വെള്ളിയാഴ്‌ച, നവംബർ 08, 2013

പന്നികളില്‍ നിന്നു മാറി ഒരു പെണ്ണാണ്

ഒരു ഫേസ്ബുക്ക് കുറിപ്പായി കഴിഞ്ഞ വർഷം അവസാനം എഴുതിയത്.

(ചുള്ളിക്കാടിനല്ല.
ചുള്ളിക്കാട് 1997-ല്‍ എഴുതിയ 'പന്നി' എന്ന കവിത ഇപ്പോഴും ഉദ്ധരിച്ചുകൊണ്ടിരിക്കുകയും ആഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക്.)

ഫീകരം.
കീഴടക്കി മാത്രം ശീലമുള്ള പന്നികള്‍
(ശരിക്കുമുള്ള പന്നികള്‍ ക്ഷമിക്കുക)
ഈ വക കാവ്യ കീഴടക്കലുകള്‍
ആഘോഷിച്ചുകൊണ്ടി
രിക്കട്ടെ.

എന്ന്
സ്വന്തം :
മറ്റേതു സ്ത്രീയ്ക്കും പുരുഷനും എന്ന പോലെ
എന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഭാര്യയ്ക്കും മക്കള്‍ക്കും
ഒന്നും ലൈംഗിക സ്വാത്രന്ത്ര്യം എന്നല്ല
ഒരു സ്വാതന്ത്ര്യവും
ഞാനായിട്ട് പ്രഖ്യാപിക്കേണ്ടതില്ല എന്ന് കരുതുന്ന;
അറിവിന്റെ കനികളില്‍ വശീകൃതനാവുന്ന;
ദിവ്യദു:ഖങ്ങള്‍ കേട്ടിരിക്കുകയും
തന്റെ ദിവ്യദു:ഖങ്ങള്‍ കേള്‍ക്കാന്‍ മനസ്സുള്ളവരെ വിശ്വസിക്കുകയും ചെയ്യുന്ന;
ആരുടെയും സ്വര്‍ഗ്ഗ രാജ്യങ്ങളിലേയ്ക്ക് പതാക ഏന്താത്ത;
ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കുന്ന;
ഒരു പെണ്ണാണ്.

(ചിത്രം : ജിബ്രാന്‍)

ഈ കവിത എഴുതിയതിനുശേഷം കവിയുമായി ഈ വിഷയത്തിൽ നടന്ന ഒരു സംവാദം ഇവിടെ കാണാം.

ഞായറാഴ്‌ച, മാർച്ച് 04, 2012

അപ്പോള്‍ നമ്മള്‍ ഏതു നൂറ്റാണ്ടിലാണ്..

എ ടി എമ്മില്‍ കണ്ട പരസ്യം : "നിങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും (പടം : ആണ്‍കുട്ടിയും അച്ഛനും) നിങ്ങളുടെ മകള്‍ക്ക് കെങ്കേമമായ വിവാഹവും (പടം : പെണ്‍കുട്ടിയും അച്ഛനും) ഉറപ്പുവരുത്തൂ. നിങ്ങള്‍ അടുത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും."

അപ്പോള്‍  നമ്മള്‍ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നായിരുന്നു പറഞ്ഞുവന്നത്?

(പരസ്യം ഐ ഡി ബി ഐ - ഫെഡറല്‍ ബാങ്ക് "വെല്‍ത്ത്ഷുറന്‍സി"ന്റേത് .)

ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011

അയ്യപ്പനും ജോണ്‍സണും : രണ്ട്‌ നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച"ആദ്യം ഞാന്‍ സി അയ്യപ്പന്‍റെ കഥകള്‍ വായിച്ചപ്പോള്‍ എനിക്കൊന്നും മനസ്സിലായില്ല. അതെനിക്കൊരു പുതിയ ഭാഷയായിരുന്നു, ചിന്തയുടെയും ഭാവനയുടെയും പുതിയൊരു ലോകം. എനിക്ക് എന്റെയുള്ളിലുള്ള എം ടിയേയും മുകുന്ദനെയും (എന്‍ എസ്) മാധവനെയും ആനന്ദിനെയും വി കെ എന്നിനെയുമൊക്കെ ആദ്യം കൊല്ലണം, അയ്യപ്പന്‍റെ കഥകള്‍ മനസ്സിലാവാന്‍. അദ്ദേഹം നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും എന്നെനിക്കുറപ്പാണ്.. അദ്ദേഹത്തിന്റെ കഥകളിലെ കഥാപാത്രങ്ങളെപ്പോലെ.. RIP." [എന്റെ സുഹൃത്ത് രഞ്ജിത്ത്, ഫെയ്സ്ബുക്കില്‍.]

ടെലിവിഷന്‍ ചാനലുകള്‍ ദളിത്‌ സാഹിത്യകാരന്‍ സി അയ്യപ്പന്‍ അന്തരിച്ചു എന്നുപറഞ്ഞ് അദ്ദേഹത്തെ ഒതുക്കി. പത്രങ്ങളാകട്ടെ ഉള്‍പ്പേജിലെ ഒറ്റക്കോളം വാര്‍ത്തയിലും. അങ്ങനെ ഒതുങ്ങേണ്ടിയിരുന്ന ഒരാളല്ല ശ്രീ സി അയ്യപ്പന്‍. ശ്രീ അജയ് ശേഖര്‍ പറയുന്നതുപോലെ, എഴുതിയ കഥകള്‍ എണ്ണത്തില്‍ കുറവാകാമെങ്കിലും കഥയുടെ ശില്പവിദ്യയില്‍ അദ്ദേഹത്തിന്റെ കരവിരുത് മലയാളത്തിലെ എന്നല്ല ഏതൊരു ഭാഷയിലെയും മികച്ച കഥയെഴുത്തുകാരോട് കിടപിടിയ്ക്കുന്നതാണ്.

(Ajay Sekher continues in his e-mail : "..His opening of the new radical idiom and a new expression that rendered visible the micro operations of caste and gender in our society in the contemporary world are extremely valuable and unprecedented in the domain of the short story in our language. It is also an instance to expose the hidden erasures operating in our public sphere and media spaces..")

'ഞണ്ടുകള്‍' ഗുവാഹട്ടിയിലേയ്ക്ക് കൂട്ടുകാര്‍ വഴി തന്നയച്ച, അങ്ങനെ എനിക്ക് സി അയ്യപ്പനെ പരിചയപ്പെടുത്തിയ (അന്ന് ഞാന്‍ കണ്ടിട്ടുപോലുമില്ലാത്ത) കെ പി റഷീദിന്‌ നന്ദി -- അല്ലെങ്കില്‍ ഒരുപക്ഷേ ഞാനും ഇപ്പൊ ചോദിച്ചേനെ ആരാ ഈ സി അയ്യപ്പന്‍ എന്ന്.

 *   *   *

എന്നാല്‍ ശ്രീ ജോണ്‍സണ്‍ അങ്ങനെയുള്ള ഒരാളായിരുന്നില്ല. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും മലയാളം സിനിമാപ്പാട്ട് കേട്ടിട്ടുള്ളവര്‍ക്കൊക്കെ ജോണ്‍സണെ അറിയാം. പത്രക്കാര്‍ക്കും ടി വിക്കാര്‍ക്കും എഫ് എം റേഡിയോക്കാര്‍ക്കും ഒക്കെ അറിയാം.

ഡിഗ്രി ചെയ്തിരുന്ന കാലത്ത് (1993-1997) മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് എനിക്കുണ്ടായിരുന്ന ഒറ്റയുത്തരം ജോണ്‍സണ്‍ എന്നാണ്. ഔസേപ്പച്ചന്‍, മോഹന്‍ സിതാര, രവീന്ദ്രന്‍, ബോംബെ രവി ഒക്കെ അതിന്റെ താഴെയാണ് നിന്നത്. ആ പ്രായത്തില്‍ ജോണ്‍സണ്‍ സ്റ്റൈല്‍ പാട്ടുകളാണ് കൂടുതല്‍ പ്രിയം എന്നതുകൊണ്ടായിരിക്കാം. ജോണ്‍സണ്‍ 1988-1993 കാലത്ത് കുറെയധികം നല്ല പാട്ടുകള്‍ ചെയ്തു എന്നതുകൊണ്ടായിരിക്കാം. വല്ലാതെ ക്ലാസിക്കല്‍ ആയ സംഗീതം ആസ്വദിക്കാന്‍ അധികം കഴിവില്ലാത്തതുകൊണ്ടും ആയിരിക്കാം.

1996-ല്‍, ആദ്യമായി ഒരു വാക്ക്മാന്‍ സ്വന്തമായി വാങ്ങിയപ്പോള്‍, ഞാന്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ പതിനാല്‌ ഓഡിയോ കാസറ്റുകളിലായി റെക്കോഡ് ചെയ്തപ്പോള്‍ അതില്‍ രണ്ട്‌ കാസറ്റ്‌ മുഴുവന്‍ ജോണ്‍സന്റെ പാട്ടുകളായിരുന്നു. ഒന്ന് അല്പം ശോകച്ഛായയുള്ള പാട്ടുകള്‍, മറ്റേത് കുറച്ചുകൂടി pleasant mood-ലുള്ള പാട്ടുകള്‍. മുഴുവനായി ഒരു മ്യൂസിക് ഡയറക്ടര്‍ ചെയ്ത പാട്ടുകള്‍ക്ക് മാത്രമായി dedicate ചെയ്ത വേറൊരു കാസറ്റും ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.

എന്റെ ഏറ്റവും പ്രിയപ്പെട്ട ചില പാട്ടുകള്‍ താഴെ.

സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ.. (ഇതു ഞങ്ങളുടെ കഥ)
മോഹം കൊണ്ടുഞാന്‍.. ദൂരെയേതോ.. (ശേഷം കാഴ്ചയില്‍)
എന്റെ മണ്‍വീണയില്‍.. (നേരം പുലരുമ്പോള്‍)
അറിയാതെ.. അറിയാതെ.. (ഒരു കഥ ഒരു നുണക്കഥ)
ആടിവാ കാറ്റേ.. പാടിവാ കാറ്റേ.. (കൂടെവിടെ)
നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ.. (ഇസബെല്ല)
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി.. (ഒരു മിന്നാമിനുങ്ങിന്റെ..)
മായപ്പൊന്മാനേ നിന്നെത്തേടീ ഞാന്‍.. (തലയണമന്ത്രം)
പുല്‍ക്കൊടി തന്‍ ചുണ്ടത്തു പെയ്തൊരു.. (പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍)
തങ്കത്തോണി.. തെന്‍മലയോരം കണ്ടേ.. (മഴവില്‍ക്കാവടി)
മൈനാകപ്പൊന്‍മുടിയില്‍ പൊന്നുരുകിത്തൂവിപ്പോയ്.. (മഴവില്‍ക്കാവടി)
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം.. (പൊന്‍മുട്ടയിടുന്ന താറാവ് )
രാജഹംസമേ.. (ചമയം)
അന്തിക്കടപ്പുറത്തോരോലക്കുടയെടുത്ത്.. (ചമയം)
മഞ്ചാടിമണികൊണ്ട്‌ മാണിക്യക്കുടം നിറഞ്ഞൂ.. (ആധാരം)
മൌനത്തിന്‍.. ഇടനാഴിയില്‍ ഒരു ജാലകം.. (മാളൂട്ടി)
ശ്രീരാമനാമം ജപസാരസാഗരം.. (നാരായം)
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം.. (ഞാന്‍ ഗന്ധര്‍വ്വന്‍)
പാലപ്പൂവേ.. നിന്‍ തിരുമംഗല്യത്താലി തരൂ.. (ഞാന്‍ ഗന്ധര്‍വ്വന്‍)
ഊഞ്ഞാലുറങ്ങി, ഹിന്ദോളരാഗം മയങ്ങി.. (കുടുംബസമേതം)
തേരോട്ടം.. ആനന്ദത്തേരോട്ടം.. (സ്നേഹസാഗരം)
പീലിക്കണ്ണെഴുതി.. (സ്നേഹസാഗരം)

ഇതില്‍ 'നില്‍പ്പൂ നീ ജനിമൃതികള്‍ക്കകലെ..' മിക്ക ജോണ്‍സണ്‍ ഓര്‍മ്മകളിലും കണ്ടില്ല.

  *    *    *

വെള്ളിയാഴ്ച രാവിലെ എനിക്കും ബേനയ്ക്കും ഒരു മകന്‍ ജനിച്ചു. മരിച്ചുപോയവരെയോര്‍ത്ത് ദു:ഖിക്കുകയല്ല വരാന്‍ പോകുന്നവര്‍ക്കുവേണ്ടി കാതോര്‍ക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌.

[ജോണ്‍സണ്‍ ഫോട്ടോ: മാധ്യമം]

ബുധനാഴ്‌ച, ജൂൺ 22, 2011

ഗുരുവായൂര്‍ മാഹാത്മ്യം

(തസ്നിയുടെ സംഭവം കേട്ടപ്പോള്‍ ഓര്‍മ്മവന്നത്)

അഞ്ചാറു വര്‍ഷം മുമ്പ്. സമയം പട്ടാപ്പകല്‍ : ഉച്ചയ്ക്ക് രണ്ടുമണി-മൂന്നുമണി. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഞാനും എന്റെ കൂട്ടുകാരിയും ബസ്സ് കാത്ത് ഇരിക്കുന്നു. കൂട്ടുകാരി കാണത്തക്ക വിധത്തില്‍ ഗര്‍ഭിണിയും ആണ്. കുറേപ്പേര്‍ 'ഒരുമാതിരി' നോട്ടം നോക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കാര്യമാക്കിയില്ല. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ എന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് കൊണ്ടുപോയി.  
 
എന്താണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം, എവിടെനിന്നാണ് വരുന്നത്, എങ്ങോട്ടാണ് പോവുന്നത് എന്നൊക്കെയുള്ള 'പതിവ് ചോദ്യങ്ങള്‍' ചോദിച്ചു അവിടത്തെ 'വലിയ' പോലീസുകാരന്‍. എന്റെ സുഹൃത്താണ് കൂടെയുള്ളത് എന്ന് പറഞ്ഞു, എറണാകുളത്തുനിന്നു വരുന്നതാണെന്നും വളാഞ്ചേരിയില്‍ എന്റെ വീട്ടിലേയ്ക്ക് പോവുകയാണ് എന്നും. എന്നോട് ചോദിച്ച ചോദ്യമൊക്കെ കൂട്ടുകാരിയോടും മാറ്റിനിര്‍ത്തി ചോദിച്ചു. (അവള്‍ക്ക് ഗുരുവായൂര്‍ വച്ചുതന്നെ ഇത് ഇത്തരത്തിലുള്ള രണ്ടാമത്തെ അനുഭവമായിരുന്നു!) 
 
പിന്നെ അയാള്‍ പറഞ്ഞു കുറച്ചുനേരമായി 'നാട്ടുകാര്‍' പരാതിപ്പെടുന്നു എന്ന്. എന്തിനാണ് പരാതി എന്ന് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ ആരെയും ശല്യപ്പെടുത്തിയിരുന്നില്ല, 'പരസ്യമായ പ്രേമപ്രകടനമോ' 'ശരീരപ്രദര്‍ശന'മോ ഒന്നും നടത്തിയിരുന്നുമില്ല. 'എന്നാലും നിങ്ങള്‍ ഇവിടെ ഇങ്ങനെ അധികനേരം ഇരിക്കരുത്' എന്നായി പോലീസ്. എന്റെ അച്ഛന്‍റെ നമ്പരും ചോദിച്ചു. അച്ഛനെ വിളിച്ച് അച്ഛന്‍റെ കയ്യില്‍നിന്നു നന്നായി കേട്ട് കഴിഞ്ഞപ്പോഴാണ് പോലീസുകാര്‍ക്ക് സമാധാനമായത്. (അയാളുടെ പണി കളയും എന്ന പോലെയൊക്കെ അച്ഛന്‍ ആളെ പേടിപ്പിച്ചു എന്ന് തോന്നുന്നു.)
 
പിന്നെ അയാള്‍ക്ക്‌ കുറച്ച്‌ സദാചാരം ക്ലാസ് എടുത്തുകൊടുത്ത് ഞങ്ങള്‍ അടുത്ത ബസ് കേറി വീട്ടില്‍ പോയി. കേരളത്തില്‍ നിറയെ ഇങ്ങനെയുള്ള നാട്ടുകാരും പോലീസുകാരും ഒക്കെ ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ബോംബെയിലൊക്കെ പോയി ജീവിക്കേണ്ടിവരുന്നത്‌ എന്നും പറഞ്ഞു. (ഇപ്പോള്‍ ഞാന്‍ ഒരു വര്‍ഷമായി കേരളത്തിലാണ് ജീവിക്കുന്നത് -- അതൊരു കഷ്ടപ്പാട് തന്നെയാണ്!)

   *    *    *

[രഞ്ജിനി കൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ എഴുതി:
"ഞാന്‍
വിവാഹിതയോ അവിവാഹിതയോ വിവാഹമോചിതയോ ആകട്ടെ..
പാല്‍വാങ്ങാന്‍ പോകുന്നതോ പണിക്കു പോകുന്നതോ ആകട്ടെ
പെണ്ണ് കാണാന്‍ പോകുന്നതോ ഒളിച്ചോടി പോകുന്നതോ ആകട്ടെ
ഒറ്റയ്ക്കോ കൂട്ടമായോ കൂട്ടുകാരോടോപ്പമോ ആകട്ടെ
ബസ്സിലോ ട്രെയിനിലോ ഓട്ടോയിലോ സയ്ക്കിളിലോ ആകട്ടെ
രാത്രിയോ പകലോ സന്ധ്യയോ ഉച്ചയോ ആകട്ടെ
കേരളമോ ബാംഗ്ലൂരോ ബോംബെയോ ഡെല്‍ഹിയോ ആകട്ടെ
സ്വതന്ത്രവും നിര്‍ഭയവും ആയിരിക്കുന്നത് എന്റെ അവകാശമാണ്"]