സോറി ഇത് എന്റെ രാഷ്ട്രീയമല്ല : എന്ന്, ഒരു ബഹുജൻ പുരുഷൻ


കെ എസ് സുദീപ് 

(സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അവരുടെ മനസ്സിൽ അതുണ്ടാക്കുന്ന മുറിവുകളെക്കുറിച്ചുമൊന്നും പുരുഷന്മാർക്ക് മനസ്സിലാവില്ല, അവർ അക്കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല അല്ലെങ്കിൽ അവരുടെ അഭിപ്രായത്തിന് വിലയില്ല എന്ന് പറയാറുണ്ട്. അതുകൊണ്ട് കുറച്ച് പേടിച്ചുതന്നെയാണ് ഇതെഴുതുന്നത്. ഞാൻ പറയുന്നതിൽ കാര്യമുണ്ടാവില്ല എന്നുറപ്പുള്ളവർക്ക് ഇത് വായിക്കാതെ വിടാവുന്നതാണ്.)


രതി രഞ്ജിത്ത്, ചാന്ദ്നി ലത, സ്നേഹാ എയ്ഞ്ചൽ എന്നീ സ്ത്രീകളുടെ തുറന്നുപറച്ചിലുകളിൽ നിന്ന് തുടങ്ങിയ കേരളത്തിലെ ഈ 'രണ്ടാം മീറ്റൂ' മൂവ്മെന്റ് (തൊമ്മിക്കുഞ്ഞ് രമ്യാ, ആമി രൂപ് ഷൈന തുടങ്ങിയവർ പിന്നീട് തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞിരുന്നു), അതിന് ദേശീയ പത്രങ്ങളിൽ വരെ കിട്ടിയ കവറേജ്, ഇംഗ്ലീഷ് പത്രത്തിൽ റിപ്പോർട്ട് വന്നപ്പോൾ (Vandana Mohandas, 'Beyond the facade : A second spell of the #MeToo movement is causing ripples across Kerala’s intellectual circles', ഡെക്കാൻ ക്രോണിക്കിൾ, 2018 ഓഗസ്റ്റ് 3) അത് ചില 'സവർണ്ണ' ഫെമിനിസ്റ്റുകളുടെ ആഖ്യാനങ്ങൾ മാത്രമായത്, അതിൽ നിന്ന് ഈ മൂവ്മെന്റിന്റെ ഒറിജിനൽ പടനായികമാർ പുറത്തായതിനെപ്പറ്റിയുള്ള ചില ആവലാതികളും വിശകലനങ്ങളും, ഈ 'പുതിയ മീറ്റൂ' മൂവ്മെന്റിന്റെ പ്രശ്നങ്ങളെപ്പറ്റി ജെനി റൊവീനയും ശ്രീബിത പി വിയും ചേർന്ന് എഴുതിയ 'ഇത് ഞങ്ങളുടെ രാഷ്ട്രീയമല്ല! ദലിത് ബഹുജന്‍ സ്ത്രീകളുടെ ആഖ്യാനങ്ങളും (സവർണ) ഫെമിനിസവും' എന്ന ലേഖനം. ഇത്രയും എന്റെ മുന്നിലുണ്ട്. മുഴുവനായിട്ടല്ലെങ്കിലും.



ഈ വിഷയത്തിൽ ഷാഹിനയും ആശാ റാണിയും മിനി സുകുമാറും ഒക്കെ ഉൾപ്പെടെ പല പ്രമുഖ ഫെമിനിസ്റ്റുകളും പറഞ്ഞതൊന്നും 'എന്റെ രാഷ്ട്രീയമല്ല' എന്ന് പറഞ്ഞതുപോലെത്തന്നെ ഉത്തരകാലത്തിൽ ജെനിയും ശ്രീബിതയും പറയുന്ന പല കാര്യങ്ങളും 'എന്റെ രാഷ്ട്രീയമല്ല' എന്ന് എനിക്ക് പറയേണ്ടി വരുന്നു. (രേഖാ രാജ്, പ്രവീണാ താളി എന്നിവർ എന്നെ അതിനു മുമ്പുതന്നെ ബ്ലോക്ക് ചെയ്തിരുന്നതുകൊണ്ട് അവരുടെ പോസ്റ്റുകളുടെ പൊട്ടും പൊടിയും ഒക്കെ മറ്റുള്ളവരുടെ പോസ്റ്റുകളിൽ കണ്ടതേ ഉള്ളൂ, കണ്ടിടത്തോളം അവരുടെ പോസ്റ്റുകളുടെ സ്വഭാവത്തോടും എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുഴുവൻ വായിക്കാത്തതുകൊണ്ട് അതിനെപ്പറ്റി പറയാൻ നിൽക്കുന്നില്ല. ഈ സംഭവപരമ്പരകൾക്ക് ശേഷം ഷാഹിനയും എന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.)

ജെനിയുടെയും ശ്രീബിതയുടെയും ലേഖനത്തിലേക്ക് വന്നാൽ, അതിൽ പറയുന്ന വാക്കുകൾ തന്നെ കടമെടുത്താൽ, 'രൂപേഷിന്റെയും രജേഷിന്റെയും നേരെ വന്ന ആരോപണങ്ങളെ ഉപയോഗിച്ചു കൊണ്ട് അത്യന്തം ആക്ഷേപകരമായ രീതിയിൽ അവരെ അധിക്ഷേപിക്കുന്ന ഒരു ആൾക്കൂട്ടത്തിന്റെ അക്രമാസക്തിയെ' പ്രശ്നവൽക്കരിക്കേണ്ടതുണ്ട് എന്നുതന്നെ ഞാൻ കരുതുന്നു. 'ചിലർ അമാനവ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞു കൊണ്ട് രൂപേഷിനെയും രജേഷിനെയും സാമൂഹികമായി ഒറ്റപ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തിലുള്ള ക്രൂരമായ വാദങ്ങളാണ് മുന്നോട്ടു വെച്ചത്' എന്ന് പറഞ്ഞതിനോടും യോജിക്കുന്നു. (ഫക്ക് ഹ്യുമനിസം എന്ന അമാനവസംഗമ പോസ്റ്ററിനെപ്പറ്റി സൂചിപ്പിച്ചുകൊണ്ട്, 'അമാനവർ ഫക്ക് ചെയ്യാനല്ല റേപ്പ് ചെയ്യാനാണ് നടക്കുന്നത്' എന്നു പറഞ്ഞായിരുന്നു ഈ വിഷയത്തിലെ തന്റെ ആദ്യത്തെ പോസ്റ്റിൽത്തന്നെ മാധ്യമപ്രവർത്തക ഷാഹിന നഫീസ ഈ തുറന്നുപറച്ചിലുകൾ 'ആഘോഷിച്ചത്' എന്നത് ഈ സമയത്ത് ഓർക്കാതെ വയ്യ. ആ പോസ്റ്റിന് കിട്ടിയ കയ്യടികളും.) അത്തരത്തിലുള്ള ക്രൂരതയെ, രാഷ്ട്രീയമായ റദ്ദ് ചെയ്യലുകളെ, ഒറ്റപ്പെടുത്തലുകളെ ഒക്കെ ഏതെങ്കിലുമൊക്കെ തലത്തിൽ നേരിടേണ്ടതുണ്ട് എന്നും കരുതുന്നു. എന്നാൽ അത് ഈ തുറന്നുപറച്ചിലുകൾ നടത്തിയ സ്ത്രീകളെയും അവരുടെ തുറന്നുപറച്ചിലുകളെയും പരിഹസിച്ചുകൊണ്ടാവരുത് എന്നൊരപേക്ഷയുണ്ട്.
  

വരേണ്യ തൊഴിൽ / വിദ്യാഭ്യാസ ഇടങ്ങളും ദളിതരും : പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് 

"..റയാ സര്‍ക്കാറിന്റെ ലിസ്റ്റായാലും കേരളത്തിലെ തുറന്നു പറച്ചിലുകളെ കുറിച്ചുള്ള വായനകളായാലും സവര്‍ണ-ഫെമിനിസ്റ്റ് ആശയങ്ങള്‍ക്കുള്ളില്‍ ജാതി-ലിംഗ-വര്‍ഗ ഘടനകളെയും മറ്റു അധികാരങ്ങളെയും കണക്കിലെടുക്കാതെയാണ് നിലനില്‍ക്കുന്നത് എന്നതാണ് വാസ്തവം" എന്നു ലേഖനത്തിൽ പറയുന്നുണ്ട്. "ബഹുഭൂരിപക്ഷം ദലിത് ബഹുജന്‍ സ്ത്രീകളും അസംഘടിതവും അനൗപചാരികവുമായ മേഖലകളില്‍ തൊഴിലെടുക്കുന്ന ഒരു ലോകത്ത്, സവര്‍ണ സ്ത്രീകള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന വരേണ്യ തൊഴിലിടങ്ങളില്‍ (അക്കാദമി, മാധ്യമലോകം തുടങ്ങിയവ) നടക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചാണിവിടെ എല്ലാ ചര്‍ച്ചകളും നടക്കുന്നത്." എന്നൊക്കെയാണ് അതിന് ഒരു കാരണം പറയുന്നത്. ദലിതരൊക്കെ കൂലിപ്പണി എടുത്ത് ജീവിച്ചോളണം, അവിടത്തെ പ്രശ്നങ്ങളെപ്പറ്റിയൊക്കെ പറഞ്ഞ് അടങ്ങി ഒതുങ്ങി ഇരുന്നോളണം, അല്ലാതെ 'വരേണ്യ' തൊഴിൽ / വിദ്യാഭ്യാസ ഇടങ്ങളിലെ പ്രശ്നങ്ങളൊന്നും പറഞ്ഞു പ്രശ്നമുണ്ടാക്കാൻ വരരുത് എന്നൊക്കെ പറയുന്നതിന്റെ ഒരു വകഭേദം മാത്രമായി തോന്നി അത്. ഹൈദരാബാദ് സർവ്വകലാശാല പോലുള്ള 'വരേണ്യ' വിദ്യാഭ്യാസ ഇടങ്ങളിൽ ദലിത്-ബഹുജൻ ദൃശ്യത വലിയ തോതിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, മാധ്യമങ്ങളുൾപ്പെടെയുള്ള തൊഴിലിടങ്ങളിലെ ദലിതരുടെ അദൃശ്യതയും അവിടെ ഉള്ള വിരലിലെണ്ണാവുന്ന ദലിത് സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളുമെല്ലാം ചർച്ചയായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, ജാതീയവും വംശീയവും ലിംഗപരവും ഒക്കെയായ വിവേചനങ്ങൾ ഇത്തരം ഇടങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് കൂടുതൽ കൂടുതൽ ചർച്ച ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇടങ്ങൾ മാറുന്നതിനനുസരിച്ച് വിവേചനങ്ങളുടെ രീതിയും മാറിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ട് ഏറെ ഗൗരവത്തിൽ കാണേണ്ട ഒരു വിഷയമല്ലേ അത്? അല്ലാതെ അക്കാദമി, മാധ്യമലോകം തുടങ്ങിയ വരേണ്യ ഇടങ്ങളിലെ വിവേചനങ്ങളെപ്പറ്റി (പോളണ്ടിനെപ്പറ്റി എന്നതുപോലെ) ഒരക്ഷരം മിണ്ടിപ്പോവരുത് എന്ന പോലെയുള്ള നിലപാടെടുക്കുന്നത് എത്രത്തോളം ആശാസ്യമാണ്?

ലേഖനത്തിൽ സൂചിപ്പിക്കുന്നതുപോലെ 'തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ചെറുക്കാന്‍ രൂപംകൊടുത്ത വിശാഖ മാര്‍ഗനിര്‍ദേശങ്ങള്‍' അനുസരിച്ച് മാത്രമൊന്നുമല്ല ഇത്തരം വിവേചനങ്ങളെക്കുറിച്ചുള്ള വ്യവഹാരങ്ങൾ ഉണ്ടായിട്ടുള്ളതും ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നതും. (ന്യൂസ് 18-ലെ മാധ്യമപ്രവർത്തക ശരണ്യമോളുടെ കാര്യം വരേണ്യ മാധ്യമ ഇടത്തിലെ വിവേചനത്തിന്റെയും അതിനോടുള്ള പോരാട്ടത്തിന്റെയും ഈയടുത്ത കാലത്തെ ഒരുദാഹരണമാണ്). ഇത്തരം ഇടങ്ങളിലെ 'ജാതി-ലിംഗ-വര്‍ഗ സങ്കീര്‍ണതകള്‍ ഒന്നും കാണാതെ' ആണ് അവിടങ്ങളിലെ ദലിത്-ബഹുജൻ സ്ത്രീകളെല്ലാം ഇത്തരം വിവേചനകളോട് ഇടപെട്ടിട്ടുള്ളത് / പോരാടിയിട്ടുള്ളത് എന്ന മുൻവിധി ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, ഖേദകരമാണ്. 

കർതൃത്വങ്ങളെ റദ്ദ് ചെയ്യൽ, പല രീതികളിൽ

ആരോപണങ്ങൾ ഉന്നയിച്ച സ്ത്രീകളുടെ കർതൃത്വം റദ്ദ് ചെയ്യുന്ന തരത്തിലായിരുന്നു മിക്ക 'സവർണ്ണ ഫെമിനിസ്റ്റുകളും' (നിഖിലാ ഹെൻറിയെപ്പോലെ ചില 'കീഴാള' / 'അമാനവ'പക്ഷ സ്ത്രീകളും) ഈ വിഷയത്തെ ഏറ്റെടുത്ത് രൂപേഷിന്റേയോ രജീഷിന്റെയോ അവർ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയങ്ങളുടെയോ ഒക്കെ നാവടപ്പിക്കാനും അവരുടെ രാഷ്ട്രീയത്തിന്റെ തന്നെ 'പാപ്പരത്തം' (political bankruptcy) ആയി ഇതിനെയെല്ലാം വിധിയെഴുതാനും ഒരുങ്ങി ഇറങ്ങിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മറ്റൊരു തരത്തിൽ ഈ ലേഖനവും ആ സ്ത്രീകളുടെ കർതൃത്വം റദ്ദ് ചെയ്യുക തന്നെയാണ് ചെയ്യുന്നത്, ഇതിനെ 'സവർണ്ണ ഫെമിനിസ്റ്റുക'ളുടെ ഒരു വിഷയം മാത്രമായി മാറ്റുന്നതിലൂടെ.
'സവര്‍ണ സ്ത്രീകളുടെ ‘നന്മ’ക്കെതിരെ കീഴാള സ്ത്രീകളെ ദുര്‍നടത്തിപ്പുകാരികളായി ചിത്രീകരിച്ച്, ഇവരെ കൂടുതല്‍ ആക്രമണത്തിനിരയാക്കുന്ന രീതികള്‍ ഇത്തരമൊരു (സവര്‍ണ) ഫെമിനിസ്റ്റ് രാഷ്ട്രീയം തിരിച്ചറിയണമെന്നില്ല' എന്ന വരികളിലെ ധാർഷ്ട്യം നോക്കുക. കീഴാള സ്ത്രീകളെ ദുര്‍നടത്തിപ്പുകാരികളായി ചിത്രീകരിച്ച്, ഇവരെ കൂടുതല്‍ ആക്രമണത്തിനിരയാക്കുന്ന രീതികളെപ്പറ്റി ഇത്തവണത്തെ കീഴാള സ്ത്രീകളുടെ തുറന്നുപറച്ചിലുകളുടെ പശ്ചാത്തലത്തിൽ പറയുന്നതുതന്നെ ഈ തുറന്നുപറച്ചിലുകൾ നടത്തിയ കീഴാള സ്ത്രീകളെയാണ് പ്രാഥമികമായി അപമാനിക്കുന്നത്.
"മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കിയാല്‍ ഒ.ബി.സി പുരുഷന്‍മാര്‍ തങ്ങളുടെ ഭര്‍ത്താക്കന്‍മാരാകാന്‍ പോകുന്ന സവര്‍ണ പുരുഷന്‍മാരുടെ ജോലി തട്ടിയെടുക്കുമെന്ന് ആശങ്കപ്പെട്ട് ചൂലുമെടുത്ത് തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയ സവര്‍ണ സ്ത്രീകളെ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും" എന്ന് ജെനിയും ശ്രീബിതയും പറയുന്നുണ്ട്. എന്തുകൊണ്ടാണ് അത് ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും എന്നവർക്ക് തോന്നുന്നത്? ഇത് അത്തരത്തിലുള്ള ഒരു context ആണോ? 

സവർണ്ണ സ്ത്രീകൾ 'ചെറിയ കാരണങ്ങള്‍ക്ക് പോലും കീഴാള പുരുഷന്‍മാരെ അക്രമികളായി മുദ്രകുത്തി ശിക്ഷിക്കുന്നതും പുറത്താക്കുന്നതും' ആയ ഒരാംഗിൾ ഈ വിഷയത്തിൽ വരുന്നത് ഈ സംഭവങ്ങളെ ഏറ്റെടുത്തുകൊണ്ടുള്ള (ജാതി കൊണ്ടോ പ്രിവിലിജ് കൊണ്ടോ) സവർണ്ണരായ സ്ത്രീകളുടെ നറേറ്റിവിലാണ്. അതിനെ അഡ്രസ് ചെയ്യണമെന്നു കരുതുന്നതും അതേ സമയം ഈ വിഷയത്തിൽ അതിനേക്കാൾ പ്രധാനമെന്ന് ഞാൻ കരുതുന്ന 'അവർണ്ണ' സ്ത്രീ നറേറ്റിവുകൾ അഡ്രസ് ചെയ്യാതെ വിടുന്നതും ക്രൂരമാണ്.

ഈ 'തുറന്നുപറച്ചിലുകൾ' നടത്തിയ സ്ത്രീകളിലൊരാൾ, Sneha Angel, എന്റെ സുഹൃത്ത് കൂടിയാണ്. അവർ ഈ വിഷയത്തിൽ ഇട്ട ഒരേയൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഞാനിവിടെ quote ചെയ്യാനുള്ള സ്വാതന്ത്ര്യമെടുക്കുന്നു : 

"ആ പേരറിയാത്ത പെൺകുട്ടി ഞാനായതിനാലും 'അമാനവരുടെ ശിക്ഷണത്തിൽ വളരുന്ന പെൺകുട്ടി'യായതിനാലും രജീഷ് പോളിനെ കുറിച്ച് പറഞ്ഞാൽ പലരും അതിനെ രാഷ്ട്രീയ വൈരാഗ്യം തീർക്കുമെന്നും നിനക്കങ്ങനെ തന്നെ വേണം എന്ന രീതിലുള്ള പറച്ചിലുകൾ കേക്കുമെന്നറിയുന്നതു കൊണ്ടും അയാളേം രൂപേഷട്ടനെയൊക്കെ പോലെ ഇഷ്ടം തോന്നിയ ബഹുമാനം തോന്നിയാൾക്കാരൊരിക്കലും ഞാൻ പറയുന്നത് വക വെക്കില്ലാന്നറിഞ്ഞതുകൊണ്ടുമാണ് ഞാനിതുവരെ അതിനെകുറിച്ച് അല്ലെങ്കി ആ അവസ്ഥകളെകുറിച്ചൊന്നും പറയാത്തതും. (ഇപ്പോഴും പറയാൻ ആഗ്രഹിക്കുന്നില്ല.) അങ്ങനെ പോട്ടെന്ന് വച്ച് നിക്കുമ്പോഴാണ് ഞാനേറ്റും കൂടുതൽ ഇടപെടുന്ന ഇഷ്ടപെടുന്ന രൂപേഷട്ടനെകുറിച്ച് ഒരു പോസ്റ്റ് കാണുന്നത്. അത് അറിഞ്ഞപ്പോ നല്ല വിഷമമായി. അങ്ങനെ ആ വിഷമത്തിൽ തന്നെയാണ് രേഖ രാജിനോട് ഞാനെൻറെ കാര്യവും പറയുന്നത്. അവര്മായി ബന്ധമൊന്നുല്ലെങ്കിലും അവരിത് അറിയണം എന്ന് തന്നെയിണ്ടായിട്ടാണ് പറഞ്ഞത്. അത് അവർ അവരുടെതായ രീതിയിൽ പറഞ്ഞു. രാഷ്ട്രീയ പക പോക്കലാണെന്ന് ഞാൻ കരുതുന്നില്ല.ബാക്കിയുള്ള ചിലർ വൈരാഗ്യമൊക്കെ തീർക്കുന്നുണ്ടെങ്കിലും അതെൻറെ വിഷയമല്ല.എനിക്കാരുടെം രാഷ്ട്രീയമോ പരസ്പര വിയോജിപ്പുകളും പ്രശ്നങ്ങളും അറിയും ഇല്ല. അങ്ങനൊരു രീതിലെത്തിപെടരുതെന്നും ആഗ്രഹിക്കുന്നു.

അവരോട് എന്നല്ല ആരോടും എനിക്കിവിടെ രാഷ്ട്രീയമായി വൈരാഗ്യമില്ല. അവരേറ്റോം ഇഷ്ടപെട്ടതുകൊണ്ടുമാണ് ഞാനിത് രേഖരാജിനോട് പറയാൻ തയ്യാറായതും. ഇപ്പഴും ദേഷ്യവും സങ്കടവുമുണ്ട്. എന്നെ നുണച്ചിയാക്കിയാലും അതൊന്നും സത്യമല്ലാതായി പോവേം ഇല്ല. ഇതിൻറെ പേരിൽ അവരോളം ഇഷ്ടം തോന്നിയ കൈസ് അൺഫ്രാണ്ടിക്കിട്ടുണ്ട്. എന്നെ പേടിയാണെന്നാണ് പുള്ളി പറയുന്നെ. കൈസെന്തിനാ രജീഷ് പോളിൻറെ പൊട്ടനായ, ബുദ്ധിയില്ലാത്ത, ലിബറൽ/മോറൽ ഊളയായ എന്നെ പേടിക്കുന്നേന്ന് എനിക്കറീല്ല. കൈസിനോട് അത്രേം സ്നേഹം തോന്നിയത് കൊണ്ടാണോ അറീല്ല നല്ല വിഷമായി അങ്ങനെ പറഞ്ഞപ്പോ. എന്തായാലും ആരെയും ഉപദ്രവിക്കണമെന്നൊന്നും കരുതീട്ടല്ല. പറയണമെന്ന് തോന്നി. രജീഷ് അയാൾ ചെയ്ത കാര്യം സമ്മതിക്കുന്നില്ലെങ്കൽ പോലും ചെയ്തതിൽ ചിലതെങ്കിലും അയാൾക്കുള്ള ബോധത്തോടെ എന്നോട് ക്ഷമാപണത്തോടെ വളരെ സമാധനപരമായി സംസാരിച്ചു. എന്നെ സംബന്ധിച്ചിടത്തോളം എനക്കത്രെയൊക്കെമതിയാവും. എല്ലാർക്കുമല്ലെങ്കിൽ പോലും പലർക്കും സത്യാവസ്ത അറിയാം. ആരോടും സ്നേഹം തോന്നാത്തുകൊണ്ട് എല്ലാരോടും സ്നേഹം എന്ന് പറഞ്ഞ് അവസാനിപ്പിച്ചാൽ ബോറാവും. എങ്കിലും ഇതിനെ മറ്റ് താത്പര്യത്തിലെടുക്കാണ്ട് കൂടെ നിന്നവരോട് "

(തീരെ 'പവർലെസ്സ്' ആയ പൊസിഷനിൽ നിന്ന സ്നേഹ ഈ സംഭവത്തെ ഡീൽ ചെയ്ത രീതി എനിക്ക് വിശേഷിച്ച് ഇഷ്ടപ്പെട്ടിരുന്നു. രേഖാ രാജ് വഴി ഇത് പുറത്തു പറഞ്ഞതും അതുകഴിഞ്ഞ് പലയിടത്തായി ഇട്ട കമന്റുകളും പിന്നീട് അവർ തന്നെ ഇട്ട മേൽപ്പറഞ്ഞ പോസ്റ്റും ഒക്കെ. അതിന്റെ നറേറ്റിവ് ഇവർ ലേഖനത്തിൽ പറയുന്ന ഒരു 'സവർണ്ണ സ്ത്രീ നറേറ്റിവ്' അല്ല എന്ന് കാണാം). 

നെയിം ആൻഡ് ഷെയിം-ന്റെ പ്രശ്നങ്ങൾ

അക്രമിയുടെ പേരു വെളിപ്പെടുത്തി അവരെ നാണംകെടുത്തുക ('നെയിം ആൻഡ് ഷെയിം') എന്ന രീതി ഉപയോഗിച്ച് ലൈംഗികതയുമായി ബന്ധപ്പെട്ട സദാചാര ക്രമങ്ങള്‍ ലംഘിക്കുന്നതിനൊപ്പം ഉണ്ടാവുന്ന ‘അപമാനം’, ‘ചീത്തപ്പേര്’ എന്നിങ്ങനെയുള്ള സംഗതികളെ പുനരുത്തേജിപ്പിക്കുന്നത് ഇത്തരം തുറന്നുപറച്ചിലുകൾ വൈറൽ ആവാൻ കാരണമാവുന്നു എന്ന നിരീക്ഷണത്തോട് യോജിക്കുന്നു. 'മറ്റൊരു കുറ്റത്തിനുമില്ലാത്ത രീതിയില്‍ ഒരാളെ അപകീര്‍ത്തിപ്പെടുത്താനും കുറ്റം ചെയ്തവരെയും (പിടിക്കപ്പെടുമ്പോള്‍) അതിന്റെ ഇരകളെയും ഒരു പോലെ ‘ഇല്ലാതാക്കാനും’ (പ്രത്യേകിച്ച് കീഴാള സ്ഥാനങ്ങളിലുള്ളവരെ) ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കഴിയും' എന്നതിനോടും. 'അമാനവരെ കണ്ടാൽ അടിച്ചുകൊല്ലുക' എന്ന മട്ടിലുള്ള എഫ് ബി പ്രതികരണങ്ങൾ സമൂഹത്തിന്റെ ഈയൊരു മനോനിലയുടെ പ്രതിഫലനങ്ങൾ തന്നെയായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം പലരിൽ നിന്നും തങ്ങളുടെ മേലുണ്ടായ ആക്രമണങ്ങളെപ്പറ്റി തുറന്നുപറയാത്ത സ്ത്രീകളുമുണ്ട് (അത് അവർ സ്വകാര്യസംഭാഷണങ്ങളിൽ എന്നോട് പറഞ്ഞിട്ടുണ്ട്). 

വളരെ സങ്കീർണ്ണമായൊരു വിഷയമാണത്, ഇത്തരത്തിലുള്ള 'ഇല്ലാതാക്കലുകൾ' ഉണ്ടാവും എന്നതുകൊണ്ട് തനിക്കുനേരെ ഉണ്ടായ ഒരാക്രമണത്തെപ്പറ്റി പറയാതിരിക്കുക എന്ന തീരുമാനമെടുക്കുന്നത് ഒരിക്കലും ഒരു സ്ത്രീയ്ക്ക് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. തുറന്നുപറച്ചിലുകളോ തുറന്നുപറഞ്ഞവരോ അല്ല സമൂഹമാണ് ആ വിഷയത്തിൽ പ്രധാന കുറ്റവാളി. തുറന്നുപറച്ചിലുകളെ കുറ്റം പറഞ്ഞുകൊണ്ട് നേരിടേണ്ട ഒരു വിഷയമല്ല അത് എന്നാണെനിക്ക് തോന്നുന്നത്.

'ലൈംഗിക സദാചാരം സ്ത്രീ-പുരുഷ ബന്ധങ്ങളെ മാത്രമല്ല, ജാതി ഘടനകളുടെ അതിരുകളെ തന്നെയാണ് എന്നും നിലനിര്‍ത്താന്‍ സഹായിച്ചിട്ടുള്ളത് ' എന്നത് ശരിയാണ്, എന്നാൽ ഒരാൾ, അവർ 'ലൈംഗിക സദാചാര'ത്തിന്റെ അതിരുകളിൽ നിൽക്കുന്ന ആളാണെന്നുതന്നെ വരട്ടെ, അയാളൊരു 'നോ' പറയുമ്പോൾ അവിടെ അവരുടെ പാപബോധത്തെപ്പറ്റി പറഞ്ഞ് കളിയാക്കി കുറ്റബോധമുണ്ടാക്കുന്നത് ജാതി / ബൈബിൾ മൊറാലിറ്റിയും പാപത്തെക്കുറിച്ചുള്ള പാഠങ്ങളും പഠിപ്പിച്ച് കുറ്റബോധം ഉണ്ടാക്കുന്നതിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്? ഇനി ആ 'ലൈംഗിക സദാചാരത്തിന്റെ അതിരുകളി'ൽ നിൽക്കാത്ത ഒരാളാണെന്ന് വരികിലും ഒരാൾക്ക് ഒരു സമയത്ത് ഒരു നോ പറയാൻ തോന്നിയാൽ എന്തുചെയ്യും? ഇതൊക്കെ ഒരാളെ 'ഇല്ലാതാക്കാ'നുള്ള വിഷയങ്ങളാണ് എന്ന് കരുതിയല്ല ഞാനിത് പറയുന്നത്, ഇവിടെ പരാമർശിക്കപ്പെട്ട സംഭവങ്ങളെ,  തുറന്നുപറച്ചിലുകളെ എല്ലാം മൊത്തമായി ഒരു 'സദാചാര ആക്രമണം' മാത്രമാക്കി ചുരുക്കിക്കാണിക്കുന്നതായി തോന്നിയതുകൊണ്ടാണ്.

"‘കളങ്കപ്പെടുന്ന സ്ത്രീ’ എന്ന ജാതി-ലിംഗപരമായ സങ്കല്‍പ്പമാണ് ജാതി-വംശ ഘടനകളെ നിലനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളതെന്ന് കാണാന്‍ കഴിയും" എന്നും ലേഖനത്തിൽ പറയുന്നുണ്ട്. ആ 'കളങ്കപ്പെടുന്ന സ്ത്രീ' സങ്കല്പത്തിൽ നിന്ന് എന്നോ പുറത്തുകടന്നവരാണ് ഇത്തവണത്തെ 'മി റ്റൂ' പറഞ്ഞവരിൽ ഏറിയ പങ്കും എന്നെനിക്ക് തോന്നുന്നതുകൊണ്ട് ആ ഭാഗം ഒരു തമാശയായേ എടുക്കുന്നുള്ളൂ. 


വിമർശനങ്ങളോടുള്ള പ്രതികരണങ്ങൾ

ഈ വിഷയത്തെക്കുറിച്ച് എഫ് ബിയിൽ രാധു രാജ് എസ് ഒരു പോസ്റ്റ് ഇട്ടിരുന്നു, അതിൽ അവർ ഇങ്ങനെ പറഞ്ഞു :

"അയാൾ (രൂപേഷ്) തെറ്റ് ഏറ്റു പറയും എന്നും (ന്യായീകരണങ്ങൾ ഇല്ലാതെ), ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ല എന്നും പ്രതീക്ഷ ഉണ്ട്. എത്ര വലിയ കുറ്റം ചെയ്തവർക്കും അത് തിരുത്താൻ അവസരം ഉണ്ടാകണം എന്നാണ് വിശ്വാസം. ക്യാപിറ്റൽ പണിഷ്മെന്റിന്റെ എതിർക്കുന്നവർ വരെ കുറ്റം ചെയ്തവരെ പതിറ്റാണ്ടുകളോളം പിന്തുടർന്ന് വിചാരണ ചെയ്യുന്നത് കണ്ട്, ഇതിലും ഭേദം തൂക്കികൊല്ലുന്നതായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

ഇപ്പോൾ, രൂപേഷ് ചെയ്ത തെറ്റിനെപ്പറ്റി പറയുമ്പോൾ സ്വത്വവാദികളെ, അമാനവരെ (അതെന്താണെന്ന് തമ്പുരാനറിയാം) ദളിത് ബഹുജൻ രാഷ്ട്രീയം പറയുന്നവരെന്ന് കോട്ട് ചെയ്ത് അക്രമിക്കുന്നത് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് പോലെയാണ്. നിങ്ങളുടെ ശരിക്കുള്ള പ്രശ്നം ഇവർ ചെയ്ത കുറ്റമാണോ അതോ ഇവർ കാലാകാലങ്ങളായി പറഞ്ഞ രാഷ്ട്രീയമാണോ? ജാതി പറയുന്നവൻ അല്ലേ നീ, ഹെട്രോ സെക്ഷ്വൽ ബ്രഹ്മണിക്ക് എന്ന് പറയുന്നവരല്ലേ എന്നൊക്കെ ആണ് കളിയാക്കൽ. ഈ പറയുന്നതൊക്കെ ആണോ നിങ്ങളുടെ യഥാർഥ പ്രശ്നം? 



പിന്നെയുള്ളത് ചില സവർണ ഇടതുപക്ഷ ഫെമിനിസ്റ്റുകൾ ആണ്. തങ്ങളുടെ പുരുഷന്മാർ കുറ്റാരോപിതർ ആകുമ്പോൾ മിണ്ടാതെ ഇരിക്കുകയോ അവർക്ക് അനുകൂല നിലപാട് എടുക്കുകയോ ചെയ്യുന്നവർ. ഈ പുരുഷന്മാരോട് സൗഹൃദം സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ, തകർച്ചയിൽ ഹഹഹ അടിക്കാൻ ഓടിവരുന്ന ഷാഹിന നഫീസയെ പോലുള്ളവരുടെ മാനസികാവസ്ഥ എന്താണ്? നിങ്ങൾ പ്രശ്നക്കാർ ആണെന്ന് പറഞ്ഞവർ ശരിക്കും പ്രശ്നക്കാർ ആണെന്ന് തെളിഞ്ഞ സന്തോഷമോ? അതോ, സ്വന്തം ഏജൻസി ഏറ്റെടുക്കരുത് എന്ന് പറഞ്ഞ ബഹുജൻ സ്ത്രീയോടുള്ള ചൊരുക്കോ? ന്യൂസ് 18 വിഷയത്തിൽ കൂട്ടുകാർക്കൊപ്പം നിന്നവരാണ്, കുട്ടികളെയടക്കം വാണിഭം ചെയ്യാൻ ശ്രമിച്ചു എന്ന കേസിൽ പിടിയിൽ ആയി ജയിലിൽ കിടന്നവർ (കുറ്റക്കാർ ആണെന്ന് തെളിയിക്കപ്പെട്ടില്ല, കുറ്റക്കാർ അല്ലെന്നും, ആരോപണവിധേയർ ആണ്) ഒക്കെയാണ് സകല ഇടങ്ങളിലും ഇവരെ ചീത്തവിളിക്കാൻ മുന്നിൽ നിൽക്കുന്നത്. അത് നിങ്ങളുടെ ഇഷ്ടം. പക്ഷേ, ഞങ്ങൾ ദളിത് ബഹുജൻ സ്ത്രീകൾക്ക് ആരേയും സംരക്ഷിച്ച് നിർത്താൻ ഉദ്ദേശം ഇല്ല. കൈയടിച്ച് ചിരിക്കാൻ വരുന്നവർ അത് മനസിലാക്കിയാൽ കൊള്ളാം.
ആരതിക്കും രമ്യക്കും പേര് വെളിപ്പെടുത്താത്ത സ്ത്രീകൾക്കും ഒപ്പമാണ്. അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ, മാനസികബുദ്ധിമുട്ടുകൾ കൃത്യമായി മനസിലാവുന്നുണ്ട്. അതിനെ മറികടക്കാൻ നിങ്ങൾക്ക് വേഗം സാധിക്കട്ടെ എന്ന് പ്രാർഥിക്കുന്നുണ്ട്."

രാധു രാജിന്റെ ഈ പോസ്റ്റ് ചെയ്ത് ഷഫീക്ക് സുബൈദ ഹക്കീം ഇട്ട പോസ്റ്റിൽ അതിന് ഷാഹിന കൊടുത്ത മറുപടി ഇങ്ങനെ പോയി : "രാധുരാജ് എന്ന പ്രൊഫൈൽ സീരിയസായ പ്രതികരണം അർഹിക്കുന്നതായി ഞാൻ മനസ്സിലാക്കിയിട്ടില്ല, മുസ്‌ലിങ്ങളുടെ തന്ത ചമയുന്ന ഒരാളായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ.." (ഈ വിഷയത്തിൽ മുസ്‌ലിങ്ങളെ കൊണ്ടുവന്ന ഷാഹിനയെ സമ്മതിക്കണം) "ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം കളിയിൽ ആർ എസ് എസ് കാരെപ്പോലും തോൽപ്പിക്കും" (തെറ്റിദ്ധരിക്കരുത്, ഷാഹിനയെപ്പറ്റിയല്ല രാധു രാജിനെപ്പറ്റിയാണ് ആ പറയുന്നത്) "അത് കൊണ്ട് അവരുടെ പോസ്റ്റിന്മേൽ സമയം വേസ്റ്റാക്കാൻ എനിക്ക് താല്പര്യമില്ല.."

ജെനി-ശ്രീബിത ലേഖനത്തിന്റെ ക്രൂരത


ഈ വിഷയത്തിൽ 'അക്രമാസക്തവും തീർത്തും ദലിത് – മുസ്‌ലിം വിരുദ്ധവുമായ ഒരു ആൾക്കൂട്ട വിചാരണ' നടന്നു എന്നു പറയുന്ന ഭാഗത്തോടൊന്നും എനിക്ക് പ്രശ്നമില്ല. പലരും തങ്ങളുടെ കണക്കുകൾ തീർക്കാനുള്ള ഒരവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയായിരുന്നു. മുസ്‌ലിം പക്ഷത്ത് നിലയുറപ്പിക്കുന്നവരായി നടിക്കുന്നവർ പോലും. എന്നാൽ അതിനെ കിസ് ഓഫ് ലവുമായി കൂട്ടിക്കെട്ടിയത് പരിഹാസ്യമായിട്ടാണ് എനിക്കനുഭവപ്പെട്ടത്. അതെന്തിനാണാവോ.

എന്നാൽ എന്റെ അഭിപ്രായത്തിൽ ഈ ലേഖനം ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത അവരുടെ വാദങ്ങളുടെ ദൗർബല്യമല്ല, മറിച്ച്, തുറന്നുപറച്ചിലുകൾ നടത്തിയ സ്ത്രീകളോട്, അവരുടെ തുറന്നുപറച്ചിലുകളോട്, അങ്ങേയറ്റം ഇൻസെൻസിറ്റിവ് ആയിരിക്കുന്നു അത് എന്നതാണ്. അതുകൊണ്ടുതന്നെയാവണം അതിനോട് ചാന്ദ്നി ലത (ഒരു എഫ് ബി കമന്റിൽ) ഇങ്ങനെ പ്രതികരിക്കുന്നത് : "വളരെ "മികച്ച" പോസ്റ്റ്. അപ്പോൾ ലൈംഗിക അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ച Sneha Angel, തൊമ്മിക്കുഞ്ഞ് രമ്യാ, Arathi Renjith ഞങ്ങളുടെ കൂടെ നിന്ന Rekha Raj, Praveena Thaali അടക്കമുള്ള ദളിത് ബഹുജൻ സ്ത്രീകളുടെ രാഷ്ട്രീയമെന്താണ് എന്നുകൂടി വ്യക്തമാക്കി തന്നാൽ കൊള്ളാമായിരുന്നു. പിന്നെ റേപ്പിസ്റ്റുകളും തലയിൽ ലിംഗവും ലിംഗബോധവും പേറി നടക്കുന്ന ദളിത്-ബഹുജൻ ആണുങ്ങളെ സംരക്ഷിച്ച് കുലസ്ത്രീകളാവേണ്ട ആവശ്യം ഞാൻ അടക്കമുള്ള ദളിത് ബഹുജൻ സ്ത്രീകൾക്കുണ്ടെന്ന് തോന്നുന്നില്ല. gender sensitive എന്ന വാക്കിന്റെ അർത്ഥമറിയാത്ത പോലീസ് മുറയിൽ ചോദ്യം ചെയ്യുന്ന, ആളുകളെ നോക്കി ദഹിപ്പിക്കുന്ന, സേഫ് സോണിൽ മാത്രം ജീവിക്കുന്ന നിങ്ങളെ പോലുള്ള സ്ത്രീകളുടെ രാഷ്ട്രീയമായിരിക്കും ഇത്. നിങ്ങൾക്ക് നിങ്ങളുടെ വിലകുറഞ്ഞ ജീവിതം നയിക്കുന്ന റേപ്പിസ്റ്റ് ആണുങ്ങളുടെ മാനം സംരക്ഷിക്കാം. അതുതന്നെയാണല്ലോ HCU പോലുള്ള ഒരു സർവ്വകലാശാലയിൽ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നതും. പക്ഷേ എല്ലാവരും അങ്ങനെ ആവണം എന്നു ശഠിക്കരുത്.ഞങ്ങളുടെ അനുഭവങ്ങളെ ബഹിഷ്കരിച്ചു കൊണ്ട് ഇത്തരം അക്കാദമിക് ഷിറ്റുകൾ പടച്ചു വിടുന്നമ്പോൾ മുഖത്ത് കാർക്കിച്ച് തുപ്പാനാണു തോന്നുന്നത്. ഈ ലേഖനത്തിലെ ആൺ ഭാഷയെ ശക്തമായി എതിർത്തു കൊണ്ട് പറയട്ടെ ഇത് എന്റെ രാഷ്ട്രീയമല്ല. എന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ സവർണ്ണ മനോഭാവം പേറുന്ന നിങ്ങളെ പോലുള്ള സ്ത്രീകൾക്ക് ഒരവകാശവും ഇല്ല. ഇത്തരം സ്റ്റഡി ക്ലാസുകളും വേണ്ട.
എന്ന്
ഒരു ബഹുജൻ സ്ത്രീ."



ആ കമന്റ് വന്ന അതേ പോസ്റ്റിനടിയിലായി കമന്റ് ത്രെഡിൽ സ്നേഹാ എയ്‌ഞ്ചൽ ലേഖനത്തെപ്പറ്റി പറഞ്ഞത് 'അത് വായിച്ചിട്ട് ഒന്നും മനസ്സിലാവ്ന്നില്ല' എന്നാണ്. ജിഷ കെ വി ഇങ്ങനെ പറയുന്നു : "Chandini Latha ഏ...എന്ന്റോ നീയെല്ലും? ബെർതേ HCU ൽ പോയി തിയറി പഠിച്ചിറ്റ് എന്ന് കാര്യം? ഏടെയാന്ന് എങ്ങനെയാന്ന് അതെല്ലും apply ചെയ്യണ്ടത് ന്ന് അമ്മായിമാർ പഠിപ്പിക്കുമ്പ പഠിക്കറാ.. ബെർതേ ഓറെ സുയിപ്പാക്കല്ല.. നമ്മ എനീം ബെഗിടാവാണ്ടിരിക്കാനല്ലേ അവര് പറീന്ന്???"

    *   *   *




(Quote ചെയ്തിട്ടുള്ളവർക്കൊക്കെ കടപ്പാട്. അതെല്ലാം പബ്ലിക് പോസ്റ്റുകൾ / കമന്റുകൾ ആയി എഫ് ബിയിൽ ഉള്ളതാണ്. സ്നേഹയുടെ പോസ്റ്റ് മാത്രം friends only ആയിരുന്നു എന്നു തോന്നുന്നു, ആ പോസ്റ്റിന്റെ കാര്യത്തിൽ ഞാൻ 'പബ്ലിക്കാക്കുക' എന്ന സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്)


    *   *   *


(ജെനിയുടെയും ശ്രീബിതയുടെയും ലേഖനത്തിനോട് എനിക്കുള്ള ചില പ്രശ്നങ്ങൾ പോസ്റ്റായും കമന്റുകളായും എഫ് ബിയിൽ പോസ്റ്റ് ചെയ്തപ്പോൾ അതിനോടുള്ള എന്റെ പ്രശ്നങ്ങൾ വിശദീകരിച്ച് ഒരു ലേഖനമാക്കി എഴുതിത്തരാൻ ഉത്തരകാലം ടീം പറഞ്ഞതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു കുറിപ്പ് / ലേഖനം എഴുതിയത്. "പ്രതികരണത്തിനാധാരമായ ലേഖനത്തെ ഗൗരവത്തിലെടുക്കാൻ താങ്കളുടെ ലേഖനം ശ്രമിക്കുന്നില്ല. മറ്റുള്ളവരുടെ സോഷ്യൽ മീഡിയാ ചർച്ചകൾ അതുപോലെ എടുത്തതിനാൽ നിരീക്ഷണങ്ങൾക്ക് പുതുമയുമില്ല. അതിനാൽ ലേഖനം പ്രസിദ്ധീകരിക്കുന്നില്ല. നന്ദി" എന്നാണ് ഈ ലേഖനം അയച്ചുകൊടുത്തപ്പോൾ ഉത്തരകാലത്തിൽ നിന്ന് കിട്ടിയ മറുപടി. 'ഗൗരവത്തിലെടുക്കുന്നില്ല', 'നിരീക്ഷണങ്ങൾക്ക് പുതുമയില്ല' എന്നിങ്ങനെയുള്ള അവരുടെ കമന്റുകളെപ്പറ്റി ഞാൻ ഒന്നും പറയാൻ നില്‍ക്കുന്നില്ല. ഇനിയും ലേഖനം എഴുതിത്തതരാന്‍ പറഞ്ഞ് ആനകളെയും തെളിച്ചുകൊണ്ട് ഈ വഴി വരില്ല എന്നു പ്രതീക്ഷിക്കുന്നു. ഉത്തരകാലത്തിന്‍റെ എഡിറ്റോറിയൽ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കിത്തരുവാനും പറഞ്ഞിട്ടുണ്ട്, ജെനിയുടെയും ശ്രീബിതയുടെയും ലേഖനം ഉത്തരകാലത്തിൽ വന്നതിന്റെയും അതിനുള്ള ഈ മറുപടി പോലും പ്രസിദ്ധീകരിക്കാൻ ഉത്തരകാലം തയ്യാറാവാഞ്ഞതിന്റെയും 'ധാർമ്മിക ഉത്തരവാദിത്ത'ത്തിന്റെ ഒരു പങ്ക് എന്റെ മേൽ കൂടി ഉണ്ട് എന്നതുകൊണ്ട്.)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ ഒറിജിനല്‍ കഥ

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

കൊലപാതകങ്ങള്‍