കേരളത്തിലെ ഗദ്ദാമമാര്‍
..ലോകത്തെവിടെയും ജോലിയ്ക്ക് നില്‍ക്കുന്നവരോടുള്ള മനുഷ്യത്വരഹിതമായ സമീപനത്തെ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ എന്ന ചിത്രം വരച്ചുകാട്ടുന്നുണ്ട്. അടിമകളെ നമുക്ക് എന്തും ചെയ്യാം, അവര്‍ തങ്ങളുടെ ദയ കൊണ്ട് ജീവിച്ചുപോവുന്നവരാണ് എന്ന മനോഭാവമാണ് അത്തരം പെരുമാറ്റത്തിന് പിന്നില്‍. അറബിനാട്ടില്‍ മാത്രമല്ല ഇതൊന്നും സംഭവിക്കുക എന്ന് വ്യക്തമാക്കിത്തന്നു ആലുവയില്‍ നിന്ന് ഏതാനും ദിവസം മുമ്പ് വന്ന വാര്‍ത്ത.
ആലുവയില്‍ ഒരു അഡ്വക്കെറ്റും ഭാര്യയും അവരുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന പെണ്‍കുട്ടിയെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നു എന്ന് പോലീസിനോട് സമ്മതിക്കുന്നു. എന്നുവച്ചാല്‍ അടിക്കുകയും പഴുപ്പിച്ച ഇരുമ്പും സിഗരറ്റും ഒക്കെ വെച്ച് പൊള്ളിക്കുകയും തിളച്ച വെള്ളം ഒഴിക്കുകയും.. സിനിമയില്‍ കണ്ടതൊന്നും ഇതിനു മുന്നില്‍ ഒന്നുമല്ല. ആ കുട്ടിയെ പട്ടിക്കൂട്ടില്‍ ഇടാറുള്ളത് നാട്ടുകാര്‍ കാണാറുണ്ടായിരുന്നു എന്നും വാര്‍ത്തകളില്‍ കണ്ടു. പെണ്‍കുട്ടി മരിച്ച ശേഷമാണ് നമ്മള്‍ ഇതെല്ലാം അറിയുന്നത്. അവളുടെ പേര് ധനലക്ഷ്മി. തമിഴ് നാട്ടുകാരിയാണ്.
സൌമ്യയും ഗോവിന്ദചാമിയും വാര്‍ത്തയായ പോലെ ഇത് വലിയ വാര്‍ത്തയായില്ല. ഗോപീകൃഷ്ണന്റെയോ സുജിത്തിന്റെയോ യേശുദാസന്റെയോ കാര്‍ട്ടൂണോ ടി വി ചര്‍ച്ചകളോ ഒന്നും കണ്ടില്ല. മരിച്ചത് തമിഴ് കുട്ടി, പ്രതികള്‍ മലയാളികള്‍, വേണ്ടത്ര വില്ലന്‍ ലുക്ക് ഇല്ലാത്ത ആള്‍ക്കാര്‍, കഥയില്‍ ഒരു ബലാല്‍സംഗം പോലുമില്ല.. ഇതിനു വേണ്ടത്ര ന്യൂസ് വാല്യൂ ഇല്ല എന്നുവേണം വിചാരിക്കാന്‍. (ഒരു ബെര്‍ളിത്തരം പോലും കണ്ടില്ല എന്ന് എന്റെ ഒരു സുഹൃത്ത് ഗൂഗിള്‍ ബസ്സില്‍).
അതിന് ശേഷം ഒരു മാര്‍ച്ച് എട്ടും വന്നുപോയി. കേരളത്തിലെങ്ങും “സൌമ്യാഞ്ജലി”കള്‍ നടന്നു. സൌമ്യയെപ്പറ്റി മലയാളത്തിലെ ആനുകാലികങ്ങള്‍ പലതും കവര്‍ സ്റ്റോറികള്‍ ചെയ്തു. സ്ത്രീസംഘടനകള്‍ നാടകം അവതരിപ്പിച്ചു. നല്ലത്. എന്നാല്‍ ധനലക്ഷ്മിയെപ്പറ്റി അപ്പോഴും ആരും മിണ്ടിയില്ല.
...
ലക്ഷക്കണക്കിന് ആളുകള്‍ കേരളത്തില്‍ വീടുകളില്‍ ജോലിക്ക് നില്‍ക്കുന്നുണ്ട്. ഇവരുടെയൊക്കെ ജീവിതം വീട്ടുകാരുടെ ദയവില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നത് ഒട്ടും ആശാവഹമായ സ്ഥിതിവിശേഷമല്ല. മിക്കവര്‍ക്കും മിനിമം വേതനം കിട്ടുന്നില്ല. എട്ടു മണിക്കൂര്‍ ജോലി എന്ന നിയമം ഇവിടെ ബാധകമല്ല. പലര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം അവധി പോലും കിട്ടുന്നില്ല. ഇത്തരം അടിസ്ഥാനപരമായ തൊഴില്‍ നീതിയ്ക്കുവേണ്ടിപ്പോലും സംസാരിക്കാന്‍ അവര്‍ക്ക് മിക്കവര്‍ക്കും ഭയമാണ്. എന്തുകൊണ്ടെന്നാല്‍ സൌദിയില്‍ വീട്ടുജോലിക്ക് നില്‍ക്കുന്ന അശ്വതിയെക്കാള്‍ ഏറെ മെച്ചമൊന്നുമല്ല അവരുടെ അവസ്ഥ. ദൂരെ സ്വന്തം ഗ്രാമത്തിലുള്ള വീട്ടുകാര്‍ക്ക് കഞ്ഞികുടിക്കാന്‍ ഇവര്‍ എന്തെങ്കിലുമൊക്കെ അയച്ചുകൊടുത്തിട്ടു വേണം. അല്ലെങ്കില്‍ കേരളത്തില്‍ തന്നെയുള്ള സ്വന്തം കുടുംബം പുലരുന്നത് ഇങ്ങനെ കിട്ടുന്ന നക്കാപിച്ചയില്‍ നിന്ന് എന്തെങ്കിലും കരുതിവച്ചിട്ടാണ്. അതുകൊണ്ടുതന്നെ ഗദ്ദാമ ഉന്നയിക്കുന്നത് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നവരുടെ മാത്രം പ്രശ്നങ്ങളല്ല — അറബിനാട്ടില്‍ നടക്കുന്ന കാര്യങ്ങളായി മാത്രം അതൊക്കെ കാണുന്നത് നമ്മളെ ഒരുതരത്തില്‍ സന്തോഷിപ്പിക്കുന്നുണ്ടാവാം എങ്കിലും.
[മുഴുവന്‍ പോസ്റ്റ് കൌണ്ടര്‍മീഡിയയില്‍ : കേരളത്തിലെ ഗദ്ദാമമാര്‍]
അഭിപ്രായങ്ങള്‍