നു, ഈ ഡി എച്ച് ആര്‍ എം ഒരു ഭീകരസംഘടനയൊന്നും അല്ലെന്നാണ് അവിടെപ്പോയി അന്വേഷിച്ച അവരുടെ ലേഖകന് മനസ്സിലായത്‌. പിന്നെ തെഹല്‍കയിലും ഇന്ത്യാടുഡേയിലും വന്നു മയമുള്ള ഒന്നുരണ്ടു റിപ്പോര്‍ട്ട്.

ഇന്നിതാ വര്‍ക്കലയില്‍ പോയി വന്ന ബി ആര്‍ പി എഴുതുന്നത് അതിലും രസമുള്ള കഥകള്. പിന്നെ കണ്ടത്‌ ഇതാ ഈ വീഡിയോ.ഇതെല്ലാം നടക്കുന്നത് ചെങ്ങറയില്‍ ഒരു സമരം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെ ആവുകയും അതിനെ ഒരു നക്സല്‍ സമരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുകയും ചെയ്ത് ഏതെങ്കിലും തരത്തില്‍ അതിനൊരു ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും നിര്‍ബന്ധിതരാവുകയും ചെയ്ത സമയത്തോട്‌ ചേര്‍ന്നായത് തികഞ്ഞ യാദൃഛികതയാണെങ്കില്‍ പോലും ആ കട്ട് എനിക്കിഷ്ടപ്പെട്ടു.

[മലയാളം ബ്ലോഗില്‍ കൂടുതലും കഥയോ കവിതയോ എഴുതാമെന്നായിരുന്നു ഞാന്‍ കരുതിയത്‌. അതിത്ര വലിയ ത്രില്ലറുകള്‍ ആവുമെന്ന് വിചാരിച്ചില്ല.]