സമരത്തെരുവിലെ ഇസ്‌ലാമും വയലൻസും

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന NRC / CAA വിരുദ്ധ സമരങ്ങളിലെ 'ഇസ്‌ലാമിക' ഉള്ളടക്കത്തെക്കുറിച്ചും സ്വീകരിക്കുന്ന സമരരീതികളെക്കുറിച്ചും ഒക്കെ ചൂടേറിയ പല ചർച്ചകളും നടക്കുന്നുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിൽ സി എ എ / എൻ ആർ സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ലദീദ ഫർസാന ടി വി ചർച്ചയിൽ യാക്കൂബ് മേമന്റെ മയ്യിത്ത് നിസ്കാരത്തെപ്പറ്റി പറഞ്ഞ കാര്യങ്ങൾ, സമരത്തിനിറങ്ങിയത് മുസ്‌ലിങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് എന്നു പറഞ്ഞത്, 'ജിഹാദ്' എന്ന പദമുപയോഗിക്കുന്ന ലദീദയുടെ എഫ് ബി പോസ്റ്റ്, ലദീദ ഷെയർ ചെയ്ത ജാമിയയിലെത്തന്നെ മറ്റൊരു വിദ്യാർത്ഥിയായ ചെഖോവിന്റെ പോസ്റ്റ്, ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ റാനിയാ സുലൈഖ തന്റെ ഒരു പോസ്റ്റിൽ സൂചിപ്പിച്ച 'തേരാ മേരാ രിശ്താ ക്യാ.. ലാ ഇലാഹാ ഇല്ലള്ളാ' എന്ന മുദ്രാവാക്യം, ആ മുദ്രാവാക്യം വിളിച്ചപ്പോൾ 'എല്ലാവർക്കും ഏറ്റു വിളിക്കാവുന്ന മുദ്രാവാക്യങ്ങൾ വിളിക്കൂ' എന്ന തരത്തിലുണ്ടായ ഇടപെടലുകൾ.. ഇതെല്ലാം വലിയ തോതിൽ ദേശീയ തലത്തിൽത്തന്നെ ചർച്ചയായി, കേരളത്തിൽ അതിലേറെ ചർച്ചയാവുന്നു.  ലദീദയുടേത് 'ആർ എസ് എസിന്റെ ഭാഷ തന്നെയാണ്' എന്നു ചിലർ എഴുതിക്കണ്ടു. ആർ എസ് എസ്സിനോളമില്ലെങ്കിലും 'വർഗീയത' ആണ് ലദീദയും ചെഖോവും എസ് ഐ ഓ യുമെല്ലാം പറയുന്നത് എന്ന് മറ്റു ചിലരും. 'സെക്കുലർ ഭാഷ'യെ കൈവെടിഞ്ഞ് മുസ്‌ലിം ഭാഷ ഉപയോഗിക്കുന്ന 'തീവ്രവാദികളെ' ഈ സമരം 'ഹൈജാക്ക് ചെയ്യാൻ' അനുവദിക്കരുത് എന്ന നിലവിളികളും ഈ സമരങ്ങൾ തുടങ്ങിയ അന്നുതൊട്ടേ മുഴങ്ങുന്നുണ്ട്.

എന്റെ സുഹൃത്തും ഒരു മുസ്‌ലിം ലീഗുകാരനുമായ മുസ്തുജാബ്‌ ആകട്ടെ ഈ സമരങ്ങളിലെ 'ഇസ്‌ലാം കണ്ടന്റിനെ'പ്പറ്റി ഒന്നിലേറെ പോസ്റ്റുകളെഴുതി, അതിലൊരെണ്ണം ഇങ്ങനെയായിരുന്നു :

~ "തേരാ മേരാ രിഷ്ത ക്യാ"
എന്നൊരു നബിദിന റാലിക്ക് ചോദിച്ചാൽ
"ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന് ഉറക്കെ പറയും

തേരാ മേരാ രിഷ്താ ക്യാ എന്ന് ഒരു ബഹുജന സമരത്തിൽ വിളിച്ചാൽ
"കോൻസ്റ്റിട്യൂഷൻ കോൻസ്റ്റിട്യൂഷൻ" എന്നാവും എന്റെ മറുപടി.~ 

ഇതുമായി ബന്ധപ്പെട്ടുള്ള സംഘികളുടെ അല്ലെങ്കിൽ കടുത്ത മുസ്‌ലിം വിരുദ്ധരുടെ ആശങ്കകളെ, പ്രൊപ്പഗാണ്ടകളെ ഞാൻ കണക്കിലെടുക്കുന്നില്ല. എന്നാൽ അത് മാറ്റി നിർത്തിയാൽത്തന്നെ ഈ പ്രതികരണങ്ങളിൽ പ്രധാനമായും രണ്ടു കൂട്ടരുടെ ആശങ്കകളും പ്രതിസന്ധികളും കൺഫ്യൂഷനുകളും ഉണ്ട്. ഒന്ന് മുസ്‌ലിങ്ങളുടെ, മറ്റേത് മുസ്‌ലിം അല്ലാത്ത, അതേസമയം ഈ സമരങ്ങളുടെ കൂടെ നിൽക്കാനാഗ്രഹിക്കുന്ന ചിലരുടെ. ഈ രണ്ടു കൂട്ടരും 'ഏകശില'യിലുള്ളവരല്ല, രണ്ടിലും പല തരത്തിൽ ചിന്തിക്കുന്നവരും ഇത്തരം കൺഫ്യൂഷനുകളെ വ്യത്യസ്ത തരത്തിൽ അഡ്രസ് ചെയ്യുന്നവരും ഉണ്ട്. അതിനെപ്പറ്റിയെല്ലാമുള്ള എന്റെ ചിന്തയാണ് വാക്കുകളിൽ പകർത്താൻ ശ്രമിക്കുന്നത്. ഒരൊറ്റ ഉത്തരമല്ല ഇത്, എന്നാൽ ഇതിനൊക്കെ ഉത്തരങ്ങൾ കണ്ടെത്താനുള്ള ഒറ്റയ്ക്കും കൂട്ടായുമുള്ള പലരുടെയും ശ്രമങ്ങളുടെ കൂട്ടത്തിലേക്ക് എന്റെ ചില ചിന്തകളും കൂടി ചേർത്തുവയ്ക്കുകയാണ്. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലോ കമന്റിലോ ഒതുക്കാവുന്നതല്ല എന്നതുകൊണ്ട് കുറച്ചു വിശദമായി എഴുതുന്നു. പലരും ഇതിനെപ്പറ്റിയൊക്കെ അഭിപ്രായങ്ങൾ പറഞ്ഞുകഴിഞ്ഞു, പലരും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നറിയാം. എന്നാലും.

എല്ലാ ഇടങ്ങളിൽ നിന്നും നമ്മൾ പുറത്താവുമോ എന്ന പേടി

NRC / CAA പ്രധാനമായും ഒരു മുസ്‌ലിം പ്രശ്നം തന്നെയാണെന്ന കാര്യത്തിൽ ഇപ്പോൾ ആർക്കും സംശയമുണ്ട് എന്നു തോന്നുന്നില്ല. ഇത് രണ്ടും കൂടി വരുമ്പോൾ അത് തങ്ങളെ പുറത്താക്കൽ ലക്‌ഷ്യം വച്ചാണ് എന്ന് മുസ്‌ലിങ്ങൾക്ക് തോന്നുന്നതിനു മതിയായ കാരണമുണ്ട്. അസമിലാണെങ്കിൽ എൻ ആർ സിയിൽ പെടാതിരുന്ന പത്തൊമ്പത് ലക്ഷം പേരിൽ മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് ഡിറ്റൻഷൻ സെന്ററുകളിലേക്കയയ്ക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു.

 Shaheen Bagh

അങ്ങനെയിരിക്കെ, ഈ പ്രശ്നത്തിനെ അഡ്രസ് ചെയ്യുന്ന ഒരു ബഹുജന സമരത്തിൽ 'നമ്മൾ തമ്മിലുള്ള ബന്ധമെന്ത്' (തേരാ മേരാ രിശ്താ ക്യാ) എന്നു ചോദിച്ചാൽ അതിന്റെ ഉത്തരം 'കോന്‍സ്റ്റിറ്റ്യൂഷൻ' മാത്രമാവുമെന്ന്, അങ്ങനെയായിരിക്കണമെന്ന്, ഞാൻ കരുതുന്നില്ല. വിശേഷിച്ച് അത് ഈ രാജ്യത്തുനിന്ന് മുസ്‌ലിങ്ങളെ അവരുടെ വിശ്വാസത്തിന്റെ പേരിൽ പുറത്താക്കുന്നതിനെതിരായ ഒരു സമരമാവുമ്പോൾ. അങ്ങനെ തെരുവുകളിലേക്കിറങ്ങാൻ ഒരു സമുദായത്തെ നിർബ്ബന്ധിതരാക്കുന്ന 'വിശ്വാസം' എന്ന ബന്ധത്തെക്കുറിച്ച് സംസാരിച്ചാൽ ഇപ്പോൾ ഈ സമരത്തെ ഏറെക്കുറെ പിന്തുണയ്ക്കുന്ന 'പൊതുസമൂഹം' കൂടി തങ്ങളെ പുറത്താക്കുമോ എന്ന ഭീതിയാവുമോ ആ വിശ്വാസപദ്ധതിയിലുള്ളവരെ കൂട്ടിയിണക്കുന്ന 'ലാ ഇലാഹാ ഇല്ലള്ളാ' (ഒരു ദൈവവുമില്ല, സാക്ഷാൽ ദൈവമല്ലാതെ) എന്ന ബന്ധത്തെ 'പുറത്തുകാണാത്ത' വിധത്തിൽ ഒതുക്കിവയ്ക്കുന്നതിനു പിന്നിൽ?

ആ പേടിയിൽ കാര്യമില്ലെന്ന് ഞാൻ പറയുന്നില്ല. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടയാളങ്ങളോട് ഒരുതരം അകൽച്ചയും പേടിയും അതെല്ലാം പ്രകൃതമാണെന്ന വിചാരവുമെല്ലാം ഈ സമരത്തെ പിന്തുണയ്ക്കുന്നവരിൽത്തന്നെ വലിയൊരു വിഭാഗം ആളുകളും കൊണ്ടുനടക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ എത്ര കാലം നമ്മൾ അങ്ങനെ ഭയന്ന്, നമ്മുടെ വിശ്വാസത്തെ 'അടക്കിവച്ച്' സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകും എന്ന ചോദ്യവുമുണ്ട്. 

തല്ക്കാലത്തേക്ക് അത്തരം പേടികളെ ഉണർത്തിവിട്ട് പ്രശ്നമുണ്ടാക്കാതിരിക്കുക എന്ന ഒരു സ്ട്രാറ്റജിക് പൊസിഷൻ എടുക്കുന്നതിനോട് എനിക്ക് വിരോധമൊന്നുമില്ല, അതേ സമയം ഈ വിഷയത്തിലുള്ള സമരത്തിൽ / സമരങ്ങളിൽ തേരാ മേരാ രിശ്താ ക്യാ എന്ന് എന്നോട് ചോദിച്ചാൽ 'ലാ ഇലാഹാ ഇല്ലള്ളാ' എന്നതായിരിക്കും എന്റെ ഉത്തരം എന്നതിലെനിക്ക് സംശയവുമില്ല. എനിക്ക് എന്റെ ഉത്തരം, നിങ്ങൾക്ക് നിങ്ങളുടെ ഉത്തരം എന്ന നിലയിൽ അതിനെ വിടാം. വിശ്വാസത്തിൽ ഊന്നിയതും ഭരണഘടനയിൽ ഊന്നിയതും എല്ലാമായ നിരവധി സമരങ്ങൾ നടക്കട്ടെ, അങ്ങനെ നടക്കേണ്ടതുണ്ട് എന്ന് ഒരു ഒത്തുതീർപ്പിൽ പിരിയാവുന്നതേയുള്ളൂ അത്. 

'ഇസ്‌ലാമിക രാഷ്ട്ര നിർമ്മിതി'യുമായി ബന്ധപ്പെട്ടതോ 'ഇസ്‌ലാമിക' മുദ്രാവാക്യങ്ങൾ?

എന്നാൽ ശ്രീ. മുസ്തുജാബിന്റെ തന്നെ മറ്റൊരു പോസ്റ്റിൽ ഈ ആശങ്ക കൂടുതൽ വിശദമായി പുറത്തുവരുന്നുണ്ട്. അവിടെ അദ്ദേഹം എടുക്കുന്ന നിലപാട്, പല മുഖ്യധാരാ പാർട്ടികളും സെക്കുലർ ബുദ്ധിജീവികളും എടുക്കുന്ന നിലപാട് പോലെത്തന്നെ, മുകളിൽ സൂചിപ്പിച്ച ഒത്തുതീർപ്പ് സാധ്യതയെത്തന്നെ അട്ടിമറിക്കുന്നതാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു :

"മതപരമായ ചിഹ്നങ്ങൾ സമരത്തിനടക്ക്‌ ഉപയോഗിക്കുന്നത്‌ തെറ്റില്ല. അതു ഒരുപാട്‌ ഉപയോഗിച്ച ചരിത്രവും സമുദായത്തിനുണ്ട്‌. പക്ഷേ, നിലവിലെ സാഹചര്യം അതല്ല, അവസാനത്തെ ആളെയും കൂടെ നിർത്തേണ്ടതുണ്ട്‌. ഒറ്റക്ക്‌ നീന്തി കയറാൻ പറ്റുന്ന കടലല്ല മുമ്പിലുള്ളത്‌ എന്ന ഓർമ വേണം. ഇസ്ലാമോഫോബിയ എന്ന യാഥാർത്ഥ്യം നമ്മുടെ ചുറ്റും പരന്ന് കിടക്കാണ്‌.

തക്ബീറും ബദറും ഉഹ്ദും കർബലയുമൊന്നും എല്ലാർക്കും ഉൾകൊള്ളാൻ പറ്റികൊള്ളണമെന്നില്ല.

മുസ്ലിമായി ഈ നാട്ടിൽ ജീവിച്ചു മരിക്കാനുള്ള ഭരണഘടന അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്‌. അതു കൊണ്ട്‌ തന്നെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാവട്ടെ നമ്മുടെ സമരങ്ങൾ.

സമരമുഖത്തുള്ളവരോടാണ്‌, ഇത്‌ ഇസ്ലാമിക രാഷ്ട്രം പണിയാനുള്ള സമരമല്ല. ഹിന്ദുരാഷ്ട്ര നിർമ്മിതിക്ക്‌ എതിരായുള്ള സമരമാണ്‌. ബദറും ഉഹദും കർബലയും ഒക്കെയായി ഈ മുന്നേറ്റത്തെ ഭാവനയിൽ കാണുകയും സമൂഹത്തെ അങ്ങനെയൊരു അരക്ഷിത കാല്പനികതയിലേക്ക് തള്ളിവിടുകയും ചെയ്യുന്നവർ ആ പണി നിർത്തിവെക്കണം. അങ്ങനെയൊരു അറ്റത്തേക്ക് കൂട്ടിക്കൊണ്ട് പോവാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് മനസിലാവുന്നേയില്ല. ദയവ്‌ ചെയ്‌ത്‌ ഇന്ത്യയൊന്നാകെ അലയടിക്കുന്ന ഈ മുന്നേറ്റത്തെ ഒറ്റുക്കൊടുക്കരുത്‌."

ഈ പോസ്റ്റിന് സമാനമായ ഭീതി മറ്റു പല മുസ്‌ലിം സുഹൃത്തുക്കളും പ്രകടിപ്പിച്ചു കണ്ടു, എന്റെ പല മുസ്‌ലിം സുഹൃത്തുക്കളും ഈ പോസ്റ്റ് തന്നെ ഷെയർ ചെയ്യുകയും ചെയ്തു. ഇസ്‌ലാമികമായ ഇത്തരം പദാവലികൾ ഉപയോഗിക്കുന്നതിലൂടെ എസ് ഐ ഓ ബന്ധമുള്ളവരും ലദീദയുമെല്ലാം ഈ സമരത്തെയും രാജ്യത്തെ 'പാവപ്പെട്ട' മുസ്‌ലിങ്ങളെയും ഒറ്റുകൊടുക്കുകയാണ് എന്നതാണ് അവരിൽ പലരുടെയും പ്രധാന വാദം / ആരോപണം. അത് ഗൗരവമേറിയ ഒന്നാണ്.

ഈ വാദത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഇസ്ലാമിക രാഷ്ട്രം പണിയാൻ ശ്രമിക്കുന്ന ആളുകൾക്ക് മാത്രം ബാധകമാവുന്ന കാര്യങ്ങളാണ് ഇവിടെ പരാമർശിച്ച തക്ബീറും ബദറും ഉഹ്ദും കർബലയുമെല്ലാം എന്ന് ഞാൻ കരുതുന്നില്ല. ജിഹാദ് എന്ന വാക്ക് തന്നെയും ഇസ്ലാമിക രാഷ്ട്രവുമായി ബന്ധപ്പെട്ട ഒന്നല്ല. 'ഇസ്‌ലാമിക രാഷ്ട്ര വാദികൾ' എന്ന് ജമാ അത്തുകാരെ നിരന്തരം പരിഹസിക്കുന്ന സുന്നി / സൂഫി മുസ്‌ലിങ്ങളുടെ അടക്കം ഭാഷയിൽ ഉള്ളടങ്ങിയതാണ് ഇസ്‌ലാം വിശ്വാസവുമായി ഇഴചേർന്നു കിടക്കുന്ന ഈ പദപ്രയോഗങ്ങളെല്ലാം തന്നെ. ഈ പദങ്ങൾക്ക് ഓരോരുത്തരും നൽകുന്ന മാനങ്ങൾ, നിർവ്വചനങ്ങൾ വ്യത്യസ്തമാവാമെങ്കിലും ആ വാക്കുകൾ സമരത്തിൽ കടന്നുവരുന്നത് വിശ്വാസത്തിന്റെ ഒരു വൊക്കാബുലറി ഈ സമരങ്ങളിൽ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ്, അത് സാഹചര്യത്തിന്റെ അനിവാര്യതയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. (മാത്രവുമല്ല ഈ സമരത്തിനിടയിൽ ഇതുവരെ ആരും ഇസ്ലാമിക രാഷ്ട്രമെന്ന അജൻഡ / മുദ്രാവാക്യം ഉയർത്തിയതായി കാണാൻ സാധിക്കുന്നുമില്ല).

Shaheen Bagh, on republic day

ഇന്ത്യയിൽ ഇതിനകം നടന്ന വലിയ CAA / NRC വിരുദ്ധ റാലികളും സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളുമെല്ലാം ഒറ്റത്തവണ കണ്ണോടിച്ചാൽത്തന്നെ മനസ്സിലാക്കാം അതിൽ ഏറ്റവുമധികം ജനപങ്കാളിത്തമുണ്ടായ മിക്ക പരിപാടികളും പ്രധാനമായും മുസ്‌ലിംകൾ തന്നെ സംഘടിച്ചു നടത്തിയ സമരപരിപാടികളാണ്. ഡിസംബർ അവസാനത്തെ ആഴ്ച ഔറംഗാബാദിൽ ഒരു ലക്ഷത്തിലേറെപ്പേർ പങ്കെടുത്ത റാലിയും മുംബൈയിലും ഉത്തർ പ്രദേശിലെ പല സ്ഥലങ്ങളിലും സമരത്തിന്റെ ആദ്യഘട്ടത്തിൽ ഡിസംബർ 20ന് മുമ്പായി നടന്ന റാലികളും ഹൈദരാബാദിൽ ഉവൈസിയുടെ നേതൃത്വത്തിൽ നടന്ന പടുകൂറ്റൻ പൊതുയോഗവും നിരോധനാജ്ഞയെ അവഗണിച്ചുകൊണ്ട് ഡിസംബർ 19ന് കർണ്ണാടകയിലെ ഗുൽബർഗയിൽ നടന്ന പതിനായിരങ്ങൾ പങ്കെടുത്ത റാലിയും കേരളത്തിൽ കോഴിക്കോട്, ഈരാറ്റുപേട്ട, മലപ്പുറം, പെരുമ്പാവൂർ, മഞ്ചേരി  എന്നിങ്ങനെ പലയിടങ്ങളിലായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ നടന്ന റാലികളും സമ്മേളനങ്ങളും കൊച്ചിയിൽ വിവിധ മുസ്‌ലിം സംഘടനകൾ ഒരുമിച്ചു നടത്തിയ രണ്ടുലക്ഷത്തോളം പേരുടെ റാലിയും എല്ലാം അതിൽ പെടും. ഹൈദരാബാദിൽ പിന്നീട് നടന്ന പത്തുലക്ഷം പേരോളം പങ്കെടുത്ത റാലിയിലും നല്ലൊരു പങ്ക് മുസ്‌ലിങ്ങൾ തന്നെയായിരുന്നു. ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധവും ജമാ മസ്ജിദിനെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ടായിരുന്നു, വെള്ളിയാഴ്ചത്തെ ജുമാ പ്രാർത്ഥനയുടെ ഭാഗമായിക്കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഭാഷ പോലും ഇസ്‌ലാമികമായ പദപ്രയോഗങ്ങൾ ധാരാളമായി കടമെടുത്തുകൊണ്ടായിരുന്നു. ജാമിയയ്ക്കടുത്ത് ഷഹീൻ ബാഗിൽ ഇപ്പോഴും തുടരുന്ന അമ്മമാരുടെ / സ്ത്രീകളുടെ സമരം, മാലേഗാവിൽ ആയിരക്കണക്കിന് സ്ത്രീകൾ പർദ്ദയണിഞ്ഞ് നിരത്തുകളിലിറങ്ങിയ സമരം, മെഴുകുതിരികൾ പിടിച്ച് ജാനുവരി 8ന് വൈകുന്നേരം ഓൾഡ് ഡൽഹിയിലെ മുസ്‌ലിം സ്ത്രീകൾ കൂട്ടത്തോടെ ഡൽഹി ജമാ മസ്ജിദിലേക്ക് നടത്തിയ സി എ എ - എൻ ആർ സി വിരുദ്ധ മാർച്ച് എന്നിവയും എടുത്തുപറയേണ്ടതാണ്.

Park Circus, Kolkata

മറ്റുള്ള സമരങ്ങൾ പ്രധാനമല്ല എന്നല്ല ഞാൻ പറയുന്നത്. വിശ്വാസത്തിലൂന്നിയ, വിശ്വാസത്തിന്റെ പുറത്ത് ഒരുമിക്കുന്ന, വിശ്വാസത്തിന്റെ പദാവലിയിലൂന്നിയ, 'ലാ ഇലാഹാ ഇല്ലള്ളാ' എന്ന ബന്ധത്തിലൂന്നിയ, സമരങ്ങളാണ് ഈ സാഹചര്യത്തിൽ ഏറ്റവുമധികം ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത് എന്നാണ്. അത് കർണ്ണാടകയിലായാലും തെലങ്കാനയിലായാലും ഡൽഹിയിലായാലും മഹാരാഷ്ട്രയിലായാലും ഉത്തർ പ്രദേശിലായാലും കേരളത്തിലായാലും അങ്ങനെത്തന്നെയാണ്. ആ ഒരു വിശ്വാസത്തിന്റെ 'ബേസ്' ഇല്ലാതെ ഇത്രയും വലിയ തോതിൽ ഈ പ്രതിഷേധങ്ങൾ സാധ്യമാവുക തന്നെ ചെയ്യുമായിരുന്നില്ല.

വയലൻസ്

ഇതോടൊപ്പം മറ്റൊരു വിഷയം കൂടി പ്രധാനമാണ് എന്നു തോന്നുന്നു -- എന്തായിരുന്നു ഇതുവരെയായി എൻ ആർ സി / സി എ എ വിരുദ്ധ സമരങ്ങളുടെ രീതി എന്നതാണത്. അക്രമം സമരമാർഗ്ഗമായി സ്വീകരിക്കുമ്പോഴാണ് പോലീസ് സമരത്തിനു മേൽ അക്രമം പ്രയോഗിക്കുന്നത് എന്നതാണ് പോലീസ് നടത്തുന്ന വയലൻസിന് ഭരണകൂടം പൊതുവേ നല്കിപ്പോരുന്ന ന്യായീകരണം. എന്നാൽ ഇത് എങ്ങനെയാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത് എന്ന കാര്യം നമ്മൾക്ക് ഏതാണ്ടൊക്കെ അറിവുള്ളതാണ്.


മുസ്‌ലിങ്ങളോ ദലിതരോ നടത്തുന്ന സമരമാണ് എന്നു വരികിൽ അത് ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ 'വയലന്റ്' ആയിരിക്കും എന്നുറപ്പിച്ചാണ് പൊതുവേ പോലീസ് അതിനെ നേരിടാറുള്ളത്, കേരളത്തിലടക്കം അക്കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. (സുപ്രീം കോടതി അടക്കം സമരക്കാർ അക്രമം നടത്തുന്നു എന്ന മുൻവിധിയോടെയാണ് പല പ്രസ്താവനകളും നടത്തിയത് എന്നു കാണാം.) തമിഴ് നാട്ടിൽ പലപ്പോഴായി ദലിത് സമരങ്ങൾക്കു നേരെ നടന്നിട്ടുള്ള പോലീസ് വെടിവെപ്പുകളും കേരളത്തിലെ ബീമാപള്ളി വെടിവെപ്പും 1991ൽ പാലക്കാട് വച്ച് സിറാജുന്നിസ എന്ന 11 വയസ്സുകാരിയെ പോലീസ് വെടിവച്ചു കൊന്നതും എല്ലാം നമുക്കറിവുള്ളതാണ്. ഇക്കഴിഞ്ഞ പതിനേഴാം തിയ്യതിയുടെ ഹർത്താലിന്റെ പേരിൽത്തന്നെ പൊന്നാനിയിൽ പോലീസിനെ ആക്രമിച്ചു എന്നു പറഞ്ഞ് ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു, അവര്‍ക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.

ബംഗാളിലെ മുർഷിദാബാദിൽ ലുങ്കിയും തൊപ്പിയും ധരിച്ച ആറ് പേർ ട്രെയിനിന് കല്ലെറിയുമ്പോൾ പോലീസ് പിടിച്ചു എന്ന് ഡിസംബറിൽ വാർത്ത വന്നിരുന്നു. സ്ഥലത്തെ ഒരു പ്രധാന BJP പ്രവർത്തകനും സംഘവും ഫേക് വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു എന്ന് ബംഗാൾ പോലീസ് കണ്ടെത്തി. ബംഗാളിലായതുകൊണ്ട് ഭാഗ്യവശാൽ അവർ പിടിക്കപ്പെടുകയുണ്ടായി. ബി ജെ പി ഭരണത്തിലുള്ള യു പി യിലും കർണ്ണാടകയിലുമൊക്കെ അവർ ഇത്തരത്തിലുള്ള തന്ത്രങ്ങൾ പുറത്തെടുക്കുന്ന സമയത്ത് പോലീസ് ആരുടെ കൂടെ നിൽക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗുജറാത്തിലും മുസാഫർനഗറിലുമൊക്കെ മുമ്പ് അവർ വിജയകരമായി ചെയ്തിട്ടുള്ളത് പോലെത്തന്നെ.

മംഗലാപുരം

ഡിസംബർ 20 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ശ്രീ. മുഹമ്മദലി ജൗഹർ മംഗലാപുരത്തു നിന്ന് ഇങ്ങനെ എഴുതി :

"മലയാളികളുടെ ശ്രദ്ധ പെട്ടന്ന് മംഗലാപുരത്തേക്ക് തിരിയണം.
1-ഇന്നലെ പോലീസ് രണ്ടു മുസ്ലിം ചെറുപ്പക്കാരെ വെടിവെച്ച് കൊന്നു.
2-മംഗലാപുരം മുൻ മേയർ അഷ്‌റഫ്‌ വെടി ഏറ്റ് ഹോസ്പിറ്റലിൽ ആണ്.
3-ഒരുപാട് പേർക്ക് വെടി ഏറ്റിട്ടുണ്ട്. പോലീസ് ഐസിയുവിൽ കേറി ടിയർ ഗ്യാസ് എറിയുന്ന യുന്ന വീഡിയോ ഫുറ്റേജും, ഹോസ്പിറ്റലിൽ തല്ലുന്നതും ഇന്നലെ കണ്ടിരുന്നു.
4-ഇന്റർനെറ്റ്‌ ബ്ലോക്ക്‌ ചെയ്തത് കൊണ്ട് വാർത്ത വരുന്നില്ല.
5- ഇന്നലെ തന്നെ മുസ്ലിം പത്രമായ വാര്‍ത്താ ഭാരതിയുടെ റിപ്പോർട്ടറെ പോലീസ് ക്രൂരമായി മർദിച്ചിട്ടുണ്ട്.
6- ഇന്ത്യയിലെ ഏറ്റവും വർഗീയവാദികൾ ആയ പോലീസുകാർ മംഗലാപുരത്താണെന് ഗൗരി ലങ്കേഷ് അടക്കം പല ആളുകളും സൂചിപ്പിച്ചതാണ്.
7- 1977 മുതൽ 7 ഓളം മുസ്ലിം കോൺഗ്രസ്‌ നേതാക്കമാരെ വെട്ടി കൊന്ന നാടാണ്.
8- കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായ ബാബരി മസ്ജിദ് പൊളിക്കുന്ന വീഡിയോ ഡെമോ ആക്കി പഠിപ്പിച്ച ആ സ്കൂൾ നിലനിൽക്കുന്നത് മംഗലാപുരം ഭാഗത്താണ്.
9- ഏറ്റവും വർഗീയവാദികൾ ആയ മീഡിയ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കർണാടക ആണ്.
10- സിവിൽ സൊസൈറ്റി വളരെ വീക്ക്‌ ആയ പ്രദേശം ആണ് മംഗലാപുരം. 11- നിരന്തരം കലാപം നടന്നിരുന്ന മംഗലാപുരത്ത് കുറച്ചു വർഷങ്ങളായി സമാധാനം ഉണ്ടായിരുന്നു. മുസ്ലിംകൾ നിരന്തമായി കൊല്ലപ്പെട്ടിരുന്നു. പശുവിന്റെ പേരിലുള്ള അക്രമം വളരെ വർഷങ്ങൾ മുമ്പ് തുടങ്ങിയ നാടാണ്.
12- പ്രതിഷേധം തന്നെ പറ്റില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. (മലയാളികളായ ആയിരങ്ങൾ പഠിക്കുന്ന സ്ഥലം, നൂറുകണക്കിന്ന് കച്ചവടക്കാർ ഉള്ള മംഗലാപുരം കത്താതെ നോക്കണം. മുസ്ലിംകളെ കൂട്ട കൊല ചെയ്യാൻ കാത്തിരിക്കുന്ന പോലീസും, സംഗപരിവാറിനും മൃഗീയ ഭൂരിഭക്ഷം ഉള്ള സ്ഥലമാണ്. യെദിയൂരപ്പ തന്നെ കലാപം നിർത്താൻ ശ്രമിച്ചാൽ മംഗലാപുരത്ത് അത് നിർത്താൻ സാധിക്കുകയില്ല.

മലയാളികളായ ജേണലിസ്റ്റുകൾ പോലീസ് കസ്റ്റഡിയിലാണ്. കർണാടക ചാനലുകൾ മാരക ആയുധമേന്തി വന്ന ഫേക്ക് ജേർണലിസ്റ്റുകൾ എന്ന വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. നാഷണൽ, ഇന്റർനാഷണൽ മീഡിയ പെട്ടന് ഇടപെടുന്ന രീതിയിലേക്കു മാറണം."

ജൗഹർ എന്റെ സുഹൃത്താണ്, കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ അനുയായിയായ അദ്ദേഹം അദ്ദേഹം ഒരു 'ഇസ്‌ലാമിസ്റ്റ്' പോലുമല്ല. എന്നാൽ മുസ്‌ലിം സമരങ്ങളോട് പോലീസും മാധ്യമങ്ങളും എടുക്കുന്ന നിലപാട് എങ്ങനെയുള്ളതാണ് എന്ന് അദ്ദേഹമെഴുതിയ വാക്കുകളിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇത് കൂടാതെ "ഒരുപാട് തവണ വെടിവച്ചിട്ടും ഒരുത്തനും ചത്തില്ലല്ലോ" എന്ന് കന്നടയിൽ പറയുന്ന പോലീസ് ഓഫീസറുടെ വീഡിയോയും പോലീസുകാർ ഒരു മുസ്‌ലിം ചെറുപ്പക്കാരനെ പിടിച്ച് നടുറോട്ടിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്ന വീഡിയോയും ഏതാണ്ട് അതേ ദിവസങ്ങളിൽ ശ്രീ. ജൗഹർ എഫ് ബിയിൽ ഷെയർ ചെയ്തിരുന്നു.

ഉത്തർ പ്രദേശ്


പ്രതിഷേധക്കാരെന്ന പേരില്‍ (മുസ്‌ലിങ്ങളായ) കണ്ണില്‍ കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതിന് പുറമേ മുസ്‌ലിം വീടുകളില്‍ കയറി സാധനങ്ങളെല്ലാം നശിപ്പിക്കുകയും വിവാഹത്തിന് സൂക്ഷിച്ചുവച്ച സ്വർണ്ണമടക്കം വിലപിടിച്ച സാധനങ്ങളും പണവും എടുത്തു കൊണ്ടു പോവുകയും ചെയ്യുന്നുണ്ട് പൊലീസ് എന്ന് യു പിയിൽ നിന്ന് ദി പ്രിന്റ് റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടുകാരെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതായും പള്ളികൾ അടിച്ചു തകർക്കുന്നതായും വീഡിയോ സഹിതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (മലയാളത്തിൽ ഡിസംബർ 26ന് സുപ്രഭാതം ഓൺലൈൻ ഈ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തു.) ആഴ്ചകളോളം ഉത്തർ പ്രദേശിന്റെ മൂന്നിലൊന്ന് ജില്ലകളും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എനിക്കറിയില്ല. അവിടങ്ങളിലെ പോലീസ് വയലൻസിന്റെ കൃത്യമായ വിവരങ്ങളൊന്നും പുറം ലോകത്തേക്ക് എത്തിയിരുന്നില്ല. ഇപ്പോഴും ജനം വലിയ ഭീതിയിലാണ്. പോലീസുകാർ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കുകയും വീടും വീട്ടുസാധനങ്ങളും നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് യു പി യിലെ ബിജ്‌നോറിൽ നിന്ന് മുസ്‌ലിം ജനത കൂട്ടത്തോടെ പലായനം ചെയ്യുകയാണ് എന്ന് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു. യു പി യിൽ നടക്കുന്നത് മുസ്‌ലിംകളുടെ കൂട്ടക്കൊലയാണ് എന്ന് പത്രപ്രവർത്തക റാണാ അയ്യൂബ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. മരിച്ചവരുടെയെല്ലാം പേരുകളും അവർ തന്റെ പോസ്റ്റിൽ പങ്കുവച്ചിരുന്നു.

കുറ്റം സമരക്കാർക്ക്?

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നിരിക്കിലും മംഗലാപുരത്തും ലഖ്‌നൗവിലും പോലീസ് വെടിവെപ്പ് നടന്നതായും മൂന്നുപേർ കൊല്ലപ്പെട്ടതായും വാർത്ത വന്നപ്പോൾ മുസ്‌ലിം പേരുള്ള ഒരാൾ എഫ് ബിയിൽ പ്രതികരിച്ചത് 'ഷായുടെ ആഗ്രഹം പോലെതന്നെയാണ്‌ കാര്യങ്ങൾ പോകുന്നത്‌' എന്നാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്, ബി ജെ പി പ്രസിഡന്റും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന ഒരാളുടെ ആഗ്രഹപ്രകാരം എന്തും നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഇങ്ങനെയൊക്കെ നടന്നത് എന്നിരിക്കിലും ഇത് സമരക്കാരുടെ 'രീതികൾ' ശരിയല്ലാത്തതുകൊണ്ടാണ് എന്ന ഒരു വിചാരം / പൊതുബോധം മുസ്‌ലിങ്ങളടക്കം പങ്കുവയ്ക്കുന്നുണ്ട് എന്നുവേണം മനസ്സിലാക്കാൻ.

ഈ രണ്ടു സംസ്ഥാനങ്ങൾക്ക് പുറത്ത് എവിടെയും സമരങ്ങൾ അക്രമാസക്തമായതായോ പോലീസ് വലിയ തോതിലുള്ള വയലൻസ് / വെടിവെപ്പ് നടത്തിയതായോ ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല എന്നോർക്കണം. ഡൽഹി പോലീസ് ജാമിയയിലെയും അതിനുശേഷം ജെ എൻ യു വിലെയും വിദ്യാർത്ഥികൾക്ക് നേരെ കാണിച്ച വയലൻസാണ് പിന്നെ അതിനോട് ഏറ്റവും അടുത്തു നിന്നത്. ഡൽഹിയിലെ പോലീസാവട്ടെ നേരിട്ട് കേന്ദ്രസർക്കാരിന്റെ അധികാരത്തിനുള്ളിൽ വരുന്നതാണ്. മറ്റു സ്ഥലങ്ങളിൽ ഉണ്ടാകുന്ന ചെറിയ അക്രമങ്ങളെ പെരുപ്പിച്ചു കാണിക്കാൻ മാധ്യമങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിൽക്കൂടിയും ഇവിടങ്ങളിലെപ്പോലെ ഭീകരാന്തരീക്ഷം വേറെ എവിടെയും ഉണ്ടായില്ല. "ബീഹാറിലെങ്ങോ പ്രകടനക്കാർ ഒരു ഓട്ടോറിക്ഷക്ക് അടിക്കുന്ന വീഡിയോ ഏഷ്യാനെറ്റിന്റെ കയ്യിലുണ്ട്... അത് അവർ എല്ലാ ദിവസവും പ്രക്ഷേപിക്കും" എന്ന് ശ്രീ. അമീർ മലയാളി ഒരു പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ ഡിസംബർ 17ന് നടന്ന ഹർത്താൽ കേരളത്തിൽ ഇതുവരെ നടന്നിട്ടുള്ള ഹർത്താലുകളിൽ വച്ച് ഏറ്റവുമധികം സമാധാനപരമായ ഒന്നായിരുന്നെങ്കിലും ആ ഹർത്താലിൽ താമരശ്ശേരിയിൽ ഹർത്താൽ അനുകൂലികൾ ഒരു ബസ്സിന് കല്ലെറിഞ്ഞു എന്നത് കേരളകൗമുദി അടക്കമുള്ള പത്രങ്ങളുടെ പോർട്ടലുകൾ വലിയ വാർത്തയാക്കിയിരുന്നു.

പൊലീസിന് പൂ കൊടുക്കുന്നവർ, അക്രമമില്ലായ്മ എന്ന നയം

'ദില്ലി പോലീസ് ഞങ്ങളുടെ കൂടെ വരൂ, ഞങ്ങളോട് സംസാരിക്കൂ' എന്നു പറഞ്ഞുകൊണ്ട് ഡൽഹിയിലെ സമരക്കാരിൽ ചിലർ ഡൽഹി പൊലീസിന് പനിനീർ പൂക്കൾ കൊടുക്കുന്ന വീഡിയോ ഇതിനിടെ വൈറലായിരുന്നു. ആ രീതിയിലുള്ള 'പൂ കൊടുക്കൽ' ഒരു പ്രിവിലേജാണ്, എന്നാലും അതിന് പറ്റുന്നവരൊക്കെ അത് ചെയ്യുക തന്നെ വേണമെന്നാണ് ഞാൻ കരുതുന്നത്. ശ്രീ. കുര്യാക്കോസ് മാത്യു ഒരു പോസ്റ്റിൽ ചൂണ്ടിക്കാണിച്ചത് പോലെ, പൊലീസിലെ അടക്കം ഒരു വിഭാഗത്തെ കൂടെ നിർത്തിക്കൊണ്ട് വേണ്ടിവരും ഏതൊരു പ്രധാനപ്പെട്ട സമരങ്ങൾക്കും എന്ന പോലെ ഈ സമരത്തിനും മുന്നോട്ടു പോവാൻ. എന്നാൽ അത് എല്ലാവർക്കും പറ്റുകയുമില്ല. മുൻവിധികളോടെ മുസ്‌ലിം സമരങ്ങളെ / പ്രതിഷേധങ്ങളെ അക്രമമെന്നും കലാപമെന്നും മുദ്ര കുത്തി അടിച്ചമർത്താൻ വരുന്ന സമയങ്ങളിൽ പൂ കൊടുക്കൽ പ്രയോഗികമാവില്ല എന്നത് സത്യമാണ്. എങ്കിലും അക്രമമില്ലാത്ത സമരമെന്നതായിരിക്കണം ഈ പ്രതിഷേധങ്ങളുടെ നയം എന്ന് ശ്രീ. ഉവൈസി അടക്കമുള്ള നേതാക്കന്മാർ പറഞ്ഞിട്ടുള്ളത് ഈ അവസരത്തിൽ പ്രസക്തമാണ്. കാൻഡിൽ ലൈറ്റ് മാർച്ച് നടത്തിയതിന് അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ 1200 വിദ്യാർത്ഥികൾക്കെതിരെ യു പി പോലീസ് എഫ് ഐ ആർ ഫയൽ ചെയ്തു എന്ന വാർത്ത വന്നിരുന്നു ടൈംസ് നൗ ന്യൂസിൽ. അതൊക്കെ നടക്കുമ്പോഴും, അക്രമങ്ങൾ നടത്താതെ തന്നെ അക്രമികളെന്ന് മുദ്ര കുത്തപ്പെടാമെന്നിരിക്കിലും, ഒരു നയമെന്ന നിലയിൽ അക്രമത്തെ സ്വീകരിക്കാതിരിക്കുക എന്നത് ഇവിടെ പ്രധാനമാണ്. 'വ്യവസ്ഥിതിയെ തകർക്കാൻ വേണ്ടിയുള്ള യുദ്ധത്തിൽ വേണ്ടിവന്നാൽ ഞങ്ങൾ കൊല്ലും' എന്നൊക്കെ വാചകമടിച്ച് കയ്യടി വാങ്ങാനുള്ള സമയമല്ല ഇത് എന്ന തിരിച്ചറിവ് നേതാക്കൾക്കുണ്ട് എന്നാണ് എനിക്ക് മനസ്സിലാവുന്നത്.

ഐക്യപ്പെടലുകളിലെ മുസ്‌ലിം പേടി

മുസ്‌ലിങ്ങളല്ലാത്ത ധാരാളം പേരുടെ പങ്കാളിത്തത്തോട് കൂടെ കേരളത്തിൽ പല പ്രതിഷേധ പരിപാടികളും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടക്കുകയുണ്ടായി. അതിൽ എറണാകുളത്തുവച്ചു നടന്ന പീപ്പിൾസ് ലോങ്ങ് മാർച്ചും കോഴിക്കോട് കലാകാരന്മാരുടെ നേതൃത്വത്തിൽ നടന്ന 'ആർട് അറ്റാക്കും' റിപ്പബ്ലിക് ദിനത്തിൽ സി പി എം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയും എടുത്തുപറയേണ്ടതാണ്. എന്നാൽ ചിലപ്പോൾ അത്തരം ഐക്യദാർഢ്യ പരിപാടികൾക്കിടയിൽപ്പോലും ചില മുൻവിധികൾ കയറിവരുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ.

"പ്രധാനമായും ഹിന്ദുത്വ ഫാസിസ്റ്റുകൾ ആഗ്രഹിക്കുന്നത് ഇസ്ലാമിസ്റ്റുകളായിട്ടുള്ള മുസ്‌ലിംകളുടെ മുൻകൈയിൽ ഇവിടെ കലാപം നടക്കണമെന്നാണ്.. പക്ഷെ ഇസ്ലാമേതരരായിട്ടുള്ള ആളുകളുടെ നേതൃത്വത്തില്‍ വലിയ സമരം നടക്കണം എന്ന് ഞാന്‍ കരുതുന്നു.." എന്നാണ് ഡോ. രേഖാ രാജ് പീപ്പിൾസ് ലോങ്ങ് മാർച്ചിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. 

 
മുസ്‌ലിംകളുടെ മുൻകൈയിൽ നടക്കുന്ന പ്രതിഷേധങ്ങളെയെല്ലാം 'കലാപം' ആയി കാണുന്ന, ഇസ്ലാമേതരരായിട്ടുള്ള ആളുകളുടെ നേതൃത്വത്തിൽ നടക്കുന്നതിനെ മാത്രം 'സമരം' ആയി കണക്കാക്കുന്ന ഒരു ഭരണകൂട യുക്തി ആ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ദലിത് ആക്റ്റിവിസ്റ്റ് കൂടിയായ ഡോ. രെജി ദേവ് എഫ് ബിയിൽ ഇങ്ങനെ എഴുതി :

"ഉത്തർപ്രദേശിൽ കലാപം നടത്തുന്നത് മുസ്ലിങ്ങളല്ല, മോദിയുടെയും, യോഗിയുടെയും സംഘ് പരിവാർ പോലീസാണ്. ഉത്തർ പ്രദേശിൽ മാത്രമല്ല ഇന്ത്യ മുഴുവൻ. അതും ഈ സമയത്ത് ഓർമ്മിക്കേണ്ടതാണ്. അതുകൊണ്ട് മുസ്ലിങ്ങളും, ഇസ്ലാമിസ്റ്റുകളും കലാപം നടത്തുന്നവരാണ് എന്ന ഭീതി ഒരു ദലിത് സ്ത്രീ പറഞ്ഞാലും അതു തെറ്റു തന്നെയാണ്. അലനെയും താഹയെയും അറസ്റ്റ് ചെയ്യാനും സക്കരിയയെയും മദനി സാഹിബിനെയും ഹാദിയെയുമൊക്കെ കഷ്ടപെടുത്താനും കഴിയുന്നതിനു പിന്നിൽ ആ ഭീതി തന്നെയാണ്. കലാപം നടത്താൻ സാധ്യതയുള്ള ഇസ്ലാമിസ്റ്റുകളെ പറ്റി പറയുമ്പോൾ സാധുത നൽകുന്നത് സംഘ് പരിവാറിന്റെ വാദങ്ങൾക്കാണ്. കേരളം, ഉത്തർപ്രദേശ്, തേലെങ്കാനാ, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജയിലിൽ കിടക്കുന്ന മുസ്ലിങ്ങളിൽ എത്രപേർ കലാപം നടത്തിയിട്ട് ജയിലിൽ പോയവരാണ്? ഇതേ വാദമുഖങ്ങൾ തന്നെയല്ലേ ദലിതരും, ആദിവാസികളും ഈ രാജ്യത്ത് നേരിടേണ്ടി വരുന്നത്. ഉദാഹരണം ഡി എച് ആർ എം, ദലിത് പാന്തേഴ്സ് പോലുള്ള സംഘടനകൾ. അപ്പോൾ അതും സാധൂകരിക്കാനാകുമോ?"

 Burning 'detention camps' : From Art Attack, Kozhikode, organized by artists and filmmakers

കോഴിക്കോട് വച്ചു നടന്ന 'ആർട് അറ്റാക്ക്' റാലിയിലും അതിനുശേഷം ബീച്ചിൽ വച്ചു നടന്ന കലാപരിപാടികളിലും  വലിയ തോതിൽ മുസ്‌ലിം സമുദായത്തിനു പുറത്തുള്ളവരുടെ പങ്കാളിത്തമുണ്ടായിട്ടും മുസ്‌ലിം സമരങ്ങളോടോ സമരങ്ങളിലെ മുസ്‌ലിം ഭാഷയോടോ ഒന്നും അകൽച്ചയോ പേടിയോ കാണിച്ചില്ല അത് എന്നത് ശ്രദ്ധേയമാണ്. ജാമിയയിൽ നിന്നുള്ള സമര നേതാക്കളെന്ന നിലയിൽ ലദീദയും ആയിഷാ റെന്നയും ആ സമരത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.

മനുഷ്യ മഹാ ശൃംഖലയുടെ കാര്യത്തിലാകട്ടെ, ആ പരിപാടിയുടെ നോട്ടീസുകളുടെയും മൈക്ക് അനൗൺസ്മെന്റുകളുടെയും അതിന്റെ പ്രചാരണ പ്രസംഗങ്ങളുടെയും വലിയൊരു ഭാഗം സി എ എ യെയും എൻ ആര്‍ സി യെയും എതിര്‍ക്കുന്ന പോലെത്തന്നെ 'മതരാഷ്ട്രവാദം ഉന്നയിക്കുന്ന' ജമാ അത്തെ ഇസ്ലാമിയെയും എസ് ഡി പി ഐ യെയും എന്തുകൊണ്ട് മാറ്റിനിര്‍ത്തണമെന്ന വിശദീകരണങ്ങളായിരുന്നു. മുസ്‌ലിം ജനത ഇടതുപക്ഷത്തിന്റെ സംരക്ഷണത്തിലല്ലാതെ സംഘടിക്കുന്നതോ സമരം ചെയ്യുന്നതോ സഹിക്കാത്തതു കൊണ്ടായിരിക്കാം അത്.

 
അത്തരം പേടികളില്ലാതെ ഈ സമരത്തിൽ മുസ്‌ലിം സമുദായത്തിന്റെ കൂടെ നിൽക്കേണ്ടതിന്റെ ആവശ്യം കൃത്യമായി തിരിച്ചറിയുന്ന ആളായതുകൊണ്ടാണ് സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഐ എ എസിൽ നിന്ന് രാജിവച്ച ശ്രീ. കണ്ണൻ ഗോപിനാഥൻ ഒരു ട്വീറ്റിൽ ഇങ്ങനെ പറഞ്ഞത് : "അതേ.. ഈ പ്രക്ഷോഭം തൊപ്പികളുടെയും ബുർഖകളുടെയും തന്നെയാണ്.. ചോദ്യം ഇതൊന്നുമില്ലാതെ ആ കൂട്ടത്തിൽ നിങ്ങൾക്ക് നിൽക്കുവാൻ കഴിയുമോ എന്നതാണ്.. ഈ പരീക്ഷണം വലതുപക്ഷത്തിനുള്ളതല്ല.. ഇടതിനും ലിബറൽസിനും ഉള്ളതാണ്" എന്ന് (കണ്ണൻ ഗോപിനാഥന്റെ ട്വീറ്റ്, 2019 ഡിസംബർ 14).

അടിക്കുറിപ്പ്


~കർഫ്യൂ, സെക്ഷൻ 144 , ബാരിക്കേഡ്‌, ലാത്തിയടി, വെടിവെപ്പ്, വീടുകളിൽ കേറി പോലീസ് അക്രമം, ഇന്റർനെറ്റ് നിരോധനം, എന്നിവ ഇന്ത്യയെങ്ങും സർവ്വസാധാരണമായപ്പോൾ, ഇതെല്ലാം വർഷങ്ങളായി അനുഭവിക്കുന്ന ഒരു കശ്മീർ യുവാവ് പറഞ്ഞത് : 'അങ്ങനെ ഇന്ത്യ കശ്മീരിന്റെ അവിഭാജ്യഘടകമായിരിക്കുന്നു.'~  (രവി ശങ്കർ എൻ, കവി)

അഭിപ്രായങ്ങള്‍

shamsuvarayal പറഞ്ഞു…
നന്നായിട്ടുണ്ട്!
LABEEBA M പറഞ്ഞു…
Great .. 👌

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ ഒറിജിനല്‍ കഥ

ലൌ ജിഹാദിനും കഷണ്ടിക്കും..