ഒരു കഥ ഒറിജിനല്‍ കഥ

പണ്ടു പണ്ട്, 26/11 നും രണ്ടു ദിവസം മുമ്പ് ഒരുച്ചയ്ക്ക്, കൊച്ചി വിമാനത്താവളത്തിലെ പോലീസിനും പട്ടാളത്തിനും ഒരുമണിക്കൂറോളം ചെറുതായിട്ടൊരു പണി കിട്ടി. പണികൊടുത്തതാകട്ടെ, കണ്ടാല്‍ അത്ര അപകടകാരിയാണെന്ന് തോന്നിക്കാത്ത ഒരു മെഷീനും. ചരിത്രം 26/11കളുടേത് മാത്രമല്ല ഇത്തരം ചില ചെറിയ 24/11കളുടേത് കൂടിയാണ് എന്നതുകൊണ്ട് ആ കഥ ഇവിടെ എഴുതപ്പെടുകയാണ്.

നാലുമണിക്കാണു വിമാനം. ഡിപ്പാര്‍ചര്‍ സമയം 16:10. അങ്കമാലിക്ക് എപ്പോഴും വണ്ടിയില്ലാത്തതുകൊണ്ട് രാവിലെത്തന്നെ പരശുറാം എക്സ്പ്രസ്സിനു കയറിയ ഞാന്‍ രണ്ടേകാലായപ്പോഴേയ്ക്ക് വിമാനത്താവളത്തിലെത്തി. കഥ തുടങ്ങാന്‍ പതിനഞ്ചു മിനിട്ടുകൂടി ബാക്കിയുണ്ട്.

രണ്ടു വീടുകളില്‍ നിന്നായി കുറേ തേങ്ങയും വാഴയ്ക്കയും (ഏത്തപ്പഴം / നേന്ത്രപ്പഴം എന്നും പറയും. കേന്ദ്രപ്പഴം എന്ന് ‍ഒനിമ ഹല്‍ദാര്‍) വെളിച്ചെണ്ണയും ഒക്കെ കുത്തിനിറച്ച സാമാന്യം ഭാരമുള്ളൊരു ബിഗ് ഷോപ്പറുണ്ടായിരുന്നു തീവണ്ടിയില്‍ കേറുന്ന സമയത്ത് എന്‍റെ കയ്യില്‍. പോരാത്തതിന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന്‍ രാജീവിന്‍റെ വക മത്തി പൊരിച്ചതും കേറി. അങ്കമാലിയില്‍ നിന്ന്‍ എന്തെങ്കിലും ചില്ലറസാധനങ്ങള്‍ കൂടി കേറാനുള്ളൊരു വിദൂരസാധ്യതയുണ്ടായിരുന്നതുകൊണ്ട് ഹാന്‍ഡ്ബാഗില്‍ മത്തി കേറിക്കഴിഞ്ഞിട്ടും കുറച്ചു സ്ഥലം ബാക്കിയിരുന്നു. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഗേപ്പിലേക്ക് ബിഗ് ഷോപ്പറിലുണ്ടായിരുന്ന വാഴയ്ക്കയും വന്നതോടെ ബാഗും ഹൗസ്‌ഫുള്ളായി. രണ്ടു തേങ്ങ എടുത്ത് പുറത്തുവയ്ക്കുക കൂടി ചെയ്തപ്പോഴാണ് ഷോപ്പര്‍ കഷ്ടപ്പെട്ടാണെങ്കിലും എനിക്കെടുത്തു പൊക്കാവുന്നസ്ഥിതിയിലായത്. (റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട രണ്ട് തേങ്ങകള്‍ ഒരു സെക്യൂരിറ്റി പ്രശ്നമായി മാറിയിട്ടുണ്ടാവില്ല എന്ന് നമുക്കു പ്രത്യാശിക്കാം).

അഴിച്ചെടുത്ത പ്ലാസ്റ്റിക് നൂലുകൊണ്ട് വീണ്ടും കെട്ടിവയ്ക്കുകയും കടലാസ് സ്റ്റിക്കറൊക്കെ ഒപ്പിച്ച് വായ മൂടുകയും ചെയ്ത് പണ്ടാരം ഒരുവിധത്തില്‍ കാബിന്‍ ബാഗേജില്‍ കേറ്റിവിട്ടിട്ടാണ് ഞാന്‍ ഹാന്‍ഡ്ബാഗും കൊണ്ട് സെക്യൂരിറ്റി ചെക്കിനെത്തുന്നത്. രണ്ടാഴ്ച മുമ്പ് ഒരാള്‍ നാട്ടില്‍നിന്ന്‍ പൊരിച്ച മീനും കൊണ്ട് വിമാനത്തില്‍ വന്നിട്ടുള്ളതിന്‍റെ ധൈര്യത്തിലാണ് നമ്മള്‍. അങ്ങനെ എക്സ് റേ സ്ക്രീനിങ് കഴിഞ്ഞുവന്ന ബാഗെടുക്കാന്‍ ചെല്ലുമ്പോഴുണ്ട് അവിടെനിന്ന പോലീസുകാരന്‍ പറയുന്നു, ' ബാഗിന് ഒരു സ്പെഷ്യല്‍ ടെസ്റ്റ് നടത്തും, നിങ്ങള്‍ പുസ്തകത്തില്‍ പേരും അഡ്രസ്സുമൊക്കെ എഴുതണം'.

'അയ്യോ ഇതിലുള്ള മറ്റേ സാധനം പ്രശ്നമായി അല്ലേ' എന്നത് കുറച്ചു മയപ്പെടുത്തി 'എന്താ കാര്യം, ഇതിലെന്തെങ്കിലും കണ്ടിട്ടാണോ' എന്ന പോലെ എന്തോ ഞാന്‍ ചോദിച്ചു. 'അല്ല random ആയി ചില ബാഗുകള്‍ ടെസ്റ്റ് ചെയ്യുന്നതാണ്. പേരെഴുതിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ബാഗും കൊണ്ടു പോകാം' എന്നും പറഞ്ഞ്‌ അയാള്‍ ബാഗിന്‍റെ മുകളില്‍ക്കൂടി ഒരു കറുത്ത വടി ഓടിച്ചു. അപ്പോഴേക്കും അവര്‍ ടെസ്റ്റ് ചെയ്യാനുള്ള അടുത്ത ബാഗ് മാറ്റിവച്ചിട്ടുണ്ട്. ' ഇത്രയേ ഉണ്ടായിരുന്നുള്ളോ ങ്ങള് ഞമ്മളെ പേടിപ്പിച്ചുകളഞ്ഞല്ലോ' എന്നര്‍ത്ഥം വരുന്ന തരത്തില്‍ 'ശരി' എന്നും പറഞ്ഞ്‌ ഞാന്‍ ബാഗെടുത്ത് രാജാക്കന്മാരുടെ കാലത്തെ കുറേ കസേരകള്‍ വരിവരിയായി കിടക്കുന്ന കാത്തിരിപ്പുമുറിയിലേക്ക് നടന്നു.

ഇനിയും ഒരുമണിക്കൂറിലധികം ബാക്കിയാണല്ലോന്നു വിചാരിച്ച് ടി വി കാണുന്നൊരു സ്ഥലം നോക്കി ബാഗും വച്ചിരുന്ന്‍ അഞ്ചു മിനിറ്റായില്ല ദേ വരുന്നു പോലീസുകാരന്‍. 'അവിടം വരെ ബാഗും കൊണ്ടൊന്നു വരണം, മെഷീന്‍ എന്തോ പറയുന്നു' എന്നും പറഞ്ഞ്‌. ' മത്തി പ്രശ്നമായി' എന്നുറപ്പിച്ച് ഞാന്‍ പിന്നാലെ നടന്നു.

THC 1% എന്ന ഒരു alarm ആയിരുന്നു അടുത്ത ഒരുമണിക്കൂറോളം നീണ്ടുനിന്ന നാടകത്തിന്‍റെ തുടക്കം. കുറച്ചു സീനിയറായി തോന്നിച്ച ഒരു ഹിന്ദിക്കാരന്‍ ബാഗില്‍ എന്തെങ്കിലും ലിക്വിഡ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കുറച്ച് apologetic ആയി ഞാന്‍ പറഞ്ഞു 'കുറച്ചു ഫ്രൂട്സ് ഉണ്ട്, മീനും. അതിലൊക്കെ കുറച്ച് ലിക്വിഡ് ഉണ്ടാവും'. 'ഏയ് അതൊന്നുമല്ല എന്തെങ്കിലും മരുന്നോ അങ്ങനെ എന്തെങ്കിലും?'

എന്തോ കെമിക്കലാണത്രെ ഉണ്ടെന്നു പറയപ്പെടുന്നത്. ബാഗ് തുറന്ന്‍ സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്ത് നോക്കുമ്പോ ഒരു കടലാസ് പൊതി കണ്ട് ഒരു പോലീസുകാരന്‍ ചോദിച്ചു: 'ഇതിലെന്താ?'

'മീനാണ് സര്‍'.

'ഇതോ?'

'അതും മീനായിരിക്കും.'

'ആയിരിക്കും എന്നാണോ?'

'മീന്‍ തന്നെയാണെന്നാണ് തോന്നുന്നത്, അച്ഛന്‍ പായ്ക്കുചെയ്തതാണ്'. (അത് വേറൊരാള്‍ വഴിയില്‍ നിന്നു തന്നതാണെന്ന് പറഞ്ഞാല്‍ പിന്നെ അതുമതി.)

'ബീഫുണ്ടോ?' ഒരു ഹിന്ദിക്കാരന്‍റെ ചോദ്യം. മീനിലില്ലാത്തതും ബീഫിലുള്ളതുമായ ഒരു കെമിക്കലാണ് THC എന്ന് വിചാരിച്ചിട്ടാകാന്‍ സാധ്യതയില്ല.

'നിങ്ങളുടെ കയ്യില്‍ മരുന്നെന്തെങ്കിലും ഉണ്ടോ', 'എന്തെങ്കിലും drugs ഉണ്ടാവാന്‍ സാധ്യതയുണ്ടോ' എന്നൊക്കെ ഇടക്കിടക്ക് ഓരോരുത്തര്‍ ചോദിക്കുന്നുണ്ട്.

സാധനങ്ങള്‍ ഓരോന്നായി തിരിച്ച് ബാഗില്‍ വച്ച് അവര്‍ പിന്നെയും ടെസ്റ്റ് നടത്തി. അപ്പോഴും മെഷീന്‍ പറഞ്ഞു: 'THC 1%'.

തമ്മില്‍ സീനിയറായ മനുഷ്യന്‍ ടെന്‍ഷനടിച്ച് നില്‍ക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു, ' THC എന്നുവെച്ചാല്‍ എന്താണെന്ന് വല്ല പിടിയുമുണ്ടോ?'

'ഇല്ല, ങ്ങക്കറിയുമോ?' അയാള്‍ ഗൗരവം വിടാതെ ഹിന്ദിയില്‍ ചോദിച്ചു.

'ഇല്ല. നമുക്കാദ്യം അത് കണ്ടുപിടിക്കാന്‍ നോക്കാം. ആരെയെങ്കിലുമൊക്കെ വിളിച്ച്..'

അദ്ദേഹം ഓഫീസിനകത്തേക്ക് പോയി. അധികം നേരം നില്‍ക്കാന്‍ വയ്യാത്തതുകൊണ്ട് ഞാന്‍ കിട്ടിയ ഒരു കസേരയില്‍ പോയിരുന്നു. പോലീസുകാരും പട്ടാളക്കാരും മൊബൈലിലും ലാന്‍ഡ്‌ലൈനിലുമൊക്കെയായി ആരെയൊക്കെയോ വിളിച്ച് സംസാരിച്ചു. ഇതിനിടയ്ക്ക് രണ്ടുമൂന്നുപേര്‍ ഒരു പട്ടിയെയും കൊണ്ടു വഴിക്ക് വന്നു. 'വിമാനത്തില്‍ ആള്‍ക്കാര്‍ പട്ടിയെയും കൊണ്ട് കേറാന്‍ തുടങ്ങിയോ..' എന്നത് 'ഇനി ബാഗ് മണപ്പിക്കാനെങ്ങാനുമാണോ പട്ടി വന്നത്' എന്നായിവരുമ്പോഴേയ്ക്ക് പട്ടി ബെല്‍റ്റൊക്കെ ഇട്ടുവന്നു ബാഗിന്‍റെ മേലേയ്ക്ക്.

ഇതു ചതിയായിപ്പോയി -- നായിന്‍റെ മോന്‍ മീന്‍ മണത്താല്‍ എന്തെല്ലാം പുലിവാലാണാവോ ഇനി ഉണ്ടാവാന്‍ പോണത്.

ബാഗ് മുഴുവന്‍ മണപ്പിച്ചു കഴിഞ്ഞു 'ഇതിനാണോ എന്നെ വിളിപ്പിച്ചത്' എന്ന മട്ടില്‍ ഒരു വികാരവുമില്ലാതെ നില്‍ക്കുന്ന പട്ടിയെക്കണ്ട് എനിക്ക് പാവം തോന്നി. ഒരു മീന്‍ മണപ്പിച്ചു വെള്ളമൊലിപ്പിക്കാന്‍ പോലും യോഗമില്ലാത്ത ഒരു ശുനകജന്മം!

സെക്യൂരിറ്റിക്കാര്‍ ഫോണ്‍ വിളിയൊക്കെക്കഴിഞ്ഞ് എന്നോട് വന്നു പറഞ്ഞു THC എന്നതിന്‍റെ പൂര്‍ണ്ണരൂപം Tetrahydrocannabinol എന്നാണു, drugs-ലൊക്കെ കാണാനിടയുള്ള സാധനമാണ് എന്ന്. ചെന്നൈയില്‍ വിളിച്ചു ചോദിച്ചതാണത്രേ.

അവര്‍ക്ക് അപ്പോഴും ടെന്‍ഷന്‍ മാറിയിട്ടില്ല. 'നിങ്ങള്‍ ഏതെങ്കിലും ഹോട്ടല്‍ മുറിയില്‍ നിന്നോ മറ്റോ എന്തെങ്കിലും പൊടി കയ്യില്‍ പറ്റി കയ്യുകൊണ്ട് സാധനങ്ങള്‍ പായ്ക്ക്‌ ചെയ്തിട്ടുണ്ടോ?'

'ഇല്ല. ഞാന്‍ ഹോട്ടലിലൊന്നും പോയിട്ടില്ല'.

ഒരാള്‍ പറഞ്ഞു - 'നമുക്കു ഒന്നുകൂടി ബാഗ് തുറന്നുനോക്കാം.'

' ബാഗ് നിങ്ങളിവിടെ വച്ചോ. ഒരു ഫോറന്‍സിക് ലാബില്‍ പരിശോധനയോക്കെ കഴിഞ്ഞിട്ട് ഇതെനിക്ക് ഡല്‍ഹിയിലേക്ക് അയച്ചുതന്നാല്‍ മതി. ഞാന്‍ അഡ്രസ്സ് തരാം.'

അങ്ങേരുടെ ഈഗോ കുറച്ചൊന്നു മുറിഞ്ഞു. 'അങ്ങനെ എന്തെങ്കിലും ചെയ്യണോ എന്നൊക്കെ ഞങ്ങള്‍ തീരുമാനിച്ചോളാം' എന്നായി അയാള്‍.

'എന്നാല്‍ ശരി നിങ്ങള്‍ തന്നെ എടുത്ത്‌ നോക്കി തിരിച്ചെടുത്തു വയ്ക്കുകയാണെങ്കില്‍ ഉപകാരമായിരിക്കും.'

അങ്ങേര്‍ സമ്മതിച്ചു. ഒരു കടലാസ് കവറെടുത്ത് ആള്‍ ചോദിച്ചു - 'ഇതിലെന്താ?'

'കശുവണ്ടിയാണ് സര്‍'.

എന്നെ ഒടുക്കത്തെ വിശ്വാസമാണ്. പൊതി തുറന്നുപോലും നോക്കുന്നില്ല.

'ഇതോ?'

'മീനാണ്.'

അങ്ങനെ ഒരുവട്ടം പരിശോധന കൂടി കഴിഞ്ഞു അവര്‍ തല്‍ക്കാലം പരിപാടി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. അപ്പോഴും അവര്‍ക്കൊരു സമാധാനമില്ല. അവരെന്‍റെ കേരളത്തിലെയും ദില്ലിയിലെയുമൊക്കെ അഡ്രസ്സ് എഴുതിവാങ്ങി. സി സി TV യില്‍ ഒരു ഫോട്ടോയും എടുത്തുവച്ചു. അപ്പൊ ശരി ഇടയ്ക്കൊക്കെ കത്തയയ്ക്കുമല്ലോ എന്നവണ്ണം അവരോടൊക്കെ റ്റാറ്റ പറഞ്ഞു ഞാന്‍ നടന്നു. ഏതാണ്ട് വിമാനം വരാന്‍ സമയമായി.
* * *

രാജാക്കന്മാരുടെ കസേരയിലെത്തി ഞാന്‍ അച്ഛനെ വിളിച്ചു കാര്യമൊക്കെ പറഞ്ഞപ്പോള്‍ അച്ഛന്‍ ഒരു നിമിഷം ആലോചിച്ചിട്ട് പറഞ്ഞത്: ' പഴങ്ങളുടെയൊക്കെ മോളില്‍ അടിച്ചുകേറ്റിയിട്ടുള്ള ഏതെങ്കിലും കെമിക്കലായിരിക്കും.'


(ഏതാണ്ടൊരു കൊല്ലം മുമ്പ് ആദിലിനെ തട്ടിക്കൊണ്ടുപോവുന്നു എന്നും പറഞ്ഞു തീവണ്ടിയില്‍ വച്ചു പോലീസ് ചോദ്യം ചെയ്തത് ഇതിലേറെ രസമുള്ളൊരു കഥയാണ്.. കഥ മറ്റൊരിക്കല്‍ പറയാം.)

അഭിപ്രായങ്ങള്‍

Joe പറഞ്ഞു…
Kollam kunje ninte cheru katha
Sophy പറഞ്ഞു…
nannayirikkunnu Sudeep
Unknown പറഞ്ഞു…
നന്നായിട്ടുണ്ട് സുദീപ്.. അച്ഛന്‍ പറഞ്ഞത് പോലെ മാങ്ങയിലെ കെമിക്കല്‍ തന്നെയാവാം വില്ലന്‍..

സസ്നേഹം,
meghamalhar പറഞ്ഞു…
nalla rasamundu....... adutha kadha parayu
Mazhavilpookkal പറഞ്ഞു…
Couldnt help googling:)

"THC is the primary active ingredient `in every cannabis preparation, from marijuana to hashish to hash oil. Its -. chemical name, delta-9-tetrahydrocannabinol, defines its status as one of the chemical substances called cannabinols found in the hemp plant. These cannabinols share a similar chemical structure, but thus far only THC has been isolated as the mind-flexing, high-producing agent that makes the Can. nabis sativa plant unique. "
Mazhavilpookkal പറഞ്ഞു…
ithengineya malayalathil ezhuthua?
xxx പറഞ്ഞു…
waiting for next....... :)
Kmvenu പറഞ്ഞു…
A horror story told in sweet humour..
So nice.
കെ.പി റഷീദ് പറഞ്ഞു…
നന്നായെടാ.
നല്ല പോസ്റ്റ്.

(വാതില്‍ കേടായതിനാല്‍
മതില്‍ ചാടിക്കടന്നതിന്
കറുത്ത വര്‍ഗക്കാരന്‍ എന്ന നിലയില്‍
അമേരിക്കന്‍ പോലിസ് അറസ്റ്റ്ചെയ്ത
പ്രമുഖ ചരിത്രകാരന്‍
ഹെന്റി ലൂയിസ് ഗേറ്റിന്റെ കുറിപ്പ്
ഇപ്പോഴിതാ തൊട്ടുമുന്നില്‍!)
Sudeep പറഞ്ഞു…
ഇത്രയധികം കമന്റുകള്‍ കണ്ടു സന്തോഷം!
മേഘമല്‍ഹാര്‍, ഹീര: പുതിയത് വൈകാതെ വരും :-)
ജോസാക്‌, സോഫി, കെ പി, വേണുവേട്ടന്‍.. എല്ലാവരുടെയും നല്ല വാക്കുകള്‍ക്ക് നന്ദി.
റഷീദ്, ഒരു കലാമായിരുന്നെങ്കില്‍..:-)
സന്ധ്യ, മലയാളത്തിലെഴുതാന്‍ ഇപ്പൊ എളുപ്പമാണ്. പിന്നെ സത്യമായിട്ടും എന്റടുത്ത് മരിയുവാന ഉണ്ടായിരുന്നില്ല.
A V Koshy പറഞ്ഞു…
"Script" read cheyyan samayameduthangilum, kollayirunnu. I particularly liked, "Enne odukkathae vishwasama. Packet thurannu polum nokkiyilla."

Good effort.
ദീപക് പറഞ്ഞു…
ഈ കഥ വായിക്കാതെയാണ് ഞാന്‍ വാല്‍പാറയില്‍ വെച്ചു മത്തി വറുത്തതു കഴിക്കുമോ എന്നു ഫോണ്‍ ചെയ്തു ചോദിച്ചതു. നാണക്കേടായിപ്പോയി.

നല്ല സുന്ദരന്‍-സുന്ദരീ എഴുത്ത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

കൊലപാതകങ്ങള്‍