മുത്തൂറ്റ് പോളും മുത്തൂറ്റ്‌ നാസറും ഒരു വഴിപോക്കനും കുറെ ദളിതരും

മുത്തൂറ്റ്‌ കുടുംബത്തിലെ ഒരു പോളച്ചന്‍ മരിച്ചപ്പോ മലയാളികള്‍ക്ക് കോളായിരുന്നു കുറെ ദിവസത്തേക്ക്‌. പോലീസിന്റെ വക ഒരു കഥ. പോലീസിന്റെ കഥ ശരിയല്ലെന്നും ഞങ്ങളുടെ കഥയാണ് ശരിയെന്നും പത്രങ്ങള്‍.. ആകെ മൊത്തം ഒരു കോട്ടയം പുഷ്പനാഥ് നോവല്‍ വായിക്കുന്ന പോലെയായിരുന്നു വായനക്കാര്‍ ഓരോ ദിവസവും കഥയിലെ വഴിത്തിരിവുകള്‍ക്കായി കാത്തിരുന്നത്.

അതിനെപ്പറ്റി ഒരു കിടിലന്‍ ബ്ലോഗ് പോസ്റ്റും വന്നു: "മുത്തൂറ്റ് പോള്‍ വധിക്കപ്പെട്ടു. കൊന്നത് കാരി സതീശനാണ് എന്ന് പോലീസും അതല്ല കോടിയേരിയുടെ ഉത്തരവ് പ്രകാരം ഓം പ്രകാശാണ് എന്ന് മാത്രുഭൂമിയും മനോരമയും പറയുന്നു. സത്യം എന്തോ ആകട്ടെ....... കൊല്ലപ്പെട്ടത് പോളിനു പകരം മുത്തുറ്റ് നാസറോ മുത്തൂറ്റ് സുബൈറോ ആയിരുന്നെങ്കില്‍ മനോരമ മാതൃഭൂമി എന്നിവര്‍ നിരത്തുമായിരുന്ന തലക്കെട്ടുകളില്‍ ചിലത്.." [ലിങ്ക്]

കുറ്റാന്വേഷണ കഥകളുടെ സീരീസ്‌ ഒന്നടങ്ങിയത് ദളിത്‌ കൊലപാതകി ഇറങ്ങിയപ്പോഴാണ്. ഒരുദിവസം കാലത്ത്‌ പ്രഭാതസവാരിക്കിറങ്ങിയ ഒരു വഴിപോക്കന്‍ കൊല്ലപ്പെട്ടു. പോലീസ്‌ ഇത്തവണയും കഥയിറക്കി. അതുവരെ അധികം പേര്‍ കേട്ടിട്ടില്ലാത്ത ഒരു ദളിത്‌ സംഘടനയാണ് കൊലപാതകത്തിന് പിന്നില്‍. അതിലും നിന്നില്ല അവരെപ്പറ്റി നാലാളറിയാനാണ് അവര്‍ ആ കൊലപാതകം ചെയ്തതത്രേ. ആ സംഘടനയിലെ ഒന്നുരണ്ടു പേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തു.

അദ്ഭുതമെന്നു പറയട്ടെ ഇത്തവണ പോലീസ്‌ എഴുതിക്കൊടുക്കുന്ന കഥ അപ്പടി അടിച്ച് ജനങ്ങളെ ആസന്നമായ അപകടത്തെപ്പറ്റി ബോധവാന്മാരും ബോധവതികളും ആക്കാനായിരുന്നു പത്രങ്ങള്‍ക്ക് ഉത്സാഹം. മനുഷ്യര്‍ക്ക്‌ മനസ്സമാധാനത്തോടെ ജീവിക്കാന്‍ വയ്യാതയെന്നും 'ദളിതരെ സൂക്ഷിക്കണം' എന്നും തൊട്ട് 'ദിശാബോധമില്ലാത്ത ദളിത്‌ യുവത്വം' നാടിന് എത്ര വലിയ ശാപമാണെന്നും ഇവരെ 'തെറ്റായ വഴികളിലേക്ക് നയിക്കുന്നത് പട്ടിണിയാണോ എന്ന് തുടങ്ങിയ കദനകഥകളും വരെ. ദളിതനായാല്‍ പോലീസ്‌ പൊക്കുമെന്ന സ്ഥിതിയായി. ദളിത്‌ സംഘടനകളോട് ബന്ധമുണ്ടെങ്കില്‍ പറയുകയും വേണ്ട. കോടതിയും പൂര്‍ണ്ണമനസ്സോടെ ഈ ഉത്കണ്ഠ പങ്കുവച്ചുകൊണ്ട് ദളിത്‌ സംഘടനകളുടെ നേതാക്കള്‍ക്ക്‌ മുന്‍‌കൂര്‍ ജാമ്യം നിഷേധിച്ചു.

മാധ്യമത്തില്‍ അപ്പോള്‍ ഒരു കവര്‍ സ്റ്റോറി വന്നു, ഈ ഡി എച്ച് ആര്‍ എം ഒരു ഭീകരസംഘടനയൊന്നും അല്ലെന്നാണ് അവിടെപ്പോയി അന്വേഷിച്ച അവരുടെ ലേഖകന് മനസ്സിലായത്‌. പിന്നെ തെഹല്‍കയിലും ഇന്ത്യാടുഡേയിലും വന്നു മയമുള്ള ഒന്നുരണ്ടു റിപ്പോര്‍ട്ട്.

ഇന്നിതാ വര്‍ക്കലയില്‍ പോയി വന്ന ബി ആര്‍ പി എഴുതുന്നത് അതിലും രസമുള്ള കഥകള്. പിന്നെ കണ്ടത്‌ ഇതാ ഈ വീഡിയോ.



ഇതെല്ലാം നടക്കുന്നത് ചെങ്ങറയില്‍ ഒരു സമരം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെ ആവുകയും അതിനെ ഒരു നക്സല്‍ സമരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുകയും ചെയ്ത് ഏതെങ്കിലും തരത്തില്‍ അതിനൊരു ഒത്തുതീര്‍പ്പ്‌ ഉണ്ടാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും നിര്‍ബന്ധിതരാവുകയും ചെയ്ത സമയത്തോട്‌ ചേര്‍ന്നായത് തികഞ്ഞ യാദൃഛികതയാണെങ്കില്‍ പോലും ആ കട്ട് എനിക്കിഷ്ടപ്പെട്ടു.

[മലയാളം ബ്ലോഗില്‍ കൂടുതലും കഥയോ കവിതയോ എഴുതാമെന്നായിരുന്നു ഞാന്‍ കരുതിയത്‌. അതിത്ര വലിയ ത്രില്ലറുകള്‍ ആവുമെന്ന് വിചാരിച്ചില്ല.]

അഭിപ്രായങ്ങള്‍

Pulchaadi പറഞ്ഞു…
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Pulchaadi പറഞ്ഞു…
എന്തായാലും Paul M. George എന്ന് പേരുള്ള ഒരാള്‍ തീവ്രവാദി ആവുക എന്നത് അസാധ്യമായ കാര്യം ആണല്ലോ! അദ്ദേഹം രണ്ടു ദിവസം ഗുണ്ടാതലവന്മാരുടെ കൂടെ ഉണ്ടും ഉറങ്ങിയും അവരെ മാനസ്സാന്തരപ്പെടുത്താന്‍ അക്ഷീണം പ്രയത്നിച്ച്ച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നാ കാര്യവും താങ്കള്‍ക്കു അറിവുണ്ടാകുമല്ലോ!
ഈ വേളയില്, ഈ പ്രയത്നത്തില്‍ സഹകരിക്കാന്‍ മനസ്സ് വച്ച മാധ്യമങ്ങളെ നിന്ദിക്കുന്നത്‌ ശരിയല്ല.

ഇങ്ങനെയുള്ള ഒരു മാധ്യമ പുനര്‍വായന നടത്താന്‍ മലയാളി കൂട്ടക്കാത്തിടത്തോളം മനോരമയേയും മാതൃഭുമിയെയും ഏഷ്യാനെറ്റിനെയും പോലുള്ള propaganda machines നമുക്ക് തേനില്‍ പൊതിഞ്ഞ കോഴിക്കാഷ്ടം ഇനിയും തന്നു കൊണ്ടിരിക്കും. ഈ പത്രങ്ങളും ചാന്നെലുകളുമാണ് ബുദ്ധി മരവിച്ചുപോയ മലയാളിയുടെ ശാപം! ഇവരുടെ കൂടെ ജീവിക്കാന്‍ പഠിക്കുക!!

Riyan.
Sudeep പറഞ്ഞു…
മാതൃഭൂമിയും മനോരമയും ഏഷ്യാനെറ്റും മാത്രമല്ല കേരളകൌമുദിയും ദേശാഭിമാനിയും കൈരളിയുമൊക്കെ ദളിത്‌ ഭീകരന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ ഒറിജിനല്‍ കഥ

സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

ലൌ ജിഹാദിനും കഷണ്ടിക്കും..